Friday, March 14, 2008

ഇങ്ങനേയും ചില മനുഷ്യര്‍ ..!!


ഞാന്‍ ഏറ്റവും കൂടുതല്‍ കാലം ജോലിചെയ്ത സ്ഥലം കൂത്താട്ടുകുളമാണ്.

നാലുവര്‍ഷം !

കോട്ടയത്തുനിന്നും എറണാകുളത്തേക്കുള്ള പ്രവേശന കവാടമാണ്

കൂത്താട്ടുകുളം. എം സി റോഡിന്റെ ഇരു വശങ്ങളിലായുള്ള ഒരു നല്ല

ഗ്രാമപ്രദേശം. മൃഗസംരക്ഷണപ്രവര്‍ത്തനങ്ങള്‍ വളരെകൂടുതല്‍ ഉള്ള

ഒരു സ്ഥലമാണിത് .അതുകൊണ്ടുതന്നെ കൂത്താട്ടുകുളം മൃഗാശുപത്രി വളരെ

തിരക്കുള്ള ഒരു ഓഫീസാണ്. പലദിവസങ്ങളിലും നൂറിലധികം ആളുകള്‍

ഇവിടെ വരാറുണ്ട്.കൂത്താട്ടുകുളത്തു ജോലിയായിരുന്ന കാലത്ത് നേരം

പുലരുന്നതും സൂര്യന്‍ അസ്തമിക്കുന്നതും ഞാന്‍ അറിഞ്ഞിരുന്നില്ല എന്നതാണു

സത്യം ദിവസങ്ങള്‍ക്ക് അത്രക്ക് വേഗതയായിരുന്നു.


ആശുപത്രിക്കും പ്രൈവറ്റ് ബസ് സ്റ്റാന്റിനും ഇടക്കുള്ള സ്ഥലത്തായിരുന്നു

ചന്ത.വലിയ ഒരു ചന്തയാണു കൂത്താട്ടുകുളത്തേത് .തമിഴ് നാട്ടിലെ

പൊള്ളാച്ചിയില്‍ നിന്ന് വരുന്ന നൂറുകണക്കിനു എരുമകളും കാളകളും നാട്ടില്‍

നിന്നുവരുന്ന പശുക്കളും ആടുകളും എല്ലാം നിറഞ്ഞ ചന്ത.
പന്നിക്കുഞ്ഞുങ്ങളേ വാങ്ങാന്‍ ഇവിടെ എത്രദൂരെ നിന്നാണാളുകള്‍ വരുന്നത്
പച്ചക്കറികളും ചെടികളും മീനും എന്നുവേണ്ട ഇവിടെ വലിയകച്ചവടമാണു
നടക്കുന്നത്

രുദിവസം ഞാന്‍ ചെറിയ ഒരു ഇടവേളകിട്ടിയപ്പോള്‍ ചന്തയിലെ കച്ചവടം

കാണാനിറങ്ങി വെറുതേ അലസമായി ചുറ്റിനടന്നു പെട്ടന്നാണൊരാള്‍ എന്റെ

ശ്രദ്ധയില്‍ പെട്ടത് കറുത്ത നിറം, വെളുത്ത മുണ്ടും ഷര്‍ട്ടും, നരച്ച മുടി ,
ഒരുപാട് ഉയരമില്ല, കൈയ്യില്‍ ഒരു ബിഗ് ഷോപ്പര്‍ ബാഗുമുണ്ട് .
പച്ചക്കറി കടയില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ സ്വയം ബിഗ്
ഷോപ്പറില്‍ വച്ച് തൂക്കിപ്പിടിച്ചുകൊണ്ട് അടുത്തകടയിലേക്ക്
ആള്‍ക്കൂട്ടത്തിലൊരാളായി നീങ്ങുന്നു .

ഈ മുഖം! ഇത് എവിടെയോ കണ്ടിട്ടുണ്ടല്ലോ നല്ല പരിചയം !

"ഈശ്വരാ, ശ്രീ കെ ആര്‍ നാരായണന്‍ ഇന്ത്യന്‍ പ്രസിഡന്റ് !!"

ഞാന്‍ ഞെട്ടിപ്പോയി !

ഭാരതത്തിന്റെ രാഷ്ട്രപതി ശ്രീ കെ ആര്‍ നാരായണന്‍ കൂത്താട്ടുകുളം ചന്തയില്‍

നിന്നും സാധനങ്ങളും വാങ്ങി നടക്കുന്നോ? ആള്‍ക്കൂട്ടത്തില്‍ ഒരാളായി

അദ്ദേഹം ഇവിടെ നില്‍ക്കുന്നത് ആരും കാണുന്നില്ലേ? എനിക്ക് വല്ലാത്ത

ആശയക്കുഴപ്പം ഞാന്‍ അടുത്തുനിന്ന ഒരാളുടെ കൈയ്യില്‍ പിടിച്ചുകൊണ്ട്

ചോദിച്ചു

“ചേട്ടാ ഈ പോകുന്ന ആള്‍?” .

