Wednesday, May 23, 2007

ചായക്കോപ്പയിലേ ഒരു കൊച്ചു കൊടും കാറ്റ്

"ജോസേ പോയി കുറച്ച് വെള്ളം കോരിക്കൊണ്ട് വാ” എന്നു സലീം പറഞ്ഞിടത്താണു തുടക്കം.
സലീമും ജോസുചേട്ടനും തമ്മില്‍ തെറ്റി.
സലീം എന്റെ ഓഫീസിലെ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടറാണു,
ജോസുചേട്ടന്‍ പാര്‍ട്ട് ടെം സ്വീപ്പറും.ജോസുചേട്ടനു വയസ് 64.

സാമാന്യം നല്ല ഭൂസ്വത്ത് ഉണ്ട്. പക്ഷേ ആയകാലത്ത് മദ്യപിച്ച് സ്വത്ത് ഒരുപാട് അന്യാധീനപ്പെടുത്തിയതുമൂലം ബന്ധുക്കള്‍ ബാക്കിസ്വത്ത് മകന്റെ പേരിലേക്കുമാറ്റി.
മകന്‍ അപ്പനെ നന്നായി നോക്കുന്നുണ്ടെങ്കിലും
വീടിന്റെ ഒരു മൂലയില്‍ വെന്തതിന്റെ ഒരു അംശം കഴിച്ചു ചുരുണ്ടുകൂടാനുള്ള അവകാശം മാത്രമേ തനിക്ക് ഉള്ളൂ എന്നു കരുതിയാണു ജീവിതം.

മുകളിലേക്കു പിരിച്ചുവച്ച നരച്ച മീശയും,മദ്യപാനികളുടെ മുഖമുദ്രയായ ആരേയും മയക്കുന്ന ആചിരിയും ഓഫീസില്‍ വരുമ്പോള്‍മാത്രമേയുള്ളൂ.ജോസിനെ ജോസുചേട്ടന്‍ എന്നാണു ഞാന്‍ അടക്കമുള്ളവര്‍ വിളിച്ചിരുന്നത്. വിളിക്കുക മാത്രമല്ലാ ആ സ്ഥാനവും ഞങ്ങള്‍ കൊടുത്തിരുന്നു.
അതാണു മനപ്പൂര്‍വ്വം സലീം തെറ്റിച്ചത്.അത് ജോസുചേട്ടനിഷ്ടപ്പെട്ടില്ല.
മറുപടിയൊന്നും പറയാതെജോസുചേട്ടന്‍ മനോരമ ആഴ്ചപ്പതിപ്പിലേക്ക് മുഖം താഴ്ത്തി.
സലീമിനിതൊട്ടും ഇഷ്ടപ്പെട്ടില്ല.പക്ഷേ ഒന്നും പറഞ്ഞില്ല. അല്‍പസമയം കഴിഞ്ഞു.
ഒരു പശുവിനെ ബീജസങ്കലനത്തിനായി കൊണ്ടുവന്നു.അവര്‍ പോയിക്കഴിഞ്ഞ് സലീം എന്റെ അടുത്തെത്തി. “സാര്‍ വെള്ളം തീര്‍ന്നു. ആ സ്വീപ്പറോട് കുറച്ചു വെള്ളം കൊണ്ടുവരാന്‍ പറയണം.
ഞാന്‍ ജോസുചേട്ടനെ വിളിച്ചു ജോസുചേട്ടന്‍ കോപം കൊണ്ട് വിറക്കുന്നു
“സാര്‍ ഞാന്‍ നാലുദിവസത്തേക്കുള്ള വെള്ളം കോരിയിരുന്നതാണു.അത് മൊത്തം മറിച്ചുകളഞ്ഞു.
ഇനി ഇന്ന് എനിക്ക് വെള്ളം കോരാന്‍ പറ്റില്ല.
സലീമിനതിനു മറുപടിയുണ്ട് .”എനിക്ക് കൈകഴുകുവാന്‍ ഇത്രയും വെള്ളം വേണം.
അതിന്റെ അളവ് സ്വീപ്പറല്ലാ തീരുമാനിക്കേണ്ടത്”
ഞാന്‍ മനസ്സില്‍ ഒന്നു ചിരിച്ചു.ഇവര്‍ കൊച്ചുകുട്ടികളേപ്പോലെ വഴക്കിടുകയാണു .
എന്നിട്ട് തീര്‍പ്പ് പറഞ്ഞു.
“ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ക്ക് കൈകഴുകാന്‍ ആവശ്യമുള്ള വെള്ളത്തിന്റെ അളവ് അയാള്‍ തീരുമാനിക്കുന്നതാണു. സ്വീപ്പറുടെ ജോലി ആവശ്യത്തിനുവേണ്ട വെള്ളം കൊണ്ടുവരികയുമാണു. അതുകൊണ്ട് വെള്ളം തീരുമ്പോഴൊക്കെ ജോസുചേട്ടന്‍ കൊണ്ടുവരണം”

