Monday, December 8, 2008

"നരിമാന്‍"

നരിമാന്‍
വളരെ വിചിത്രമായ ഒരു സങ്കല്‍പം
കടുവായും മാനും ഒത്തുചേര്‍ന്ന ഒരു വിചിത്രമായ ഒന്ന്
നരിമാനെ ഞാന്‍ കാണുന്നത് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മൃഗാശുപത്രിയില്‍ വച്ചാണ്।

അവിടെ ജോലിചെയ്തിരുന്ന വെറ്റേറിനറി സര്‍ജ്ജന്റെ ഇരട്ടപ്പേരായിരുന്നു നരിമാന്‍
അങ്ങേര്‍ക്ക് ഈ പേരു എങ്ങിനെ കിട്ടി യെന്ന് എനിക്കറിയില്ല।

ശുദ്ധമലയാളം ഉള്ള മദ്ധ്യതിരുവിതാംകൂറില്‍ നിന്നും എത്തി
ഒരു ശുദ്ധ തെരവന്തപുരം അണ്ണനായി മാറിയ ഒരാള്‍
"എടൈ"
എന്ന അങ്ങേരുടെ വകതിരിവില്ലാത്ത വിളികേള്‍ക്കുമ്പോള്‍ തന്നെ ഉള്ളംകാലില്‍ നിന്നും ഒരു പെരുപ്പ് കയറുന്നത് എനിക്ക് അനുഭവപ്പെട്ടിരുന്നു.
ഇന്‍സര്‍വ്വീസ് ട്രയിനിഗിന്റെ ഭാഗമായായിരുന്നു ഞാന്‍ തിരുവനന്തപുരത്ത് എത്തിയത്
കടനാട്ടില്‍ ജോലിചെയ്തുകൊണ്ടിരുന്നപ്പോഴാണു ഇന്‍സര്‍വീസ് ട്രയിനിങ്ങ് വന്നത്
പുതുതായി സര്‍വ്വീസില്‍ വരുന്ന ഓരോ വെറ്റേറിനറി സര്‍ജ്ജനും മൃഗസംരക്ഷണവകുപ്പിന്റെ വിവിധ മേഖലകളില്‍ പതിനൊന്ന് മാസം നീളുന്ന പരിശീലനം।
ആദ്യത്തേ ഇരുപത്തി ഒന്നുദിവസങ്ങള്‍ ഐ എം ജിയില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ്) ആണു ഇന്‍ഡക്ഷന്‍ ട്രയിനിഗ്
ഐ എം ജി ട്രയിനിഗിനുശേഷം ഞങ്ങളേ രണ്ടുപേര്‍ വീതമുള്ള ബാച്ചുകളായി തിരിച്ചു
തലയോലപറമ്പ് പന്നിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ആയിരുന്നു ഞങ്ങളുടെ ആദ്യപോസ്റ്റിഗ് ഒരുമാസത്തേക്ക്
തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ആര്‍ എ ഐ സിയില്‍
അവിടെ ഞങ്ങള്‍ പരിശീലനം നടത്തുമ്പോഴാണു പെട്ടന്ന് ഒരു മാറ്റം വന്നത്

മൃഗസംരക്ഷണവകുപ്പ് രോഗ രഹിത മേഖലാ പദ്ധതി ആരംഭിച്ചു
തിരുവനന്തപുരം കൊല്ലം,പത്തനം തിട്ട ആലപ്പുഴ ജില്ലകളും കോട്ടയം ജില്ലയിലെ മീനച്ചിലാറ്റിനു തെക്കുള്ള ഒരു ബഫര്‍ സോണും ഉള്‍പ്പെടുന്ന ഭൂവിഭാഗത്തിലെ എല്ലാ കന്നുകാലികളേയും കുളമ്പുരോഗത്തിനെതിരേ കുത്തിവച്ച് ഒരു രോഗരഹിത മേഖല ശ്രുഷ്ടിക്കുക
ഏറ്റവും നല്ലരീതിയില്‍ പദ്ധതി നടത്താനായി ഞങ്ങളേ ഇന്‍സര്‍വ്വീസ് ട്രയിനിഗില്‍ മാറ്റം വരുത്തി ഈ പദ്ധതി യിലേക്ക് പോസ്റ്റു ചെയ്തു।
എനിക്ക് കിട്ടിയത് വട്ടിയൂര്‍ക്കാവ് യൂണിറ്റിന്റെ ചുമതലയാണ്.
12 വാക്സിനേറ്റര്‍മാര്‍
വട്ടിയൂര്‍ക്കാവ് ചെട്ടിവിളാകം പഞ്ചായത്തുകളിലാണ് പ്രവര്‍ത്തനം।
എന്റെ ഹാജര്‍ രേഖപ്പെടുത്തേണ്ടത് വട്ടിയൂര്‍ക്കാവ് മൃഗാശുപത്രിയിലെ ഹാജര്‍ ബുക്കിലാണ്।

പുതിയ പദ്ധതിയായതുകൊണ്ട് ധാരാളം ബോധവല്‍ക്കരണക്ലാസുകള്‍ നടത്തേണ്ടിവന്നു।
എന്താണു കുളമ്പുരോഗം അത് എങ്ങിനെ തടയാം
ജനങ്ങളേ പഠിപ്പിക്കുവാനുള്ള ക്ലാസുകള്‍
ആദ്യക്ലാസ് തുടങ്ങിയപ്പോഴേ ഒരാള്‍ എഴുന്നേറ്റുനിന്നു തടസ്സം തുടങ്ങി
"ഞാന്‍ ഈ ഡിപ്പാര്‍ട്ടുമെന്റില്‍ ഉണ്ടായിരുന്ന ഒരാളാണു അതുകൊണ്ട് എനിക്കറിയാം ഇത് മുഴുവനും പാഴ് വേലയാണെന്ന് ഈ പൈസ കൊണ്ട് വേറേ നല്ലതു വല്ലതും ചെയ്തുകൂടെ ?"

