Friday, May 8, 2009

മണവാളക്കുറിച്ചിയില്‍ ഷീബാക്കായി ഒരു രാത്രി ഭാഗം 9

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
9 ദിവസം തുടര്‍ച്ചയായി
ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം
9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്.
പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും,
ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത്
എങ്കിലും ഭാവനക്കതീതമായി ഇതില്‍സത്യമായും
ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്।

പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും,
സത്യവും അസത്യവുംഎനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക)

ഭാഗം :9

പുലിവേലില്‍ അച്ചന്‍ രാത്രിയില്‍ ഞങ്ങള്‍ താമസിക്കുന്നിടത്തു വന്നു
ഇതുവരെ സംഭവിച്ചകാര്യങ്ങളെല്ലാം മനോഹരന്‍ ചേട്ടന്‍ വിശദീകരിച്ചു
“നിങ്ങള്‍ പറയുന്നത് കേട്ടിട്ടുതന്നേ। വല്ലാത്ത വിഷമം,എന്നാലും
ആരാണീ പി ടി എന്നകാര്യം എനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ।”
അച്ചന്‍ പറഞ്ഞു
“അത് ആരും ആകട്ടേ,” മനോഹരന്‍ ചേട്ടന്‍ തുടര്‍ന്നു
“അയാളുടെ ഉദ്ദേശം എന്ത് ?
അതില്‍ ഷീബായ്ക്ക് ദോഷകരമായി എന്തെങ്കിലും ഉണ്ടോ?”
അതിലാണു നമുക്ക് താല്‍പര്യം,
അതിനു അടുത്ത വെള്ളിയാഴ്ച്ച വരെ കാത്തിരിക്കണം .”
“അതിനെന്താ, ഇവിടെ നിങ്ങള്‍ക്ക് എത്ര ദിവസം വേണമെങ്കിലും താമസിക്കാം, ഭക്ഷണകാര്യങ്ങളില്‍ എന്തെങ്കിലും നിര്‍ബ്ബന്ധങ്ങള്‍ ഉണ്ടെകില്‍
അത് പീറ്റര്‍വരുമ്പോള്‍ പറഞ്ഞുവിട്ടാല്‍ മതി.”
അച്ചന്‍ തിരികെ പോകാന്‍ എഴുന്നേറ്റു
അച്ചന്റെ കുശിനിക്കാരനാണ് കോതമംഗലംകാരന്‍ പീറ്റര്‍

രാത്രി ഞാന്‍ കുറച്ചുസമയം ടി വി കണ്ടിരുന്നു
രാവിലെ ഉണര്‍ന്നപ്പോള്‍ ഏഴുമണിയായി
വിഷ്ണു നല്ല ഉറക്കമാണ്,
മനോഹരന്‍ ചേട്ടനെ മുറിയില്‍ കണ്ടുമില്ല
എട്ടുമണിക്ക് പീറ്റര്‍ കാപ്പിയും പലഹാരങ്ങളുമായി വന്നപ്പോഴും
മനോഹരന്‍ ചേട്ടനെ കണ്ടില്ല
പതിനൊന്നുമണിയായപ്പോള്‍ ചേട്ടന്‍ വന്നു
“ഞാന്‍ മണവാളക്കുറിച്ചിയില്‍ ആകെ ഒന്നു കറങ്ങി,
ഷീബായുടെ സ്ഥലത്തിന്റെ കിഴക്കു ഭാഗത്ത് ഒരു മാവിന്‍ തോട്ടമുണ്ട്
മധുരക്കാരന്‍ ഒരു ദൊരൈ സാമിയുടേത്
ആ തോട്ടത്തില്‍ കൂടി വന്നാല്‍ ആ തോടിന്റെ സൈഡില്‍ വരാം
അവിടെ അല്‍പം ബുദ്ധിമുട്ടിയാല്‍ മാവില്‍കൂടി കയറി
ഇവരുടെ ചുറ്റുമതിലില്‍ കയറാം
അങ്ങിനെ ഷീബായുടെ വീട്ടിലെ പാലമരത്തിന്റെ അടുത്തേക്ക്
ആരുടേയും ശ്രദ്ധയില്‍ പെടാതെ വരാം.”

