Wednesday, May 23, 2007

ചായക്കോപ്പയിലേ ഒരു കൊച്ചു കൊടും കാറ്റ്

"ജോസേ പോയി കുറച്ച് വെള്ളം കോരിക്കൊണ്ട് വാ” എന്നു സലീം പറഞ്ഞിടത്താണു തുടക്കം.
സലീമും ജോസുചേട്ടനും തമ്മില്‍ തെറ്റി.
സലീം എന്റെ ഓഫീസിലെ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടറാണു,
ജോസുചേട്ടന്‍ പാര്‍ട്ട് ടെം സ്വീപ്പറും.ജോസുചേട്ടനു വയസ് 64.

സാമാന്യം നല്ല ഭൂസ്വത്ത് ഉണ്ട്. പക്ഷേ ആയകാലത്ത് മദ്യപിച്ച് സ്വത്ത് ഒരുപാട് അന്യാധീനപ്പെടുത്തിയതുമൂലം ബന്ധുക്കള്‍ ബാക്കിസ്വത്ത് മകന്റെ പേരിലേക്കുമാറ്റി.
മകന്‍ അപ്പനെ നന്നായി നോക്കുന്നുണ്ടെങ്കിലും
വീടിന്റെ ഒരു മൂലയില്‍ വെന്തതിന്റെ ഒരു അംശം കഴിച്ചു ചുരുണ്ടുകൂടാനുള്ള അവകാശം മാത്രമേ തനിക്ക് ഉള്ളൂ എന്നു കരുതിയാണു ജീവിതം.

മുകളിലേക്കു പിരിച്ചുവച്ച നരച്ച മീശയും,മദ്യപാനികളുടെ മുഖമുദ്രയായ ആരേയും മയക്കുന്ന ആചിരിയും ഓഫീസില്‍ വരുമ്പോള്‍മാത്രമേയുള്ളൂ.ജോസിനെ ജോസുചേട്ടന്‍ എന്നാണു ഞാന്‍ അടക്കമുള്ളവര്‍ വിളിച്ചിരുന്നത്. വിളിക്കുക മാത്രമല്ലാ ആ സ്ഥാനവും ഞങ്ങള്‍ കൊടുത്തിരുന്നു.
അതാണു മനപ്പൂര്‍വ്വം സലീം തെറ്റിച്ചത്.അത് ജോസുചേട്ടനിഷ്ടപ്പെട്ടില്ല.
മറുപടിയൊന്നും പറയാതെജോസുചേട്ടന്‍ മനോരമ ആഴ്ചപ്പതിപ്പിലേക്ക് മുഖം താഴ്ത്തി.
സലീമിനിതൊട്ടും ഇഷ്ടപ്പെട്ടില്ല.പക്ഷേ ഒന്നും പറഞ്ഞില്ല. അല്‍പസമയം കഴിഞ്ഞു.
ഒരു പശുവിനെ ബീജസങ്കലനത്തിനായി കൊണ്ടുവന്നു.അവര്‍ പോയിക്കഴിഞ്ഞ് സലീം എന്റെ അടുത്തെത്തി. “സാര്‍ വെള്ളം തീര്‍ന്നു. ആ സ്വീപ്പറോട് കുറച്ചു വെള്ളം കൊണ്ടുവരാന്‍ പറയണം.
ഞാന്‍ ജോസുചേട്ടനെ വിളിച്ചു ജോസുചേട്ടന്‍ കോപം കൊണ്ട് വിറക്കുന്നു
“സാര്‍ ഞാന്‍ നാലുദിവസത്തേക്കുള്ള വെള്ളം കോരിയിരുന്നതാണു.അത് മൊത്തം മറിച്ചുകളഞ്ഞു.
ഇനി ഇന്ന് എനിക്ക് വെള്ളം കോരാന്‍ പറ്റില്ല.
സലീമിനതിനു മറുപടിയുണ്ട് .”എനിക്ക് കൈകഴുകുവാന്‍ ഇത്രയും വെള്ളം വേണം.
അതിന്റെ അളവ് സ്വീപ്പറല്ലാ തീരുമാനിക്കേണ്ടത്”
ഞാന്‍ മനസ്സില്‍ ഒന്നു ചിരിച്ചു.ഇവര്‍ കൊച്ചുകുട്ടികളേപ്പോലെ വഴക്കിടുകയാണു .
എന്നിട്ട് തീര്‍പ്പ് പറഞ്ഞു.
“ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ക്ക് കൈകഴുകാന്‍ ആവശ്യമുള്ള വെള്ളത്തിന്റെ അളവ് അയാള്‍ തീരുമാനിക്കുന്നതാണു. സ്വീപ്പറുടെ ജോലി ആവശ്യത്തിനുവേണ്ട വെള്ളം കൊണ്ടുവരികയുമാണു. അതുകൊണ്ട് വെള്ളം തീരുമ്പോഴൊക്കെ ജോസുചേട്ടന്‍ കൊണ്ടുവരണം”

ജോസുചേട്ടന്‍ സലീമിനെ ഒന്നു രൂക്ഷമായി നോക്കിയിട്ട് ബക്കറ്റുമായി പോയി.
പിറ്റേന്നു രാവിലേയും ഈ രംഗം ആവര്‍ത്തിച്ചു.
നാലു ബക്കറ്റ് വെള്ളംകൊണ്ട് സലീം കൈകഴുകി.