ക്ലാസിന്റെ ആദ്യ അവസാനം ഈ മനുഷ്യന്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു
പിന്നീട് അന്വേഷിച്ചപ്പോള്‍ മനസ്സിലായി ഈ മനുഷ്യനെ സമയത്ത് ജോലിക്ക് വരാത്തതിനു അടിയന്തിരാവസ്ഥക്കാലത്ത് പിരിച്ച് വിട്ടതാണന്നും ആ അമര്‍ഷമാണു പാവം എനിക്കിട്ട്തീര്‍ത്തതെന്നും

നമുക്ക് നരിമാനിലേക്ക് തിരിച്ചുവരാം

ഐ എം ജി ക്ലാസില്‍ നിന്നും ലഭിച്ച വിജ്ഞ്ഞാനം വച്ച് ഞാന്‍ നരിമാന്റെ ബോഡി ലാഗ്വേജ് ശ്രദ്ധിച്ചു
വാക്കുകളില്‍ ആരോടൊക്കെയോ ഉള്ള അമര്‍ഷം പക വൈരാഗ്യം ഇവ മുന്നിട്ടു നില്‍ക്കുന്നു മുഖത്ത് ഒട്ടും സൗമൃത ഇല്ല
ഒരിക്കല്‍ ഒരു പോലീസുകാരന്‍ മരുന്നുവാങ്ങാന്‍ വന്നു
അയാള്‍ പോയപ്പോള്‍ നരിമാന്‍ പറഞ്ഞു
"അവന്റെ.....................ന്റെ ഒരു സല്യൂട്ട്। പന്ന......................"
നരിമാനു ഒരു ചരിത്രമുണ്ട്
കൈക്കൂലി പണത്തില്‍ പൊടിയിട്ട്പിടിച്ച് അഞ്ചു വര്‍ഷം സര്‍വ്വീസില്‍ നിന്നും പുറത്തുപോകേണ്ടിവന്ന ചരിത്രം
ചുമ്മാതല്ല പോലീസിനെ കാണുമ്പോള്‍
"....................മോനേ" എന്ന് ആത്മഗതം ചെയ്തുപോകുന്നത്
ശനിയാഴ്ച നരിമാന്‍ എന്നോട് ഒരു ആജ്ഞ്ഞ
"എടേയ്, നീ നാളെ ആശുപത്രി അറ്റന്റ് ചെയ്യണം!"
എനിക്ക് അത് അംഗീകരിക്കാനാവുമായിരുന്നില്ല
അന്ന് എനിക്ക് പാലാക്ക് പോയേ പറ്റൂ
സ്കീമായതുകൊണ്ട് എനിക്ക് ഞായറാഴ്ച അവധിയാണു
എനിക്ക് പറ്റില്ലന്ന് തീര്‍ത്ത് പറഞ്ഞു ഞാന്‍ വീട്ടിലേക്ക് പോന്നു തിരികെ എത്തിയപ്പോള്‍
നരിമാന്‍ ഹാജര്‍ പുസ്തകം പൂട്ടിവച്ചു
"നീ ഇവിടെ ഒപ്പ് ഇടേണ്ടടേയ്" അയാള്‍ പല്ലിറുമ്മി
ഞാന്‍ നേരേ പ്രോജക്ട് ഓഫീസറേ കണ്ട് പരാതി എഴുതിക്കൊടുത്തു ഉച്ചയോടെ അസി പ്രോജക്'റ്റ് ഓഫീസര്‍ മാധവന്‍ നായര്‍ സാര്‍ വട്ടിയൂര്‍ക്കാവിലെത്തി പ്രശ്നം പറഞ്ഞുതീര്‍ത്തു
"നിന്നേ ഞാന്‍ എടുത്തോളാമെടേയ്!"
നരിമാന്‍ എന്നേ അന്നു വൈകിട്ട് ഭീഷണിപ്പെടുത്തിയെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല।
നരിമാന്റെ തനിസ്വഭാവം മറ്റൊരുദിവസം കണ്ടു
ഒരു സ്ത്രീ ഒരു പശുവിന്റെ ലോണ്‍ സര്‍ട്ടിഫിക്കറ്റിനു വന്നു സര്‍ട്ടിഫിക്കറ്റ് കിട്ടിയപ്പോള്‍ അവര്‍ ഒരു ന്യായമായ ഫീസ് നല്‍കി
നരിമാനു അതുപോരാ അതിന്റെ അഞ്ച് ഇരട്ടിവേണം
അവര്‍ ആ തുക പിറ്റേന്ന് കൊണ്ടുവരാമെന്നുപറഞ്ഞതും
നരിമാന്‍ അവരുടെ ഹാന്റ് ബാഗും കുടയും എടുത്ത് അലമാരയില്‍ വച്ച് പൂട്ടി.കാശുതന്നിട്ട് ഇത് കൊണ്ടുപോയാല്‍ മതി!
ഞാന്‍ ഞെട്ടിപ്പോയി
"എന്റെ പുലിയന്നൂര്‍ തേവരേ, ഈയാള്‍ക്ക് നരിമാന്‍ എന്നാരാണു പേരിട്ടത് ?
ഇത്രയും ദിവസം ഒരുമിച്ച് ജോലിചെയ്തിട്ട് ഇയാളുടെ ഉള്ളില്‍ ഒരു മാനുള്ളതായി തോന്നിയിട്ടു പോലുമില്ലല്ലോ?
നരിമാത്രം എന്തേ എപ്പോഴും എല്ലാവരോടും പല്ലിറുമ്മുന്നു"

കാലം ഒരുപാടുകഴിഞ്ഞപ്പോള്‍ എനിക്ക് അതിനുള്ള ഉത്തരം കിട്ടി
അയാള്‍ സര്‍വ്വീസില്‍ കയറിയപ്പോള്‍ അയാള്‍ക്കുള്ളില്‍ ഒരു മാനുണ്ടായിരുന്നിരിക്കണം

ഓമനത്വമുള്ള ഒരു പുള്ളിമാന്‍!!!

കാലം നല്‍കിയ അനുഭവങ്ങള്‍ അയാളുടെ ഉള്ളിലെ മാനിനെ കൊല്ലുകയും നരിയേ പുറത്തുവരുത്തുകയും ചെയ്തുകാണും

ഇന്ന് ഇരുപത്തി നാലു വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ നരിമാനോടുണ്ടായ അമര്‍ഷമെല്ലാം പോയിരിക്കുന്നു

അവിടെഅല്‍പ്പം സഹതാപം മാത്രം, പാവം നരിമാന്‍!!!
ആ മനസ്സ് ഇത്ര കഠിനമായതില്‍ ഇപ്പോള്‍ എനിക്ക് അത്ഭുതമില്ല

Tuesday, August 26, 2008

ബാപ്പയുടെ സ്വന്തം അപ്പൂസ് ......!!