“ചുരുക്കത്തില്‍ വഴിക്ളിയര്‍, ഇനി വെള്ളിയാഴ്ച്ച യാകുകയേ വേണ്ടൂ അല്ലേ?” എനിക്കും തൃപ്തിയായി
ആദിവസങ്ങളില്‍ ഒന്നും ഞാന്‍ മുറിവിട്ട് പുറത്തേക്ക് പോയില്ല
എന്നേ കണ്ടാല്‍ സൂസമ്മ തിരിച്ചറിയും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു

വെള്ളിയാഴ്ച്ച വൈകിട്ട് പുലിവേലില്‍ അച്ചന്‍ വന്നു
ഒരു കുരിശുരൂപവും അച്ചന്‍ കൊണ്ടുവന്നിരുന്നു
“ഇന്നു രാത്രി നിങ്ങള്‍പോകുമ്പോള്‍ ഇതുകൂടി കൈയ്യില്‍ ഇരിക്കട്ടേ,
ഞാന്‍ നിങ്ങള്‍ തിരിച്ചുവരും വരെ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നുണ്ടാവും, കര്‍ത്താവുനിങ്ങളേ അനുഗ്രഹിക്കട്ടേ!”
ഈനല്ലമനുഷ്യനേയാണല്ലോ ഞങ്ങള്‍ നേരത്തെ തെറ്റിധരിച്ചതെന്നോര്‍ത്തപ്പോള്‍ ഞങ്ങള്‍ക്കെല്ലാം വിഷമം തോന്നി

കഴിഞ്ഞകുറച്ചുദിവസത്തേ നിരീക്ഷണത്തില്‍കൂടി ജോണി വരികയും പോകുകയും ചെയ്യുന്ന സമയം മനോഹരന്‍ ചേട്ടന്‍ കൃത്യമായി മനസിലാക്കിയിരുന്നു। ഏഴുമണിയായപ്പോള്‍ ഞങ്ങള്‍ ഭക്ഷണം കഴിച്ച് തയ്യാറായി
“ഒരു കേരളാ വണ്ടി രാത്രി വഴിയില്‍ പാര്‍ക്കുചെയ്താല്‍
ആരെങ്കിലും ശ്രദ്ധിച്ചാലോ ഒരു ചെറിയ മുന്‍കരുതല്‍ ഇരിക്കട്ടേ.”
മനോഹരന്‍ ചേട്ടന്‍ ഞങ്ങളുടെ വാനിന്റെ നമ്പര്‍ പ്ലേറ്റ് അഴിച്ചു മാറ്റി
പകരം ടി എന്‍ 72 6234 എന്ന നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ചു

“ചേട്ടാ, നമ്മളുടെ ഫൈനല്‍ പ്ലാന്‍ എങ്ങിനെ?”
ഞാന്‍ ചോദിച്ചു
“നമ്മള്‍ വണ്ടി ഈ മാവിന്‍ തോപ്പിലെ ദൊരൈസാമിയുടെ തോട്ടം കാവല്‍ക്കാരന്റെ ക്വാര്‍ട്ടേഴ്സിനടുത്തായി പാര്‍ക്കുചെയ്യുന്നു।
ഇത് വിളവെടുപ്പുകാലമല്ലാത്തതുകൊണ്ട് എല്ലാ വെള്ളിയാഴ്ച്ചയും
കാവല്‍ക്കാരന്‍ അയാളുടെ വീട്ടില്‍ പോകും
പോയാല്‍ പിന്നെ തിങ്കളാഴ്ച്ചയേ തിരിച്ചുവരൂ
ഞാന്‍ കഴിഞ്ഞദിവസം പറഞ്ഞ ആ മാവിലൂടെ കയറി
ഷീബായുടെ വീട്ടിനടുത്ത് പാലമരവും അടുക്കളയും കാണാവുന്ന വിധത്തില്‍ ഒളിച്ചിരിക്കും
ഉദ്ദേശം എട്ടുമണിക്ക് ജോണിയുടെ കാര്‍ വരും
ജോണിയുടെ മുറിയില്‍ ലൈറ്റ് അണച്ചാല്‍
ഞാന്‍ മൊബൈലില്‍ വിളിച്ച് അറിയിക്കാം
നിങ്ങള്‍ വാനില്‍ നിന്നും പുറത്തിറങ്ങാതെ കാത്തിരിക്കണം
ഈ പി.ടി। എന്നും ആറ്റിലൂടെ ത്തന്നേ വരണമെന്നില്ല
നിങ്ങള്‍ അയാളെ കണ്ടാല്‍ എന്നേ അറിയിക്കണം
നിങ്ങള്‍ അകത്തേക്കുവരേണ്ട സമയം ഞാന്‍ അറിയിക്കാം
അതുവരെ നമ്മളുടെ സാന്നിദ്ധ്യം ആരും മനസ്സിലാക്കരുത് .”