ജോസുചേട്ടന്‍ വീണ്ടും വെള്ളത്തിനായി പോകുന്നതിനുമുന്‍പ് എന്റെ അടുത്തേക്കു വന്നു.
ആ കണ്ണുകള്‍ നിറഞ്ഞിരുന്നു,നരച്ചകൊമ്പന്‍ മീശ ചെറുതായി വിറക്കുന്നുമുണ്ട്.
നന്നായി കിതക്കുന്നുമുണ്ട് ശാന്തമെങ്കിലും ഉറച്ച ശബ്ദത്തില്‍ എന്നോടു പറഞ്ഞു.
“സാറേ അവന്റെ അപ്പന്റെ പ്രായമുള്ളവനാ ഞാന്‍.
എനിക്ക് ഒരുപാടു ഭാരം എടുക്കാന്‍ പറ്റുകേലാഎന്നറിഞ്ഞുകൊണ്ടാണീ
നാലു ബക്കറ്റ് വെള്ളത്തിലേ കൈകഴുക്ക്. ആയിക്കോട്ടേ!
അധികം കാലം ഒന്നും ഈ കളി കളിക്കാന്‍
ദൈവം തമ്പുരാന്‍ അവനിടകൊടുക്കുകേലാ, ഇതു ഞാനാ പറയുന്നത്”
ജോസുചേട്ടന്‍ ആടി ആടി ബക്കറ്റുമായി പോകുന്നതു കണ്ടപ്പോള്‍ എനിക്ക് സഹതാപം തോന്നി.

സലീം ഇതെല്ലാം കേട്ട് ഒരു പുഛചിരി ചിരിച്ചു.
ഞാന്‍ സലീമിന്റെ തോളില്‍ കൈവെച്ചിട്ടു പറഞ്ഞു

“സലീമേ ഒന്നു കൈ കഴുകാന്‍ നാലുബക്കറ്റ് വെള്ളം അല്ലേ?
കൊള്ളാം നിയമപരമായി സലീം പറയുന്നതെല്ലാം ശരിയാണു.
പക്ഷേ ഒരാള്‍ ഇതെല്ലാം കാണുന്നുണ്ടെന്നുള്ളത് മറക്കാതിരുന്നാല്‍ കൊള്ളാം.
നമ്മള്‍ അന്യരോടുകാണിക്കാത്ത ദയ ദൈവം നമക്കു തരും എന്നു കരുതരുത്.
ഇനി എല്ലാം സലീമിന്റെ ഇഷ്ടം”
ആ പ്രശ്നം അവിടെ തീര്‍ന്നു. ചായക്കോപ്പയിലേ കൊടുംകാറ്റ് ശാന്തമായി.

സലീം ഒരുകപ്പു വെള്ളത്തില്‍ കൈകഴുകാന്‍ തുടങ്ങി.ജോസുചേട്ടന്‍ ഒരാഴ്ചയോളം നിശബ്ദനായിരുന്നു. പിന്നെ എല്ലാം സാധാരണപോലെയായി.
മൂന്നു വര്‍ഷം കഴിഞ്ഞ് ഒരു ഹാര്‍ട്ട് അറ്റാക്കില്‍ നാല്‍പ്പത്തിആറുകാരനായ സലീം മരിച്ചു. ശവസംസ്ക്കാരസ്ഥലത്ത് ഒരു മൂലയില്‍ നിശബ്ദനായി നിന്നിരുന്ന എന്റെ കൈയില്‍ ആരോ പിടിച്ചു.
ഞാന്‍ തലയുയര്‍ത്തി, ജോസുചേട്ടന്‍.
ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.നരച്ചകൊമ്പന്‍ മീശ ചെറുതായി വിറക്കുന്നുമുണ്ട്. നന്നായി കിതക്കുന്നുമുണ്ട്. “സാര്‍ അന്നു ഞാന്‍ ഒന്നുമോര്‍ത്തല്ലാ അങ്ങിനെ.....” എനിക്ക് സഹതാപം തോന്നി.
“ എനിക്കറിയാം ജോസുചേട്ടാ. പിന്നെ ഇതെല്ലാം ദൈവം തീരുമാനിക്കുന്നതല്ലേ?
നമ്മള്‍ എന്നാ പറഞ്ഞാലും പറഞ്ഞില്ലേലും വരാനുള്ളതു വരും.വിഷമിക്കാതെ”

ജോസുചേട്ടനു അല്‍പം സമാധാനമായി എന്നെനിക്ക് തോന്നി.
എങ്കിലും ആ കണ്ണുകളിലേക്കു നോക്കുവാന്‍ എനിക്കു ധൈര്യം വന്നില്ല.