സാബിതയുടെ വീട്ടില്‍ ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ഉമ്മറപ്പടിയില്‍ തന്നെ ഇരുപ്പുണ്ടായിരുന്നു।
മടിയില്‍ ഒരു കുഞ്ഞിക്കിടാവിനെ ചേര്‍ത്ത് പിടിച്ചിട്ടുണ്ടുമുണ്ട്

തലയില്‍ തട്ടം ഇട്ട ഒരു മദ്ധ്യവയസ്കയായ ഉമ്മായാണു സാബിത।എന്റെ ആശുപത്രിയില്‍ പലപ്പോഴും മരുന്നുവാങ്ങാന്‍ വന്ന് എനിക്ക് അവരെ നല്ല പരിചയമാണു അവരുടെ കിടാവിന്റെ പുക്കിള്‍ക്കൊടിയില്‍ നിന്നും ചോരവരുന്നെന്നുപറഞ്ഞ് പരിഭ്രമിച്ച് സാബിതാഉമ്മാ ഫോണ്‍ ചെയ്തതുകൊണ്ട് അത് ചികില്‍സിക്കാനായി ചെന്നതാണു

ഉമ്മായുടെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരിക്കുന്നുകണ്ണുനീരൊഴുകി കവിളുകള്‍ നനഞ്ഞിരിക്കുന്നു

ചിലരങ്ങിനെയാണു വളര്‍ത്തുമൃഗങ്ങള്‍ക്ക് എന്തെങ്കിലും വരുമ്പോള്‍ വാവിട്ട് കരയുന്നത് എത്രതവണ ഞാന്‍ കണ്ടിരിക്കുന്നു ചിലര്‍ക്ക് പ്രഷര്‍ കയറികിടപ്പിലുമാകാറുമുണ്ട്

"ബാപ്പാ വരുന്നുണ്ട്।" സാബിത പറഞ്ഞു

എനിക്ക് അല്‍പ്പം ധൃതിയുണ്ടായിരുന്നതുകൊണ്ട് ഞാനതിനു പ്രാധാന്യം കൊടുത്തില്ല രാവിലത്തേ സമയമായതുകൊണ്ട് കഴിയും വേഗം തിരിച്ചെത്തണം സാബിതയുടെ വാക്കുകളിലെ സങ്കടം തിരിച്ചറിഞ്ഞതുകൊണ്ടുമാത്രമാണു ഞാന്‍ ആ സമയത്ത് വന്നത് അല്ലായെങ്കില്‍ ഉച്ചക്കേ വരുമായിരുന്നൊള്ളു

"സാബിതക്ക് പിടിക്കാനല്ലേ ഉള്ളൂ ഇതുകുഞ്ഞു കിടാവല്ലേ?"
ഞാന്‍ സമയം ലാഭിക്കാന്‍ പറഞ്ഞു

അവരുടെ ഭര്‍ത്താവു വരും വരെ കാത്തിരുന്നാല്‍ പിന്നേയും സമയം പോകുമെന്നവേവലാതിയായിരുന്നു എനിക്ക്

മുറിവ് അല്‍പ്പം കൂടുതല്‍ ഉണ്ടായിരുന്നുഅതുകൊണ്ട് മരുന്ന് വച്ചപ്പോള്‍ കിടാവ് ഉച്ചത്തില്‍ കരഞ്ഞു സാബിതാ ഉമ്മയും കൂടെ കരഞ്ഞു കരച്ചിലിനിടക്ക് അവര്‍ കിടാവിനോട് സംസാരിക്കുന്നുമുണ്ട്

"എന്റെ അപ്പൂസല്ലേ കരയാതെ കുട്ട്യേ
നീ ഇങ്ങനെ കരഞ്ഞാല്‍ ബാപ്പായ്ക്ക് സങ്കടമാകും കേട്ടോ കരയാതെന്റെ കുട്ട്യേ ബാപ്പ നിന്നേ വേദനിപ്പിക്കുമോ?"

സാബിതയാണോ കിടാവാണോ കൂടുതല്‍ കരഞ്ഞതെന്ന് എനിക്ക് തീര്‍ച്ചയില്ല കിടാവിനും ശരീരത്തിലും സാബിതക്ക് മനസ്സിലുമായിരുന്നല്ലോ മുറിവ്

സാബിത ബാപ്പായുടെ കാര്യം പറഞ്ഞുകൊണ്ടിരുന്നത് എന്താണന്ന് എനിക്ക് ശരിക്ക് മനസ്സിലായില്ല
ഒരുപക്ഷേ ഉമ്മായേക്കാള്‍ കൂടുതലായിരുന്നേനേ ബാപ്പാ വന്നിരുന്നേല്‍ കരച്ചില്‍
ഒരുപക്ഷേ ഇത് കാണാന്‍ കരുത്തില്ലാതെ ആ ബാപ്പാ ഒളിച്ചിരിക്കുകയാണോ എന്ന് എനിക്ക് സംശയം തോന്നി
"ബാപ്പാക്കെന്നാ ഇതിനെ അത്രക്ക് ഇഷ്ടമാണോ?" ഞാന്‍ ചോദിച്ചു

സാബിത മറുപടി പറയാതെ എന്നെ വല്ലാത്തഒരുനോട്ടം നോക്കി ഞാന്‍ ചമ്മിപ്പോയി

"അല്ലാ ബാപ്പായുടെ കാര്യം ഇടക്ക് ഇടക്ക് സാബിത പറയുന്നതുകേട്ടതുകൊണ്ടു ചോദിച്ചെന്നേ ഉള്ളൂ കേട്ടോ
ബാപ്പാ യിതുവരെ വന്നില്ലല്ലോ എവിടെ പോയി?"

ഞാന്‍ ചമ്മല്‍ മറച്ചുപിടിച്ച് ചോദിച്ചു

"നിങ്ങളു പഴയതെല്ലാം മറന്നോ?
ഇത് നിങ്ങളുടെ കുട്ടിയല്ലേ?
നിങ്ങളല്ലേ ഇതിന്റെ ബാപ്പാ?"

സാബിതാ ഉമ്മയുടെ പെട്ടന്നുള്ള പറച്ചില്‍ കേട്ട് ഞാന്‍ ഞെട്ടിപ്പോയി

അല്‍പസമയത്തേ നിശബ്ദത

ഞാന്‍ പൊട്ടിച്ചിരിച്ചുപോയി।

മാട്ടുപ്പെട്ടിയിലെ ഏതോ മൂരിക്കുട്ടനുലഭിക്കേണ്ട കിടാവിന്റെ അഛന്‍ സ്ഥാനം സാബിത എനിക്ക് കല്‍പ്പിച്ചു തന്നിരിക്കുന്നു ..........