മാവിന്‍ തോട്ടത്തിന്റെ അടുത്തെത്തിയപ്പോള്‍
വിഷ്ണു വാനിന്റെ ഹെഡ് ലൈറ്റ് ഓഫ് ചെയ്തു
റോഡില്‍നിന്നും വീട്ടിലേക്കുള്ള വഴി ഇറക്കമാണു
അതുകൊണ്ട് ന്യൂട്ടര്‍ ഗീയറില്‍ ശബ്ദമുണ്ടാക്കാതെ ഞങ്ങള്‍ ഉദ്ദേശിച്ച സ്ഥലത്തേത്തി. മനോഹരന്‍ ചേട്ടന്‍ ശബ്ദമുണ്ടാക്കാതെ മാവിലൂടെ കയറി
ഷീബായുടെ പറമ്പില്‍ കയറി അപ്രത്യക്ഷനായി

എട്ടരയായപ്പോള്‍ മനോഹരന്‍ ചേട്ടന്റെ ആദ്യ കോള്‍ വന്നു
“ജോണിയുടെ മുറിയില്‍ ലൈറ്റ് അണഞ്ഞു.”
പത്തുമണിയായപ്പോള്‍ വീണ്ടും കോള്‍ വന്നു
“സൂസമ്മ അടുക്കളയില്‍ വന്നിട്ടുണ്ട്,
അവര്‍ അടുക്കളയുടെ നടുവിലായി എന്തോ വച്ച് തീകൂട്ടുന്നുണ്ട്
എന്താണെന്നു മനസ്സിലാക്കാന്‍ പറ്റുന്നില്ല.”

ഈ സമയം ആനി എന്റെ കാലില്‍ തലവെച്ച് ഒന്നു തട്ടി
ഞാന്‍ മുന്നോട്ടുനോക്കിയപ്പോള്‍ ഒരാള്‍ ഒരു വള്ളം ആ ആറ്റുവഞ്ചിമരത്തില്‍ കെട്ടുന്നതും മതിലിന്റെ ഇടുങ്ങിയ വിടവിലൂടെ അകത്തേക്കുപോകുന്നതും നിലാവെളിച്ചത്തില്‍ കണ്ടു

അഞ്ചുമിനിട്ടുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്ന
മനോഹരന്‍ ചേട്ടന്റെ കോള്‍ വന്നു
ഞങ്ങള്‍ മൂന്നുപേരും ശബ്ദം ഉണ്ടാക്കാതെ
മാവിലൂടെ ഷീബായുടെ പറമ്പിലേക്ക് കയറി

ഏതാണ്ട് അഞ്ചടിപ്പൊക്കവും നല്ല തടിയുമുള്ള ഒരു മനുഷ്യന്‍
യക്ഷിപ്പാലയുടെ ചുവട്ടില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു
അതാണു ഞങ്ങള്‍ കാത്തിരിക്കുന്ന പി।ടി। എന്ന് ഞങ്ങള്‍ക്കു മനസ്സിലായി
ഒരു സഞ്ചിയില്‍ നിന്നും എന്തൊക്കെയോ എടുത്തയാള്‍
ഒരു തട്ടത്തില്‍ വെയ്ക്കുന്നുണ്ട്
അടുക്കളയുടെ നടുക്കായി ഒരു ലോഹത്തകിടില്‍ കൂട്ടിയ അടുപ്പില്‍
ഒരു പാത്രത്തില്‍ എന്തോ ചൂടാക്കിക്കൊണ്ടിരിക്കുകയാണ്.
പി।ടി। കൊണ്ടുവന്ന സാധനങ്ങള്‍ സൂസമ്മ ആ പാത്രത്തിലേക്കിട്ടിട്ട്
ഇളക്കാന്‍ തുടങ്ങി
പതുക്കെപ്പതുക്കെ ആ പാത്രത്തില്‍ നിന്നും
ഒരു വെള്ള പ്പുക പൊങ്ങിത്തുടങ്ങി
സൂസമ്മ എന്തോ ഒന്ന് തീയ്യിലേക്കിട്ടു
തീ ആളിക്കത്തി
അതോടെ ആ മുറിയിലും പുറത്തും വലിയ പ്രകാശം ആയി
ആ പ്രകാശത്തില്‍ പാലമരച്ചുവട്ടില്‍ നില്‍ക്കുന്ന പി.ടി. യേക്കണ്ടപ്പോള്‍
ശരിക്കും ഗന്ധര്‍വ്വന്‍ നില്‍ക്കുകയാണോഎന്ന് എനിക്കും സംശയം തോന്നി