Thursday, May 10, 2007

ഈ കൊച്ചു മനുഷ്യനോട് ഞാന്‍ വളരെ കടപ്പെട്ടിരിക്കുന്നു.

കേസ് ഷീറ്റിലെ കഥകള്‍ രാമനില്‍ നിന്നും തുടങ്ങാം...................
രാമനെ ഒരിക്കല്‍ കണ്ടാല്‍ ആരും പിന്നെ മറക്കില്ല !
5അടി പൊക്കം, കറുത്ത നിറം , വായില്‍ നിറച്ചു മുറുക്കാന്‍, ബല്‍ബോട്ടം പാന്റും ഷര്‍ട്ടും വേഷം, നീളന്‍ തലമുടി വകുപ്പ് എടുക്കാതെ പുറകോട്ടു ചീകി തോളുവരെ കിടക്കുന്നു തോളില്‍ ഒരു റിപ്പര്‍ ബാഗ് തലമുടിയില്‍ ഒരു പൂവ് [മിക്കവാറും ചെത്തിപ്പൂവ് ] , റ പോലെ താഴേക്കു വളഞ്ഞു നില്‍ക്കുന്നമീശ , സന്തോഷം തുളുമ്പുന്ന മുഖം, ചുറു ചുറുക്കുള്ള നടത്തം,തമിഴ് കലര്‍ന്ന സംസാരം ഇതാണു രാമന്‍ !! വളരെ സീനിയറായ ഒരു ലൈവുസ്റ്റോക്ക് ഇന്‍സ്പക്ടര്‍ ,എന്റെ ആദ്യ സഹപ്രവര്‍ത്തകന്‍.

ഒരു ഉച്ച സമയം,തന്റെ റിപ്പര്‍ ബാഗില്‍ നിന്നും ഒരു ഓടക്കുഴല്‍ എടുത്ത് പരിസരം മറന്നു ഗാനാലാപനം നടത്തുന്ന രാമനേ കണ്ട് ഞാന്‍ ഫാര്‍മസിയിലേക്കു ചെന്നു. “എന്താ രാമാ എന്ത് പറ്റി?” ഉടന്‍ രാമന്റെ മറുപടി “ ശോകരാഗമാണു സാര്‍” “അതെന്താ രാമാ ഇത്രക്കു ശോകം?” “ഇന്നു ഫീല്‍ഡു കേസ്സുകള്‍ ഒന്നുമില്ലല്ലോ സര്‍ അതാണു സര്‍” ഇതായിരുന്നു രാമന്‍ !!!

രാമന്‍ കഥകള്‍ ഇതുപോലെ ഒരുപാടുണ്ട് രാമന്‍ പലപ്പോഴും ഓഫീസില്‍ വരാന്‍ താമസ്സിക്കും അതിനു വിചിത്രങ്ങളായ പല കാരണങ്ങളും കേട്ടിട്ടുണ്ട് ഒരു ഉദാഹരണം : ഞാന്‍ ഇന്നുരാവിലെ നേരത്തെ കൂത്താട്ടുകുളം വരെ വന്നു സര്‍ പെട്ടെന്ന് ഒരു വിറയും ബോധക്കേടും പിന്നെ ഒന്നും ഓര്‍മ്മയില്ല ഓര്‍മ്മ വന്നപ്പോള്‍ മണി 11 അതാണു താമസ്സിച്ചത്!

ഇത്തരം മറുപടികള്‍ പല രൂപത്തില്‍ ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ രാമനെ വിളിപ്പിച്ചു
രാമാഓഫീസ് സമയം എത്രമണിക്കാണെന്ന് അറിയാമോ?
8മണി സര്‍
നാളെ ത്തൊട്ടു സമയത്ത് ഇവിടെ ഉണ്ടായിരിക്കണം!!
എന്റെ ഉത്തരവ്
ശരി സര്‍
രാമന്‍ സമ്മതിച്ചു
പിറ്റേദിവസം രാവിലേ 8 മണിക്ക് ഞാന്‍ ഓഫീസ്സിലെത്തിയപ്പോള്‍ ചിരിക്കുന്ന രാമന്റെ മുഖം
ഗുഡ് മോര്‍ണിഗ് സര്‍ !!
അല്‍പ്പം അഹന്തയോടെ ഞാന്‍ ചോദിച്ചു
ഇന്ന് ഇപ്പം എങ്ങിനെ സമയത്തിനെത്തി രാമാ?
യാതൊരു ഭാവമാറ്റവും ഇല്ലാതെ രാമന്റെ മറുപടി:
ഞാന്‍ ഇന്നലെ വീട്ടില്‍ പോയില്ല സര്‍ പോയിരുന്നെല്‍ ഈ സമയത്ത് എത്തില്ല സര്‍