എന്നേ കിടാവിന്റെ പിതാവാക്കി അവരോധിച്ചിരിക്കുന്നു।

അതാണു കിടാവിനെ ആശ്വസിപ്പിച്ചത്

"നിന്റെ ബാപ്പായല്ലേ അപ്പൂസേ നീ കരയാതെ
നിന്റെ ബാപ്പാ നിന്നേ വേദനിപ്പിക്കുമോ.......?"


Tuesday, August 12, 2008

പിള്ളേച്ചന്‍ പറയാതിരുന്നത്.....................

മേലുകാവ് മൃഗാശുപത്രിയുടെ അധിക ചുമതല എനിക്ക് വന്നത് പാപ്പോയി ഡോക്ടര്‍ മെഡിക്കല്‍ ലീവ് എടുത്തപ്പോഴാണു കടനാട്ടില്‍ നിന്നും പതിനൊന്ന് കിലോമീറ്റര്‍ അകലെയാണു മേലുകാവ്.

കഥപറയുമ്പോള്‍ എന്നസിനിമയിലേ ജഗദീഷിന്റെ ബാര്‍ബ്ബര്‍ ഷാപ്പായി കാണിക്കുന്നത് പഴയ മേലുകാവ് മൃഗാശുപത്രിയുടെ ഫാര്‍മ്മസി മുറിയാണു അവിടെ വച്ചാണു ഞാന്‍ പിള്ളേച്ചനെ ആദ്യമായി കാണുന്നത്.

മൃഗാശുപത്രിയിലേ അറ്റന്റര്‍. പേരു ശേഖരന്‍ നായര്‍ പിള്ളേച്ചന്‍ എന്നാണയാളേ എല്ലാവരും വിളിച്ചിരുന്നത് അതുകൊണ്ട് ഞാനും അങ്ങിനെ തന്നേ വിളിച്ചു.

അന്നേപിള്ളേച്ചനേ വാര്‍ദ്ധക്യം നന്നായി ബാധിച്ചിരുന്നു। താടിയും മുടിയും മുഴുവനും പഞ്ഞിപോലെ വെളുത്തതാണു വെളുത്തകുടുക്കുകളുള്ള ഇളം പച്ച കുപ്പായവും കണങ്കാലിനുമുകളില്‍ ഉയര്‍ത്തിഉടുത്ത മുണ്ടുമായിരുന്നു വേഷം।

പോക്കറ്റില്‍ ഒരു കൊച്ചുഡയറിയും മഷിപ്പേനയും ഉണ്ട് വളരെ ശബ്ദം താഴ്ത്തിയാണു സംസാരം പിള്ളേച്ചനു രണ്ടുഷര്‍ട്ടുകളേ ഉള്ളൂ ഒന്ന് ഇളം പച്ചയും മറ്റേത് കാക്കിയും തേക്കാത്തതുകൊണ്ട് ചുരുണ്ടുകൂടിയ കുപ്പായമാണു എപ്പോഴും ഇടുക

പിള്ളേച്ചന്റെ കൈകളില്‍ വളരെ കട്ടിയുള്ള തഴമ്പ് കണ്ട് ഞാന്‍ അന്വേഷിച്ചപ്പോള്‍ പിള്ളേച്ചന്‍ ചിരിച്ചു
“സാറേ നിങ്ങളൊന്നും ജീവിച്ചപോലെയല്ല എന്റെ കാര്യം ഒരുപാട് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എത്രരാത്രി കണ്ടത്തില്‍ ചക്രം ചവിട്ടിയിരിക്കുന്നു।എത്രമാത്രം മിറ്റല്‍ അടിച്ചിരിക്കുന്നു എന്തുമാത്രം മണ്ണുചുമന്നിരിക്കുന്നു അതൊക്കെ ഒരു കാലം!”

പിള്ളേച്ചന്‍ അകലേക്കുനോക്കിക്കൊണ്ട് മന്ത്രിച്ചു ആ കണ്ണുകള്‍ നിറയുന്നതു ഞാന്‍ കണ്ടു।
ദിവസങ്ങള്‍ നീങ്ങിയപ്പോള്‍ പിള്ളേച്ചനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നി। എന്തുപറഞ്ഞാലും എതിരില്ല, പക്ഷേ വളരെ ശാന്തമായി തിരുത്തേണ്ടതെന്തെങ്കിലും ഉണ്ടെങ്കില്‍ വിശദീകരിക്കും

അതേയ്,അങ്ങിനെ ചെയ്യുമ്പോഒരു ചെറിയ കുഴപ്പമില്ലേ,ഒന്ന് ഓര്‍ത്തുനോക്ക്................ജീവിതം ഒരുപാട് കണ്ട ഒരു കാരണവരുടെ ഇരുത്തംവന്ന സംസാരം

ഒരുദിവസം ഞാന്‍ കടനാട് ആശുപത്രിയില്‍ ഇരിക്കുമ്പോള്‍ പിള്ളേച്ചന്‍ വന്നു പതിവില്ലാതെ ഒരു തേച്ച നീല ഷര്‍ട്ടാണിട്ടിരിക്കുന്നത് മുഖത്ത് അതിയായ സന്തോഷം

" സാറേ എന്റെ മകളുടെ കല്യാണമാണു വരുന്ന തിങ്കളാഴ്ച്ച സാര്‍ രാവിലെ തന്നേ വീട്ടില്‍ വരണം കുട്ടികളേ അനുഗ്രഹിക്കണം"
തീര്‍ച്ചയായും ചെല്ലാമെന്ന് ഞാന്‍ സമ്മതിച്ചു.
പിള്ളേച്ചന്‍ വീട്ടിലേക്കുള്ള വഴി വിശദമായി പറഞ്ഞു എന്നാല്‍ ഞാന്‍ അത് വേണ്ടപോലെ ശ്രദ്ധിച്ചില്ല ഒരു അറ്റന്ററുടെ മകളുടെ കല്യാണം കൂടാന്‍ ഒരു ലീവ് എടുക്കുന്നതിനേപ്പറ്റി എനിക്ക് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല ഇരുപത്തി ഒന്നാം വയസ്സില്‍ ഒരുഗസറ്റഡ് ഓഫീസര്‍ ആയതിന്റെ ത്രില്ലില്‍ ഓഫീസില്‍ ജീവിതം മുഴുവനും സമര്‍പ്പിച്ചിരുന്ന നാളുകളായിരുന്നല്ലോ അത്