പിന്നെക്കണ്ടകാഴ്ച്ച,
എനിക്ക് ജീവിതത്തില്‍ മറക്കാനൊക്കുകയില്ല
വിചിത്രമായ ശബദ്ങ്ങള്‍ ഉണ്ടാക്കിക്കൊണ്ട്
സൂസമ്മ തീയുടെ ചുറ്റും നൃത്തം ചെയ്യുന്നു
ശരിക്കും ഒരു പാമ്പ് ആടുന്നതുപോലെ

അടുക്കളയില്‍ നിന്നും പുക പുറത്തേക്ക് വന്നുതുടങ്ങിയപ്പോള്‍
പി.ടി.വന്നവഴി തിരികെ നടന്നു
അയാള്‍ പോകാന്‍ പോകുകയാണെന്നുതോന്നുന്നു
എന്റെ പോക്കറ്റിലെ ഫോണില്‍ വൈബ്രേഷന്‍
മനോഹരന്‍ ചേട്ടന്‍ സിഗ്നല്‍ തന്നിരിക്കുന്നു
ഞാന്‍ ആനിയമ്മപ്പോലീസിന്റെ മുതുകില്‍ തട്ടി

ആനിക്ക് ആ സമ്മതം ധാരാളമായിരുന്നു
അവള്‍ മിന്നല്‍പ്പിണര്‍ പോലെ ഒരു ചാട്ടംചാടിയതും
പി।ടി।യുടെ ഷര്‍ട്ടിന്റെ കോളറില്‍ കടിച്ചുപിടിച്ച് വെട്ടിച്ചു വലിച്ചതും
ഒരു നിമിഷംകൊണ്ടുകഴിഞ്ഞു
പി.ടി. ബാലന്‍സു തെറ്റി മുന്നോട്ടുമറിഞ്ഞു
ആ സെക്കന്റില്‍ മനോഹരന്‍ ചേട്ടന്‍ പി.ടി.യെ
സൈക്കില്‍ ചെയിന്‍ കൊണ്ട് ബന്ധിച്ചു
പി.ടി. യുടെ ഭാഗത്തുനിന്നും ഒരു ചെറിയ പ്രതിഷേധം പോലും ഉണ്ടായില്ല ആനിയുടെ ആക്രമണത്തില്‍ ത്തന്നേ അയ്യാള്‍ വിരണ്ടുപോയിരുന്നു
“എന്നേക്കൊല്ലല്ലേ!”
എന്നൊരു മുറവിളിമാത്രമേ അയാളില്‍ നിന്നും ഉണ്ടായുള്ളൂ
“താനാരാ ?” മനോഹരന്‍ ചേട്ടന്‍ ഗൗരവത്തില്‍ ചോദിച്ചു
“ഞാന്‍ പത്മനാഭന്‍ തമ്പി, നാരകക്കാനത്താണു വീട് .”
അയാള്‍ ദയനീയമായി പറഞ്ഞു
“എന്താണീ കാണുന്നതൊക്കെ?
നിങ്ങള്‍ എന്താണു സൂസമ്മക്ക് കൊടുത്തത് ?”