ജോസുചേട്ടന്‍ സലീമിനെ ഒന്നു രൂക്ഷമായി നോക്കിയിട്ട് ബക്കറ്റുമായി പോയി.
പിറ്റേന്നു രാവിലേയും ഈ രംഗം ആവര്‍ത്തിച്ചു.
നാലു ബക്കറ്റ് വെള്ളംകൊണ്ട് സലീം കൈകഴുകി.

ജോസുചേട്ടന്‍ വീണ്ടും വെള്ളത്തിനായി പോകുന്നതിനുമുന്‍പ് എന്റെ അടുത്തേക്കു വന്നു.
ആ കണ്ണുകള്‍ നിറഞ്ഞിരുന്നു,നരച്ചകൊമ്പന്‍ മീശ ചെറുതായി വിറക്കുന്നുമുണ്ട്.
നന്നായി കിതക്കുന്നുമുണ്ട് ശാന്തമെങ്കിലും ഉറച്ച ശബ്ദത്തില്‍ എന്നോടു പറഞ്ഞു.
“സാറേ അവന്റെ അപ്പന്റെ പ്രായമുള്ളവനാ ഞാന്‍.
എനിക്ക് ഒരുപാടു ഭാരം എടുക്കാന്‍ പറ്റുകേലാഎന്നറിഞ്ഞുകൊണ്ടാണീ
നാലു ബക്കറ്റ് വെള്ളത്തിലേ കൈകഴുക്ക്. ആയിക്കോട്ടേ!
അധികം കാലം ഒന്നും ഈ കളി കളിക്കാന്‍
ദൈവം തമ്പുരാന്‍ അവനിടകൊടുക്കുകേലാ, ഇതു ഞാനാ പറയുന്നത്”
ജോസുചേട്ടന്‍ ആടി ആടി ബക്കറ്റുമായി പോകുന്നതു കണ്ടപ്പോള്‍ എനിക്ക് സഹതാപം തോന്നി.

സലീം ഇതെല്ലാം കേട്ട് ഒരു പുഛചിരി ചിരിച്ചു.
ഞാന്‍ സലീമിന്റെ തോളില്‍ കൈവെച്ചിട്ടു പറഞ്ഞു

“സലീമേ ഒന്നു കൈ കഴുകാന്‍ നാലുബക്കറ്റ് വെള്ളം അല്ലേ?
കൊള്ളാം നിയമപരമായി സലീം പറയുന്നതെല്ലാം ശരിയാണു.
പക്ഷേ ഒരാള്‍ ഇതെല്ലാം കാണുന്നുണ്ടെന്നുള്ളത് മറക്കാതിരുന്നാല്‍ കൊള്ളാം.
നമ്മള്‍ അന്യരോടുകാണിക്കാത്ത ദയ ദൈവം നമക്കു തരും എന്നു കരുതരുത്.
ഇനി എല്ലാം സലീമിന്റെ ഇഷ്ടം”
ആ പ്രശ്നം അവിടെ തീര്‍ന്നു. ചായക്കോപ്പയിലേ കൊടുംകാറ്റ് ശാന്തമായി.