പിള്ളേച്ചന്‍ പോയി അപ്പോള്‍ത്തന്നെ ഞാന്‍ ആ കല്യാണക്കാര്യം മറക്കുകയും ചെയ്തുപിന്നെ അത് ഞാന്‍ ഓര്‍ത്തത് പിള്ളേച്ചന്‍ തിരികെ വന്നപ്പോള്‍ മാത്രമാണു

"സാര്‍ കല്യാണത്തിനു വന്നിലല്ലോ"

പിള്ളേച്ചന്‍ പതിവുപോലെ ശാന്തനായി പറഞ്ഞു ഞാന്‍ ആയിരത്തിഒന്നു രൂപാ പിള്ളേച്ചന്റെ കയ്യില്‍ വച്ചുകൊടുത്തു എന്നിട്ട് ഒരു ചെറിയ കള്ളം ഒരുമനസ്സാക്ഷിക്കുത്തും ഇല്ലാതെ തട്ടിവിട്ടു

"പിള്ളേച്ചാ ഞാന്‍ തീര്‍ച്ചയായും വരാന്‍ ഇരുന്നതാ പക്ഷേ അന്നു രാവിലെ ഒരു കേസുവന്ന് വീണു അല്ലങ്കില്‍ ഞാന്‍ വരാതിരിക്കുമോ?"

" സാരമില്ല സാറേ" പിള്ളേച്ചന്‍ശാന്തനായി പറഞ്ഞു

"നമ്മുടെ വകുപ്പില്‍ അങ്ങിനെ ഒക്കെ അല്ലേ സാറേ ജീവിതം!"

പിള്ളേച്ചന്റെ മുഖത്ത് ഒരു ചിരി
കൂടിയ തുക സമ്മാനമായി കിട്ടിയതിന്റെ സന്തോഷമാണതെന്ന് എനിക്ക് മനസിലായി। ഞാന്‍ ഉള്ളില്‍ ചിരിച്ചു

കുറച്ചുനാള്‍ കഴിഞ്ഞ് പിള്ളേച്ചന്‍ മണര്‍കാട് ഫാമിലേക്ക് സ്ഥലം മാറ്റമായി പോയി കാലം മുന്നോട്ട് നീങ്ങിയപ്പോള്‍ ആ വൃദ്ധന്‍ എന്റെ ഓര്‍മ്മയില്‍ നിന്നും പതുക്കെ പതുക്കെ മാഞ്ഞുപോകുകയും ചെയ്തു।

പിള്ളേച്ചനേ കുറിച്ച് പിന്നീട് ഞാന്‍ ഓര്‍ക്കുന്നത് ഇരുപത്തിനാലുകൊല്ലം കഴിഞ്ഞിട്ടാണ്.
അതും അപ്രതീക്ഷിതമായി। ഒരു സുഹൃത്തിന്റെ വീട്ടിലേക്കുള്ള വഴി സംശയം വന്നപ്പോഴാണു കാറുനിര്‍ത്തി വഴിചോദിക്കുവാന്‍ ഞാന്‍ അപരിചിതമായ ആ വീട്ടിലേക്ക് കയറി ചെന്നത്। പൂമുഖത്ത് പിള്ളേച്ചന്റെ ചിത്രം
ചില്ലിട്ട വലിയചിത്രത്തിലേക്ക് നോക്കിയപ്പോഴേ എനിക്ക് ആളേ മനസ്സിലായി
"ഞങ്ങള്‍ ഒരുമിച്ച് മേലുകാവില്‍ ജോലിചെയ്തിട്ടുണ്ട്"
ഞാന്‍ ആ വീട്ടുകാരോട് എന്റെ പരിചയം മറച്ചുവച്ചില്ല.

"ശ്രീനിവാസന്‍ സാറാണോ?

വീട്ടുടമസ്ഥന്റെ മറു ചോദ്യം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി।

"ശേഖരന്‍ മാമന്‍ സുഖമില്ലാതെ കിടന്നപ്പോ സാറിനേ ഒന്നുകാണണമെന്നുപറഞ്ഞിട്ട് ഞാന്‍ സാറിന്റെ വീട്ടില്‍ അന്വേഷിച്ചുവന്നിരുന്നു സാര്‍ അന്നു മലബാറില്‍ ജോലിയായിരുന്നു।"

" ഞാന്‍ പയ്യന്നൂരില്‍ ജോലിയായിരുന്നപ്പോഴായിരിക്കും പക്ഷേ ഞാന്‍ അത് അറിഞ്ഞില്ല കേട്ടോ।"

" എനിക്ക് വീട്ടില്‍നിന്നും അഡ്രസ് തന്നിരുന്നു എന്നാല്‍ എഴുത്തയക്കലൊന്നും നടന്നില്ല അപ്പോഴേക്കും അസുഖം കൂടി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയിഅവിടെ വെച്ച് എല്ലാം കഴിഞ്ഞു മാമന്‍ സാറിന്റെ ബാഗിനേപ്പറ്റി എന്തോ പറയാനാ വയ്യാതെ കിടന്നപ്പോ കാണണമെന്ന് പറഞ്ഞത്
എന്താന്ന് ആര്‍ക്കറിയാം? ആളുപെട്ടന്ന് പോയില്ലേ!"
ആ ചെറുപ്പക്കാരന്റെ കണ്ണില്‍ നനവ് പടരുന്നത് ഞാന്‍ കണ്ടു

ഇരുപത്തിനാലുവര്‍ഷമായി തമ്മില്‍കാണാത്തഒരാള്‍ക്ക് എന്റെ ബാഗിനേപ്പറ്റി എന്തു രഹസ്യമാണു പറയാനുണ്ടാവുക എനിക്ക് ആകെ ആശയക്കുഴപ്പമായി।

വീട്ടിലേ സ്റ്റോറില്‍ കയറി ഞാന്‍ പണ്ട് ഉപയോഗിച്ച് ഉപേക്ഷിച്ചിരുന്ന പഴയ ബാഗുകള്‍ എല്ലാം എടുത്ത് നോക്കി അതിനൊന്നും ഒരു പ്രത്യേകതയും ഉള്ളതായി എനിക്ക് തോന്നിയില്ല

എനിക്ക് വല്ലാത്ത നിരാശതോന്നി എന്താണാവോ പിള്ളേച്ചന്‍ എന്നോട് പറയാന്‍ ആഗ്രഹിച്ച കാര്യം?