തമ്പി ഞങ്ങളേ എല്ലാവരേയും മാറിമാറി നോക്കി
“അത് അത് ഒരു ആയുര്‍വ്വേദമരുന്നാണ്.”
“എന്തിന്?”
തമ്പിക്ക് അത് പറയാന്‍ അല്‍പ്പം മടിപോലെ
പിന്നെ പേടിച്ചിട്ടാണെന്നു തോന്നുന്നു കൂടുതല്‍ വിശദീകരിച്ചു

“ഒരു പ്രത്യേക തരം എണ്ണയാണ്,
ഇപ്പോള്‍ അടുപ്പില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്.
നിത്യ യൗവ്വനം ലഭിക്കാനായി
ഒരു പുരാതന താളിയോലഗ്രന്ഥത്തില്‍ നിന്നും ലഭിച്ച
കുറിമാനപ്രകാരമാണിത് തയാറാക്കുന്നത്.
അത് ദേഹത്തു തേച്ചാല്‍ ജരാ നരകള്‍ ബാധിക്കുകയില്ല”

“ഓ, അതാണീ തള്ള ശനിയാഴ്ച്ചകളില്‍ ഇത് ദേഹത്ത് തേച്ച്
മൂന്നാലുമണിക്കൂര്‍ ഉലാത്തുന്നത് അല്ലേ? കൊള്ളാം, കൊള്ളാം,”
വിഷ്ണു ചിരിച്ചു

“ഞാനീ അപൂര്‍വ്വമരുന്നുകള്‍ ശേഖരിക്കുന്ന ഒരാള്‍ മാത്രം ,
ഞാന്‍ അല്ലാതെ ഒരുകുറ്റവും ചെയ്തിട്ടില്ലല്ലോ
ഞാന്‍ പൊക്കോട്ടേ?”

പെട്ടന്നാണു മനോഹരന്‍ ചേട്ടന്‍ കത്തി വലിച്ചൂരിയതും
തമ്പിയുടെ കഴുത്തില്‍ അത് അമര്‍ത്തിപ്പിടിച്ചതും
“സത്യം പറയെടാ,
നീ എന്തോ ഒന്ന് ഞങ്ങളില്‍ നിന്നും മറച്ചുവെച്ചിട്ടില്ലേ ?”

പാലമരച്ചുവട്ടില്‍ ഭ്രാന്തുപിടിച്ചതുപോലെ
സൂസമ്മ താണ്ഡവനൃത്തം നടത്തുന്നതും
പാല മരത്തിലൂടെ പുരയുടെ മുകളില്‍ കയറുന്നതും ഇറങ്ങുന്നതും ഞങ്ങള്‍ കണ്ടു

“ഞാന്‍ പറയാം, ഇത് ഒരു പ്രത്യേക ഔഷധക്കൂട്ടാണ്,
ഈ കൂട്ട് പഴയഗ്രന്ഥത്തില്‍ നിന്നും കണ്ടുപിടിച്ചതും
പരീക്ഷിച്ച് ബോദ്ധ്യപ്പെട്ടതും സൂസമ്മയുടെ ഭര്‍ത്താവ് യാക്കോബാണ്,
ഞാന്‍ ചെറുപ്പം മുതലേ യാക്കോബുചേട്ടന്റെ കൂടെയായിരുന്നു
എണ്ണ പാകമായിവരുമ്പോളുള്ള ആ വെള്ള പ്പുക ശ്വസിച്ചാല്‍ പിന്നെ പറഞ്ഞറിയിക്കാനാവാത്ത ഒരുന്മാദമാണ്.”

‘ഇത് സത്യം!”
സൂസമ്മയുടെ നൃത്തം നോക്കിക്കൊണ്ട് വിഷ്ണു പറഞ്ഞു

“ചുരുക്കത്തില്‍ നീ നിത്യയൗവ്വനം എന്നപ്രതീക്ഷനല്‍കി
ഈ സ്ത്രീയെ മയക്കുമരുന്നിനടിമയാക്കിയിരിക്കുന്നു
ഇതുകൊണ്ട് നിനക്കുള്ള പ്രതിഫലം ?”