“നമ്മുടെ പ്രസിഡന്റ് ശ്രീ കെ ആര്‍ നാരായണനേ അറിയില്ലേ ?”

“അറിയാം.” എന്റെ ശബ്ദം വിറച്ചിരുന്നു .

അദ്ദേഹത്തിന്റെ അനിയനാണിത് ,ശ്രീ കെ ആര്‍ ഭാസ്കരന്‍ .

“അദ്ദേഹം നേരിട്ടാണോ ചന്തയില്‍ വരുന്നത് ?”

എനിക്ക് അത്ഭുതം അടക്കാന്‍ പറ്റിയില്ല .

“അതിനെന്താ ?

അദ്ദേഹത്തിനെപ്പറ്റി അറിയാത്തതുകൊണ്ടാ ഡോക്ടര്‍ ഇങ്ങിനെ

ചോദിക്കുന്നത് .ശ്രീ കെ ആര്‍ നാരായണനും വീട്ടുകാരും വളരെ വലിയ

മനുഷ്യരാണ് ഈ ഭാസ്കരന്‍ ചേട്ടന്‍ പ്രസിഡന്റിനേപ്പോലെ തന്നെ

വിദേശത്തു പോയി പഠിച്ച് ജോലിചെയ്ത ആളാണ്. അദ്ദേഹത്തിനു

വിദേശത്തുനിന്നും പെന്‍ഷന്‍ ഉണ്ട്. ചേട്ടന്‍ ഇന്ത്യന്‍ പ്രസിഡന്റായതു
കൊണ്ട് ചെല്ലുന്നിടത്തേല്ലാം ഇരിക്കാന്‍ രണ്ടുകസേരവേണമെന്നു
വിചാരിക്കുന്ന തരം ആളല്ല അദ്ദേഹം.
ഒരിക്കല്‍ പനിപിടിച്ച് അദ്ദേഹം കോട്ടയത്ത് മെഡിക്കല്‍

കോളേജില്‍ അഡ്മിറ്റായി, എല്ലാവരേയും പോലെ വാര്‍ഡില്‍ .
ആരോ പറഞ്ഞറിഞ്ഞ് ജീവനക്കാര്‍ അദ്ദേഹത്തേ സ്പെഷ്യല്‍
റൂമിലേക്ക് മാറ്റുന്നതു വരെ അവിടെത്തന്നെ കഴിഞ്ഞു .
അതിന് അദ്ദേഹത്തിനു ഒരു പരാതിയുമില്ല

അത്രക്കു വലിയ ഒരു മനസ്സിന്റെ ഉടമയാണദ്ദേഹം.പിന്നെയാണോ

വീട്ടിലേക്ക് കുറച്ചു സാധനം വാങ്ങാന്‍ ചന്തയില്‍ വരാന്‍ മടി”
അയാള്‍ ചിരിച്ചു.


ഞാന്‍ പതുക്കെ എന്റെ ഓഫീസിലേക്ക് നടന്നു. എനിക്ക് അദ്ദേഹത്തോട്

വലിയ ബഹുമാനം തോന്നി .
ശ്രീ കെ ആര്‍ നാരായണന്‍,
ചേച്ചി കെ ആര്‍ ഗൗരിയമ്മ,
അനിയന്‍ കെ ആര്‍ ഭാസ്കരന്‍.
എല്ലാവരും എത്ര വലിയ മനസ്സിന്റെ ഉടമകളാണ് !!

ജാഡകളോ പുറമ്പൂച്ചുകളോ ഇല്ലാത്ത മനുഷ്യര്‍ .

സാധാരണ മലയാളികള്‍ ഒന്നു സഹ്യന്റെ അപ്പുറം പോയിവന്നാല്‍
മതി അവന്റെ സംഭാഷണ രീതി മാറും.

യാ യാ, അഛാ ,ഇന്‍ഷാഅള്ളാ തുടങ്ങിയ വാക്കുകള്‍ നാവില്‍ നിറയും

മലയാലം ശരിക്കുവരുന്നില്ല ,മുണ്ടുടുക്കുന്നതെങ്ങനെയെന്നു മരന്നുപോയി

അമ്മയാണതു പിന്നെ പഠിപ്പിച്ചത് തുടങ്ങിയ സംഭാഷണങ്ങള്‍ ഈ കാച്ചില്‍

കൃഷ്ണപിള്ളമാര്‍ പറയുന്നത് എത്രതവണ കേട്ടിരിക്കുന്നു.ആ

വിചാരത്തോടെയാണു ശ്രീ കെ ആര്‍ നാരായണനു പ്രസിഡന്റ് പദവി

ലഭിച്ചതിനു ഉഴവൂരില്‍ നല്‍കിയ സ്വീകരണസമ്മേളനത്തിലേക്ക് ഞാന്‍

പോയത് പ്രസംഗവേദിയില്‍ വന്ന അദ്ദേഹം സദസില്‍ ഇരുന്നിരുന്ന

അദ്ദേഹത്തിന്റെ രണ്ട് വൃദ്ധരായ അദ്ധ്യാപകരേ ഇറങ്ങിവന്ന് വന്ദിച്ചപ്പോള്‍

അത് രാഷ്ട്രീയക്കാരന്റെ തന്ത്രമാണെന്നാണാദ്യം വിചാരിച്ചത് എന്നാല്‍

അദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോള്‍ അങ്ങിനെ ചിന്തിച്ചതില്‍ കുറ്റബോധം

തോന്നി ആ പ്രസംഗം റിക്കാഡു ചെയ്തത് ഞാന്‍ പലതവണകേട്ടുനോക്കി .