ഇക്കാര്യം തന്നേ ചിന്തിച്ച് ഉറക്കം വരാതെ കിടന്ന ആ രാത്രിയുടെ ഏതോ ഒരുയാമത്തില്‍ മനസ്സിലെവിടെയോ മറഞ്ഞുകിടന്ന ഒരു ഓര്‍മ്മ പെട്ടന്ന് പൊങ്ങിവന്നു

"ഈശ്വരാ ആ ബാഗ് ഇതൊന്നുമല്ലല്ലോ കടനാട് മൃഗാശുപത്രിയിലെ കണ്ടം ചെയ്ത പഴയ സര്‍ജ്ജന്‍സ് ബാഗ് നന്നാക്കി അതല്ലേ ഞാന്‍ മേലുകാവില്‍ ഉപയോഗിച്ചിരുന്നത്? അത് ഞാന്‍ അവിടെ ഇട്ടിട്ട് പോരുകയാണല്ലോ ചെയ്തത് എന്താ അതുമായി ബന്ധപ്പെട്ട് ഇരുപത് വര്‍ഷം കഴിഞ്ഞ് പിള്ളേച്ചന്‍ എന്നോട് പറയാന്‍ കാത്തിരുന്നത്?

വല്ലാത്ത ഒരു ആകാംഷ എന്റെ മനസ്സില്‍ തിരയടിച്ചു

പിറ്റേന്ന് രാവിലെ തന്നേ ഞാന്‍ മേലുകാവ് മൃഗാശുപത്രിയില്‍ എത്തി ആശുപത്രി ഇപ്പോള്‍ പുതിയ കെട്ടിടത്തിലാണു ഡോ.ജസ്സി കാപ്പനാണു ഇപ്പോള്‍ ഇവിടെ ജോലിചെയ്യുന്നത് സ്റ്റോറിന്റെ ഒരുമൂലയില്‍ പൊടിപിടിച്ച് എന്റെ പഴയ സര്‍ജ്ജന്‍സ് ബാഗ് കിടന്നത് വല്ലാത്ത ഒരു ആവേശത്തോടേ ഞാന്‍ വാരിയെടുത്തുതുറന്നു അതില്‍ പഴയ കുറച്ചു മരുന്നുകളുംതുരുമ്പിച്ച കുറച്ച് ഉപകരണങ്ങളും മാത്രം

ഞാന്‍ നിരാശയോടെ അത് തിരിച്ചും മറിച്ചും നോക്കി അപ്പോഴാണതുകണ്ടത് സൈഡിലേ കള്ളിയില്‍ ഒരു കൊച്ചുപൊതി എണ്‍പത്തിരണ്ടിലേ മനോരമ പത്രത്തിന്റെ ഒരു ചീന്തില്‍ പൊതിഞ്ഞ ഒരു കൊച്ചു പൊതി

ഞാന്‍ അത് തുറന്നു ഡയറിയില്‍ നിന്നും കീറിയെടുത്ത നിറം മങ്ങിയ കടലാസില്‍ മഷിപേന കൊണ്ട് എഴുതിയ ഒരു കുറിപ്പ്

"ബഹുമാനപ്പെട്ട സാര്‍ അറിയുവാന്‍,എന്റെ മകളുടെ കല്യാണത്തിന്റെ മുഹൂര്‍ത്തം ആയിട്ടും സാര്‍ വന്നിട്ടു നടത്തിയാല്‍ മതി എന്ന് മറ്റുള്ളവരോട് പറഞ്ഞ് ഞാന്‍ സാറിനുവേണ്ടി കാത്തിരുന്നു സാര്‍ വരാതിരിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല പക്ഷേ സാര്‍ വന്നില്ല പകരം പിന്നീട് കണ്ടപ്പോള്‍ നല്ല ഒരു തുക തന്നുപണത്തിന്റെ വില എനിക്ക് അറിയാന്‍ മേലാഞ്ഞിട്ടല്ല എന്നാല്‍ പണത്തിനുവീട്ടാന്‍ പറ്റാത്ത ചില കടങ്ങള്‍ ഉണ്ടെന്ന് സാര്‍ മനസ്സിലാക്കണം.സാര്‍ ചെറുപ്പമാണു ഒരുപാട് ജീവിതം ബാക്കിയുണ്ട് അവിടെ ഒരിടത്തും ഇനി ഇത്തരം കടങ്ങള്‍ വരുത്താതെ സൂക്ഷിക്കണം എന്ന് ശേഖരന്‍ നായര്‍

ഞാന്‍ ആ പൊതി മുഴുവനും തുറന്നു അതിനുള്ളില്‍ നൂറിന്റെ പത്ത് നോട്ടുകളും ഒരു ഒരുരൂപായും
ഞാന്‍ പണ്ട് പിള്ളേച്ചന്റെ സ്നേഹത്തിനിട്ട വില

Friday, March 14, 2008

ഇങ്ങനേയും ചില മനുഷ്യര്‍ ..!!


ഞാന്‍ ഏറ്റവും കൂടുതല്‍ കാലം ജോലിചെയ്ത സ്ഥലം കൂത്താട്ടുകുളമാണ്.

നാലുവര്‍ഷം !

കോട്ടയത്തുനിന്നും എറണാകുളത്തേക്കുള്ള പ്രവേശന കവാടമാണ്

കൂത്താട്ടുകുളം. എം സി റോഡിന്റെ ഇരു വശങ്ങളിലായുള്ള ഒരു നല്ല

ഗ്രാമപ്രദേശം. മൃഗസംരക്ഷണപ്രവര്‍ത്തനങ്ങള്‍ വളരെകൂടുതല്‍ ഉള്ള

ഒരു സ്ഥലമാണിത് .അതുകൊണ്ടുതന്നെ കൂത്താട്ടുകുളം മൃഗാശുപത്രി വളരെ

തിരക്കുള്ള ഒരു ഓഫീസാണ്. പലദിവസങ്ങളിലും നൂറിലധികം ആളുകള്‍

ഇവിടെ വരാറുണ്ട്.കൂത്താട്ടുകുളത്തു ജോലിയായിരുന്ന കാലത്ത് നേരം

പുലരുന്നതും സൂര്യന്‍ അസ്തമിക്കുന്നതും ഞാന്‍ അറിഞ്ഞിരുന്നില്ല എന്നതാണു

സത്യം ദിവസങ്ങള്‍ക്ക് അത്രക്ക് വേഗതയായിരുന്നു.