സലീം ഒരുകപ്പു വെള്ളത്തില്‍ കൈകഴുകാന്‍ തുടങ്ങി.ജോസുചേട്ടന്‍ ഒരാഴ്ചയോളം നിശബ്ദനായിരുന്നു. പിന്നെ എല്ലാം സാധാരണപോലെയായി.
മൂന്നു വര്‍ഷം കഴിഞ്ഞ് ഒരു ഹാര്‍ട്ട് അറ്റാക്കില്‍ നാല്‍പ്പത്തിആറുകാരനായ സലീം മരിച്ചു. ശവസംസ്ക്കാരസ്ഥലത്ത് ഒരു മൂലയില്‍ നിശബ്ദനായി നിന്നിരുന്ന എന്റെ കൈയില്‍ ആരോ പിടിച്ചു.
ഞാന്‍ തലയുയര്‍ത്തി, ജോസുചേട്ടന്‍.
ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.നരച്ചകൊമ്പന്‍ മീശ ചെറുതായി വിറക്കുന്നുമുണ്ട്. നന്നായി കിതക്കുന്നുമുണ്ട്. “സാര്‍ അന്നു ഞാന്‍ ഒന്നുമോര്‍ത്തല്ലാ അങ്ങിനെ.....” എനിക്ക് സഹതാപം തോന്നി.
“ എനിക്കറിയാം ജോസുചേട്ടാ. പിന്നെ ഇതെല്ലാം ദൈവം തീരുമാനിക്കുന്നതല്ലേ?
നമ്മള്‍ എന്നാ പറഞ്ഞാലും പറഞ്ഞില്ലേലും വരാനുള്ളതു വരും.വിഷമിക്കാതെ”

ജോസുചേട്ടനു അല്‍പം സമാധാനമായി എന്നെനിക്ക് തോന്നി.
എങ്കിലും ആ കണ്ണുകളിലേക്കു നോക്കുവാന്‍ എനിക്കു ധൈര്യം വന്നില്ല.

5 comments:

വക്കാരിമഷ്‌ടാ said...

ചില സമയത്ത് വാശി കയറിയാല്‍ പിന്നെ എന്തൊക്കെയാണ് ചെയ്യുന്നതെന്നറിയാനേ പറ്റില്ല. കുറച്ചുനാളുകള്‍ക്ക് ശേഷം പിന്തിരിഞ്ഞു നോക്കുമ്പോഴായിരിക്കും എത്ര മോശമായാണ് നമ്മള്‍ അന്ന് പെരുമാറിയതെന്നൊക്കെ ഓര്‍ക്കുന്നത്. അന്നേരമെങ്കിലും ചെയ്ത തെറ്റിന് മാപ്പ് ചോദിക്കാന്‍ ദുരഭിമാനം ഒട്ടനുവദിക്കുകയുമില്ല.

സലീമും പാവമായിരുന്നിരിക്കണം. പക്ഷേ ആ നേരത്ത് വാശി സലീമിനെ കീഴടക്കി.

വക്കാരിമഷ്‌ടാ said...

കമന്റുകള്‍ പിന്‍‌മൊഴിയിലേക്ക് പോകാനുള്ള സെറ്റിംഗ്സ് ചെയ്തിട്ടുണ്ടോ-താത്‌പര്യമുണ്ടെങ്കില്‍?

SAJAN | സാജന്‍ said...

വായിച്ചു മാഷേ.. സങ്കടം വന്നു, എന്താ എഴുതേണ്ടതെന്ന് എനിക്കറിയില്ലാ:(

സുനീഷ് തോമസ് / SUNISH THOMAS said...

കൊള്ളാം.

മണകുണാഞ്ഞന്‍ said...

വളരെ നന്നായിരിക്കുന്നു..