മനോഹരന്‍ ചേട്ടന്റെ ആ ചോദ്യത്തിനുമുന്‍പില്‍
തമ്പി ഒന്നു പതറി ,പിന്നെ പതുക്കെപ്പറഞ്ഞു
“സൂസമ്മയുടെ അപ്പന്‍ അവര്‍ക്കുകൊടുത്ത
വണ്ടന്മേട്ടിലെ ചിനാര്‍ എസ്റ്റേറ്റ് ,
അതിലെ വരുമാനം അത് പൂര്‍ണ്ണമായും എനിക്കാണ്,
പകരം എല്ലാ വെള്ളിയാഴ്ച്ചയുംഈ ഔഷധക്കൂട്ട് ഞാന്‍ ഇവിടെ എത്തിക്കണം.”

“യാക്കോബിനെന്താണു പറ്റിയത്?
നിങ്ങള്‍ അയ്യാളെ കൊന്നോ?”
ആ രഹസ്യം തമ്പിയറിയാതിരിക്കില്ലാ എന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു

“യാക്കോബുചേട്ടന്‍ ചിനാര്‍ എസ്റ്റേറ്റിലുണ്ട് ”
മനോഹരന്‍ ചേട്ടന്റെമുഖത്ത് അവിശ്വസനീയത
‘പാവം യാക്കോബുചേട്ടന്‍
ഈ ലഹരി തുടര്‍ച്ചയായി ഉപയോഗിച്ചിരുന്നു , ഒരു കാലത്ത്,
ഇപ്പോള്‍ എന്റെ വീട്ടിലുണ്ട്
പകലും രാത്രിയും തിരിച്ചറിയാന്‍പോലും വയ്യാതെ ഒരു ഭ്രാന്തനായി .”

‘അപ്പോള്‍ സൂസമ്മയും?”
ഞാന്‍ ചോദ്യഭാവത്തില്‍ തമ്പിയേ നോക്കി
“പറയാനൊക്കില്ല, ഏതാ‍യാലും അവര്‍ക്കിതില്‍ നിന്നും ഇനി മോചനമില്ല,
തലച്ചോറില്‍ ഈ പ്രത്യേക ഔഷധക്കൂട്ട് ഉണ്ടാക്കുന്ന ഉന്മാദത്തിന്റെ
അടിമയാണവര്‍, ഇനി ഈശ്വരനുപോലുമവരെ രക്ഷിക്കാനാവില്ല!”

തമ്പി പറഞ്ഞതെല്ലാം ശരിയാണെന്നെനിക്കുതോന്നി
മനോഹരന്‍ ചേട്ടന്‍ അയാളെ വിട്ടു
തമ്പിവന്ന വള്ളം ദൂരെ മറഞ്ഞപ്പോള്‍ ഞങ്ങള്‍ നേരേ വീട്ടുമുറ്റത്തേക്ക് ചെന്നു മൊബൈലില്‍ ഷീബായേ വിളിച്ചു

ജോണിയും സൂസമ്മയും മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ നേരം പുലരും വരെ തുടരുമെന്നതിനാല്‍ ഞങ്ങള്‍ക്ക് ഇനി ഒളിക്കേണ്ട ആവശ്യമില്ലല്ലോ
പിന്നെ ഷീബായേയും കൂട്ടി നേരേപള്ളിയില്‍ എത്തി
പുലിവേലില്‍ അച്ചന്‍ അപ്പോഴും അള്‍ത്താരക്കുമുന്‍പില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു .

പിന്നീടുള്ള കാര്യങ്ങള്‍ അച്ചനാണു തീരുമാനിച്ചത്

രാവിലെ ആറുമണിയായപ്പോള്‍,
വിഷണു ആലപ്പുഴയില്‍ ഒരു ചായക്കടയുടെ മുന്നില്‍ വാന്‍ നിര്‍ത്തി
ഒരു കടുംകാപ്പി കുടിച്ചു
ഷീബാ മുന്‍സീറ്റില്‍ ചാരിയിരുന്ന് ഉറങ്ങുകയാണ്,
പാവം, വലിയ ഒരു അപകടത്തില്‍ നിന്നും രക്ഷപെട്ട സമാധാനത്തോടെ
അവള്‍ ഉറങ്ങട്ടേ!”