ആശുപത്രിക്കും പ്രൈവറ്റ് ബസ് സ്റ്റാന്റിനും ഇടക്കുള്ള സ്ഥലത്തായിരുന്നു

ചന്ത.വലിയ ഒരു ചന്തയാണു കൂത്താട്ടുകുളത്തേത് .തമിഴ് നാട്ടിലെ

പൊള്ളാച്ചിയില്‍ നിന്ന് വരുന്ന നൂറുകണക്കിനു എരുമകളും കാളകളും നാട്ടില്‍

നിന്നുവരുന്ന പശുക്കളും ആടുകളും എല്ലാം നിറഞ്ഞ ചന്ത.
പന്നിക്കുഞ്ഞുങ്ങളേ വാങ്ങാന്‍ ഇവിടെ എത്രദൂരെ നിന്നാണാളുകള്‍ വരുന്നത്
പച്ചക്കറികളും ചെടികളും മീനും എന്നുവേണ്ട ഇവിടെ വലിയകച്ചവടമാണു
നടക്കുന്നത്

രുദിവസം ഞാന്‍ ചെറിയ ഒരു ഇടവേളകിട്ടിയപ്പോള്‍ ചന്തയിലെ കച്ചവടം

കാണാനിറങ്ങി വെറുതേ അലസമായി ചുറ്റിനടന്നു പെട്ടന്നാണൊരാള്‍ എന്റെ

ശ്രദ്ധയില്‍ പെട്ടത് കറുത്ത നിറം, വെളുത്ത മുണ്ടും ഷര്‍ട്ടും, നരച്ച മുടി ,
ഒരുപാട് ഉയരമില്ല, കൈയ്യില്‍ ഒരു ബിഗ് ഷോപ്പര്‍ ബാഗുമുണ്ട് .
പച്ചക്കറി കടയില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ സ്വയം ബിഗ്
ഷോപ്പറില്‍ വച്ച് തൂക്കിപ്പിടിച്ചുകൊണ്ട് അടുത്തകടയിലേക്ക്
ആള്‍ക്കൂട്ടത്തിലൊരാളായി നീങ്ങുന്നു .

ഈ മുഖം! ഇത് എവിടെയോ കണ്ടിട്ടുണ്ടല്ലോ നല്ല പരിചയം !

"ഈശ്വരാ, ശ്രീ കെ ആര്‍ നാരായണന്‍ ഇന്ത്യന്‍ പ്രസിഡന്റ് !!"

ഞാന്‍ ഞെട്ടിപ്പോയി !

ഭാരതത്തിന്റെ രാഷ്ട്രപതി ശ്രീ കെ ആര്‍ നാരായണന്‍ കൂത്താട്ടുകുളം ചന്തയില്‍

നിന്നും സാധനങ്ങളും വാങ്ങി നടക്കുന്നോ? ആള്‍ക്കൂട്ടത്തില്‍ ഒരാളായി

അദ്ദേഹം ഇവിടെ നില്‍ക്കുന്നത് ആരും കാണുന്നില്ലേ? എനിക്ക് വല്ലാത്ത

ആശയക്കുഴപ്പം ഞാന്‍ അടുത്തുനിന്ന ഒരാളുടെ കൈയ്യില്‍ പിടിച്ചുകൊണ്ട്

ചോദിച്ചു

“ചേട്ടാ ഈ പോകുന്ന ആള്‍?” .

“നമ്മുടെ പ്രസിഡന്റ് ശ്രീ കെ ആര്‍ നാരായണനേ അറിയില്ലേ ?”

“അറിയാം.” എന്റെ ശബ്ദം വിറച്ചിരുന്നു .

അദ്ദേഹത്തിന്റെ അനിയനാണിത് ,ശ്രീ കെ ആര്‍ ഭാസ്കരന്‍ .

“അദ്ദേഹം നേരിട്ടാണോ ചന്തയില്‍ വരുന്നത് ?”

എനിക്ക് അത്ഭുതം അടക്കാന്‍ പറ്റിയില്ല .

“അതിനെന്താ ?

അദ്ദേഹത്തിനെപ്പറ്റി അറിയാത്തതുകൊണ്ടാ ഡോക്ടര്‍ ഇങ്ങിനെ

ചോദിക്കുന്നത് .ശ്രീ കെ ആര്‍ നാരായണനും വീട്ടുകാരും വളരെ വലിയ

മനുഷ്യരാണ് ഈ ഭാസ്കരന്‍ ചേട്ടന്‍ പ്രസിഡന്റിനേപ്പോലെ തന്നെ

വിദേശത്തു പോയി പഠിച്ച് ജോലിചെയ്ത ആളാണ്. അദ്ദേഹത്തിനു

വിദേശത്തുനിന്നും പെന്‍ഷന്‍ ഉണ്ട്. ചേട്ടന്‍ ഇന്ത്യന്‍ പ്രസിഡന്റായതു
കൊണ്ട് ചെല്ലുന്നിടത്തേല്ലാം ഇരിക്കാന്‍ രണ്ടുകസേരവേണമെന്നു
വിചാരിക്കുന്ന തരം ആളല്ല അദ്ദേഹം.
ഒരിക്കല്‍ പനിപിടിച്ച് അദ്ദേഹം കോട്ടയത്ത് മെഡിക്കല്‍

കോളേജില്‍ അഡ്മിറ്റായി, എല്ലാവരേയും പോലെ വാര്‍ഡില്‍ .
ആരോ പറഞ്ഞറിഞ്ഞ് ജീവനക്കാര്‍ അദ്ദേഹത്തേ സ്പെഷ്യല്‍
റൂമിലേക്ക് മാറ്റുന്നതു വരെ അവിടെത്തന്നെ കഴിഞ്ഞു .
അതിന് അദ്ദേഹത്തിനു ഒരു പരാതിയുമില്ല

അത്രക്കു വലിയ ഒരു മനസ്സിന്റെ ഉടമയാണദ്ദേഹം.പിന്നെയാണോ

വീട്ടിലേക്ക് കുറച്ചു സാധനം വാങ്ങാന്‍ ചന്തയില്‍ വരാന്‍ മടി”
അയാള്‍ ചിരിച്ചു.


ഞാന്‍ പതുക്കെ എന്റെ ഓഫീസിലേക്ക് നടന്നു. എനിക്ക് അദ്ദേഹത്തോട്

വലിയ ബഹുമാനം തോന്നി .
ശ്രീ കെ ആര്‍ നാരായണന്‍,
ചേച്ചി കെ ആര്‍ ഗൗരിയമ്മ,
അനിയന്‍ കെ ആര്‍ ഭാസ്കരന്‍.
എല്ലാവരും എത്ര വലിയ മനസ്സിന്റെ ഉടമകളാണ് !!

ജാഡകളോ പുറമ്പൂച്ചുകളോ ഇല്ലാത്ത മനുഷ്യര്‍ .