100% ശുദ്ധമായ തനി നാടന്‍ ഉഴവൂര്‍ മലയാളം!!

ജീവിതത്തിന്റെ മുഖ്യഭാഗവും വിദേശത്തു കഴിച്ചുകൂട്ടി അവിടുത്തേ

ഉന്നതവ്യക്തികളുമായി നിരന്തരം വിദേശഭാഷ സംസാരിച്ചിരുന്ന ഒരു

വ്യക്തിയുടെ ഒരുമണിക്കൂര്‍ നീണ്ട വികാരം നിറഞ്ഞ പ്രസംഗത്തില്‍

ശുദ്ധമലയാളമല്ലാതെ ഒരു യാ ,യായുമില്ല ഇന്‍ഷ അള്ളായുമില്ല !!

ജാഡകളില്ലാത്ത വ്യക്തിത്വം!

എനിക്ക് അദ്ദേഹത്തിന്റെ നാട്ടുകാരനായതില്‍ അഭിമാനം തോന്നി.


ശ്രീ കെ ആര്‍ നാരായണന്റെ ഇന്ത്യന്‍ പ്രസിഡന്റ് ആയിട്ട് ആദ്യമായി

നാട്ടിലേക്കു വരുന്ന സമയം. പത്രപ്രവര്‍ത്തകര്‍ ഉഴവൂരെ

വീട്ടില്‍ചെന്നു അദ്ദേഹത്തിന്റെ കുടുംബാഗങ്ങളേകണ്ടു സംസാരിച്ച

വാര്‍ത്തയിലെ ഒരു കാര്യം എന്നെ വല്ലാതെ സ്പര്‍ശിച്ചു.

അദ്ദേഹത്തിന്റെ ചേച്ചി കെ ആര്‍ ഗൗരിഅമ്മ പത്രക്കാരോട് പറഞ്ഞു

“എന്റെ അനിയനു ചെണ്ടക്കപ്പ പുഴുങ്ങിയതും ഞാന്‍ വയ്ക്കുന്ന മീന്‍ കറിയും

വലിയ ഇഷ്ടമാണ്. അതു ഞാന്‍ ഇത്തവണ ഉണ്ടാക്കികൊടുക്കുന്നുണ്ട്.”

ശ്രീ നാരായണന്‍ കേരളത്തില്‍ വന്നു.

ഏറ്റവും വലിയ നക്ഷത്ര ഹോട്ടലില്‍ അതി വിശിഷ്ട ഭോജ്യങ്ങള്‍
കാത്തിരിക്കേ അദ്ദേഹം പത്രക്കാരുടെ ചോദ്യത്തിനു
മറുപടിയായി പറഞ്ഞു .

“ എന്റെ വീട്ടില്‍ ചേച്ചി നല്ല മീന്‍ കറിയും കപ്പയും ഉണ്ടാക്കാമെന്നു

പറഞ്ഞിട്ടുണ്ട് , അതു ഞങ്ങള്‍ക്ക് ഒരുമിച്ചിരുന്നു കഴിക്കണം.”

അതു പരസ്യമായി പറയുവാന്‍ അദ്ദേഹത്തിനു യാതൊരു മടിയും

ഉണ്ടായിരുന്നില്ല.

കേവലം ഒരു ഉദ്യോഗസ്ഥന്റെ വകയിലുള്ള ബന്ധുവായാല്‍

പോലും ആ അവകാശം ദുരുപയോഗിച്ച് എന്തെല്ലാം കോമാളിത്തരങ്ങളാണ്

പലരും കാട്ടിക്കൂട്ടുന്നത്!!

പത്രലേഖകരെ പരസ്യമായി തല്ലിയ ഇത്തരം ആളുകളേ പോലും

നമുക്കറിയാം.


അവര്‍ക്കിടയില്‍ വ്യത്യസ്ഥരായി ഒരു കെ ആര്‍ ഗൗരിയും, ഒരു കെ ആര്‍

ഭാസ്കരനും, ഒരു കെ ആര്‍ നാരായണനും!!

ഇങ്ങിനെയും ചില മനുഷ്യര്‍ ഈ ഭൂമിയിലുണ്ടോ ?

അത്ഭുതാദരങ്ങളോടെയല്ലാതെ ആ കുടുംബത്തേ എങ്ങനെ

കാണാനാകും?

എന്റെ ഓഫീസില്‍ അതുകൊണ്ടു തന്നെയാണു ശ്രീ കെ ആര്‍ നാരായണന്റെ

ചിത്രം ഞാന്‍ സൂക്ഷിക്കുന്നതും.