ആലപ്പുഴനിന്നും ഞാനാണു വാന്‍ ഓടിച്ചത്
ഉച്ചയോടുകൂടി തിരുവമ്പാടിയിലെത്തണം
പുലിവേലില്‍ അച്ചന്‍ എല്ലാക്കാര്യവും അങ്ങോട്ടു വിളിച്ചുപറഞ്ഞിട്ടുണ്ട്
അവിടെ ഷീബായുടെ അഛനും അമ്മയും കാത്തിരിക്കുന്നു
അവിടെ ചെന്നിട്ടാവാം ഇനിവിശ്രമവും ഉറക്കവും
ഞാന്‍ നാഷണല്‍ ഹൈവേയിലൂടെ വണ്ടി നല്ല സ്പീഡില്‍തന്നേ വിട്ടു.
.................................................................................................................

പ്രീയ വായനക്കാരേ,
ഷെര്‍ലക്ക് ഹോംസ് കഥകള്‍ വായിച്ചുതുടങ്ങിയ നാള്‍മുതല്‍
ആ രീതിയിലുള്ള ഒരു കഥയെഴുതണമെന്നെനിക്ക് വലിയ മോഹം തോന്നിയിരുന്നു അങ്ങിനെയിരിക്കെയാണു ഷീബ (യഥാര്‍ത്ഥമായ പേരു മറ്റൊന്നാണ്.)
എന്നേ ഫോണില്‍ വിളിക്കുന്നത്.

ഷീബായേപ്പറ്റി ഞാന്‍ എഴുതിയകാര്യങ്ങള്‍ 90% വും സത്യമാണ്.
വലിയ ഒരു തോട്ടത്തിനു നടുവിലുള്ള ഭാര്‍ഗവീനിലയം പോലുള്ള ആ വീടും, മച്ചിലെ ചവിട്ടും അമ്മായിഅമ്മയുടെ നിബന്ധനകളുമെല്ലാം
ഷീബാ എന്നേഫോണില്‍ വിളിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി।

പുലിവേലില്‍ അച്ചനും , പത്മനാഭന്‍ തമ്പിയും,
ഞങ്ങളുടെ മണവാളക്കുറിച്ചിയാത്രയുമെല്ലാം
എന്റെ വെറും ഭാവന
അല്ലായെങ്കില്‍ ആഗ്രഹം അങ്ങിനെ കരുതിയാല്‍ മതി

മനോഹരന്‍ ചേട്ടനും ഞാനും വിഷ്ണുവും ആനിയമ്മപ്പോലീസും എല്ലാം യഥാര്‍ത്ഥത്തിലുള്ളവര്‍ തന്നേ പക്ഷേ ഞങ്ങള്‍ക്കില്ലാത്ത കുറേ ബുദ്ധിപരമായ കഴിവുകള്‍ അവകാശപ്പെട്ടിട്ടുണ്ടെന്നുമാത്രം,

ഷീബാ ഇന്ന് വിവാഹമോചനം നേടി
ഈ കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്നുണ്ട്
ഇടക്ക് എന്നേ വിളിക്കാറുമുണ്ട്.

സ്വന്തമായി ഒരു ജോലി ,
അതിനു ശേഷം മതി പുനര്‍വിവാഹം എന്നാണവളുടെ തീരുമാനം

ആ ഭാര്‍ഗവീനിലയത്തിലെ യഥാര്‍ത്ഥ്യരഹസ്യം ഞാന്‍ ഈ കഥയില്‍ എഴുതിയിട്ടില്ല
എന്തോ അത് ലാഘവബുദ്ധിയോടെ അത് എഴുതുവാന്‍ എനിക്ക് സാധിക്കുന്നില്ല
എന്നേ അത് അത്രക്ക് ഞെട്ടിച്ചതാണ്,അത് ഒരു രഹസ്യമായിത്തന്നേ ഇരിക്കട്ടേ...

ഈ ബ്ലോഗിനു വായനക്കാരില്‍ നിന്നും നല്ല പ്രതികരണമാണുണ്ടായത്
ഇതുവരെ 8०० ല്‍ അധികം പേര്‍ ഈ ബ്ലോഗ് വായിച്ചതായി
ഇതില്‍ കൊടുത്തിരിക്കുന്ന കൗണ്ടര്‍ ചൂണ്ടിക്കാട്ടുന്നു
നന്ദി,വളരെ നന്ദി !!