സാധാരണ മലയാളികള്‍ ഒന്നു സഹ്യന്റെ അപ്പുറം പോയിവന്നാല്‍
മതി അവന്റെ സംഭാഷണ രീതി മാറും.

യാ യാ, അഛാ ,ഇന്‍ഷാഅള്ളാ തുടങ്ങിയ വാക്കുകള്‍ നാവില്‍ നിറയും

മലയാലം ശരിക്കുവരുന്നില്ല ,മുണ്ടുടുക്കുന്നതെങ്ങനെയെന്നു മരന്നുപോയി

അമ്മയാണതു പിന്നെ പഠിപ്പിച്ചത് തുടങ്ങിയ സംഭാഷണങ്ങള്‍ ഈ കാച്ചില്‍

കൃഷ്ണപിള്ളമാര്‍ പറയുന്നത് എത്രതവണ കേട്ടിരിക്കുന്നു.ആ

വിചാരത്തോടെയാണു ശ്രീ കെ ആര്‍ നാരായണനു പ്രസിഡന്റ് പദവി

ലഭിച്ചതിനു ഉഴവൂരില്‍ നല്‍കിയ സ്വീകരണസമ്മേളനത്തിലേക്ക് ഞാന്‍

പോയത് പ്രസംഗവേദിയില്‍ വന്ന അദ്ദേഹം സദസില്‍ ഇരുന്നിരുന്ന

അദ്ദേഹത്തിന്റെ രണ്ട് വൃദ്ധരായ അദ്ധ്യാപകരേ ഇറങ്ങിവന്ന് വന്ദിച്ചപ്പോള്‍

അത് രാഷ്ട്രീയക്കാരന്റെ തന്ത്രമാണെന്നാണാദ്യം വിചാരിച്ചത് എന്നാല്‍

അദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോള്‍ അങ്ങിനെ ചിന്തിച്ചതില്‍ കുറ്റബോധം

തോന്നി ആ പ്രസംഗം റിക്കാഡു ചെയ്തത് ഞാന്‍ പലതവണകേട്ടുനോക്കി .

100% ശുദ്ധമായ തനി നാടന്‍ ഉഴവൂര്‍ മലയാളം!!

ജീവിതത്തിന്റെ മുഖ്യഭാഗവും വിദേശത്തു കഴിച്ചുകൂട്ടി അവിടുത്തേ

ഉന്നതവ്യക്തികളുമായി നിരന്തരം വിദേശഭാഷ സംസാരിച്ചിരുന്ന ഒരു

വ്യക്തിയുടെ ഒരുമണിക്കൂര്‍ നീണ്ട വികാരം നിറഞ്ഞ പ്രസംഗത്തില്‍

ശുദ്ധമലയാളമല്ലാതെ ഒരു യാ ,യായുമില്ല ഇന്‍ഷ അള്ളായുമില്ല !!

ജാഡകളില്ലാത്ത വ്യക്തിത്വം!

എനിക്ക് അദ്ദേഹത്തിന്റെ നാട്ടുകാരനായതില്‍ അഭിമാനം തോന്നി.


ശ്രീ കെ ആര്‍ നാരായണന്റെ ഇന്ത്യന്‍ പ്രസിഡന്റ് ആയിട്ട് ആദ്യമായി

നാട്ടിലേക്കു വരുന്ന സമയം. പത്രപ്രവര്‍ത്തകര്‍ ഉഴവൂരെ

വീട്ടില്‍ചെന്നു അദ്ദേഹത്തിന്റെ കുടുംബാഗങ്ങളേകണ്ടു സംസാരിച്ച

വാര്‍ത്തയിലെ ഒരു കാര്യം എന്നെ വല്ലാതെ സ്പര്‍ശിച്ചു.

അദ്ദേഹത്തിന്റെ ചേച്ചി കെ ആര്‍ ഗൗരിഅമ്മ പത്രക്കാരോട് പറഞ്ഞു

“എന്റെ അനിയനു ചെണ്ടക്കപ്പ പുഴുങ്ങിയതും ഞാന്‍ വയ്ക്കുന്ന മീന്‍ കറിയും

വലിയ ഇഷ്ടമാണ്. അതു ഞാന്‍ ഇത്തവണ ഉണ്ടാക്കികൊടുക്കുന്നുണ്ട്.”

ശ്രീ നാരായണന്‍ കേരളത്തില്‍ വന്നു.

ഏറ്റവും വലിയ നക്ഷത്ര ഹോട്ടലില്‍ അതി വിശിഷ്ട ഭോജ്യങ്ങള്‍
കാത്തിരിക്കേ അദ്ദേഹം പത്രക്കാരുടെ ചോദ്യത്തിനു
മറുപടിയായി പറഞ്ഞു .

“ എന്റെ വീട്ടില്‍ ചേച്ചി നല്ല മീന്‍ കറിയും കപ്പയും ഉണ്ടാക്കാമെന്നു

പറഞ്ഞിട്ടുണ്ട് , അതു ഞങ്ങള്‍ക്ക് ഒരുമിച്ചിരുന്നു കഴിക്കണം.”

അതു പരസ്യമായി പറയുവാന്‍ അദ്ദേഹത്തിനു യാതൊരു മടിയും

ഉണ്ടായിരുന്നില്ല.

കേവലം ഒരു ഉദ്യോഗസ്ഥന്റെ വകയിലുള്ള ബന്ധുവായാല്‍

പോലും ആ അവകാശം ദുരുപയോഗിച്ച് എന്തെല്ലാം കോമാളിത്തരങ്ങളാണ്

പലരും കാട്ടിക്കൂട്ടുന്നത്!!

പത്രലേഖകരെ പരസ്യമായി തല്ലിയ ഇത്തരം ആളുകളേ പോലും

നമുക്കറിയാം.


അവര്‍ക്കിടയില്‍ വ്യത്യസ്ഥരായി ഒരു കെ ആര്‍ ഗൗരിയും, ഒരു കെ ആര്‍

ഭാസ്കരനും, ഒരു കെ ആര്‍ നാരായണനും!!

ഇങ്ങിനെയും ചില മനുഷ്യര്‍ ഈ ഭൂമിയിലുണ്ടോ ?

അത്ഭുതാദരങ്ങളോടെയല്ലാതെ ആ കുടുംബത്തേ എങ്ങനെ

കാണാനാകും?

എന്റെ ഓഫീസില്‍ അതുകൊണ്ടു തന്നെയാണു ശ്രീ കെ ആര്‍ നാരായണന്റെ

ചിത്രം ഞാന്‍ സൂക്ഷിക്കുന്നതും.