ഷെര്‍ലക്ക് ഹോംസായി മനോഹരന്‍ ചേട്ടനും,
വാട്ട്സണായി ഞാനും, വിഷ്ണുവും
പിന്നെ ഞങ്ങളുടെ ആനിയമ്മ പോലീസും
ഞങ്ങള്‍ തീര്‍ച്ചയായും വീണ്ടും വരും
ഇതുപോലെ മറ്റൊരു കഥയുമായി.....!

7 comments:

അരവിന്ദ് :: aravind said...

അവസാനം വിചാരിച്ചത്ര രസമായില്ലെങ്കിലും ഉടനീളം സസ്പെന്‍സും, വായിക്കാന്‍ രസവുമായിരുന്നു എന്നറിയിക്കട്ടെ.
ഇനിയും എഴുതണം.

തൊടുപുഴക്കാരന്‍ said...

First attempt...not bad

പാലാ ശ്രീനിവാസന്‍ said...

അരവിന്ദ് പറഞ്ഞിരിക്കുന്നത് നൂറുശതമാനവും ശരിയാണ്,
അവസാനത്തേബ്ലോഗുപോസ്റ്റില്‍ എനിക്കും തൃപ്തിയില്ല
ഒരുകാരണം ആ അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന ഒരുകാര്യവും സത്യമല്ലഎന്നതു തന്നേ,
യഥാര്‍ത്ഥത്തില്‍ ഷീബായുടെ കഥ വലിയ ഒരു ദുഖത്തിലാണവസാനിച്ചത് മകള്‍ക്കുണ്ടായ പ്രശ്നങ്ങളില്‍ മനം നൊന്ത് അവളുടെ അഛന്‍ ഹൃദയസ്തംഭനം വന്ന് പെട്ടന്നു മരിച്ചു ഷീബാ ഏതാണ്ടു മനോരോഗിയായി മാറി പോലീസിന്റെ കര്‍ശനമായ ഇടപെടല്‍ മൂലമാണു ഷീബായ്ക്ക് അവിടെനിന്നും രക്ഷപെടാനും കൊടുത്തപണം തിരികെ കിട്ടാനും സാധിച്ചത്. ഞാന്‍ ഒരു പഴയ സിനിമാ സ്റ്റൈയിലില്‍ കഥയുടെ ക്ലൈമാക്സ് എഴുതാന്‍ ശ്രമിച്ചത് ഒട്ടും ശരിയായില്ല എന്ന് എനിക്കുതന്നേ അറിയാം,

ആ വീട്ടിലെ യഥാര്‍ത്ഥ പ്രശ്നം മനസ്സിലാക്കാനുതകുന്ന
ഒരു ചെറിയ ഹിന്റ് ഞാന്‍ കഥയില്‍ ഒരിടത്ത് കൊടുത്തിട്ടുണ്ട്
കൂടുതല്‍ വിശദീകരിക്കാത്ത ആപോയിന്റില്‍ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ കാര്യം പിടികിട്ടും

പിന്നെ എനിക്ക് ദൈവം പറഞ്ഞിരിക്കുന്ന സാഹിത്യവിഭാഗം ലേഖനങ്ങളാണെന്ന് അറിയാവുന്ന ഞാന്‍ ഈ കഥയെഴുതുവാന്‍ ശ്രമിച്ചതിനെ ഒരു അതിസാഹസത്തിനു തുനിഞ്ഞു എന്നുമാത്രം കരുതണം

ഗന്ധർവ്വൻ said...

ആ ഭാർഗവീനിലയത്തിലെ രഹസ്യം വെളിപ്പ്പ്പെടുത്താതെ തന്നെ കഥ കുറച്ച്‌ കൂടി രസകരമാക്കാമായിരുന്നു.എന്തായാലും മോശമായില്ല.

arun said...

very interesting doctor,
best wishes

രാഹുല്‍ said...

കൊള്ളാം നന്നായിരിക്കുന്നു. I doubt why you are not getting much comments for this blog. May be due to the word varification and blocking anonimpous comments. But don't stop Doctor, please continue to write such stories.

സുധി അറയ്ക്കൽ said...

ഡോക്റ്ററേ!!!വളരെ നന്നായിട്ടുണ്ട്‌.പുതിയതു എഴുതിയാൽ ഒരു മെയിൽ തരൂ