ഞാന്‍ ഞെട്ടിപ്പോയി. എന്റെ ഒരു വാക്കിന്റെ പരിണിതഫലം ഇങ്ങിനയോ? ഞാന്‍ രാമനെ ഉടനെ വീട്ടിലോട്ട് അയച്ചു. കൂടുതല്‍ വാര്‍ത്തകള്‍ പുറകെ വന്നു തലേ രാത്രി രാമന്റെ വീട്ടിലും അയല്‍പക്കത്തും ആരും ഉറങ്ങിയിട്ടില്ല. ഓഫീസില്‍ നിന്നും വീട്ടിലോട്ടുള്ളവഴിയില്‍ അപ്രത്യക്ഷനായ രാമനെ മോര്‍ച്ചറിയില്‍ വരെ അന്വേഷിച്ചുപോലും!!

എനിക്കു വലിയകുറ്റബോധം തോന്നി ഈ സംഭവം പിന്നീട് പലപ്പോഴും എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. രാമന്‍ എതിര്‍ത്തിരുന്നെങ്കില്‍ ഞാന്‍ എങ്ങിനെ പ്രതികരിക്കുമായിരുന്നു? രാമന്‍ ഒരു പൊട്ടനോ മന്ദബുദ്ധിയോ അല്ല എന്നിട്ടും എന്തിനു ഇങ്ങിനെ ചെയ്തു ? ?

താന്‍ സര്‍വീസില്‍ കയറിയതിനു ശേഷം മാത്രം ഭൂലോകം കണ്ട ഒരു കിളിന്ത് പയ്യന്റെ ഭരണം കണ്ട് രാമന്‍ മനസ്സില്‍ ചിരിച്ചിരുന്നോ?? ? അന്ന് 21 വയസ്സുമാത്രം പ്രായമുണ്ടായിരുന്നഎന്റെ അപക്വചിന്താരീതിയെ മനസ്സിലളന്ന് എനിക്കുമനസ്സിലാക്കുവാന്‍ കഴിയുന്ന രീതിയില്‍ രാമന്‍ ഒരു ഡോസ് മരുന്നു തന്നതാണോ? ആയിരിക്കാം..................................................

കങ്ങഴയിലേ ശിവദാസന്‍,അടിമാലിയിലേ മോഹനന്‍,പയ്യന്നൂരിലേ തോമസ്, മൂന്നാറിലേ ദാസ് കിടങ്ങൂരിലേ ഷീനാ തുടങ്ങി സര്‍വീസിലെ കുരുക്കുകളില്‍ നിന്നും രക്ഷപെടുത്തുവാന്‍ ഞാന്‍ സഹായിച്ചതിനു എനിക്ക് നന്ദി പറഞ്ഞിട്ടുള്ള എന്റെ സഹപ്രവര്‍ത്തകരായ നിരവധിപേരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്.
നിങ്ങള്‍ നന്ദി പറയേണ്ടത് എന്നോടല്ല.
എന്റെ അകക്കണ്ണ് തുറപ്പിച്ച് മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ എന്നെ പാകമാക്കിയ
ഒരു ചെറിയ മനുഷ്യനോടാണു.
വായില്‍ നിറച്ചു മുറുക്കാനും തോളില്‍ ഒരു റിപ്പര്‍ ബാഗും
തലമുടിയില്‍ ഒരു ചെത്തിപ്പൂവുമായി നടക്കുന്ന ആ മനുഷ്യനോട്!
എന്റെ ഏറ്റവും പ്രീയപ്പെട്ട ആ രാമനോട്!!!

ഒരു ബ്ലാങ്ക് ഒ.പി.ടിക്കറ്റ്

കേസ് ഷീറ്റ് എന്ന ഈ ബ്ലോഗ് എന്റെ ചികത്സാ കുറിപ്പുകളാണ്.
1981 സെപ്റ്റമ്പര്‍ 17 നു തുടങ്ങിയ ഉദ്യോഗപര്‍വ്വത്തിന്റെ ബാ‍ക്കിപത്രം.
ചികത്സിച്ച മൃഗങ്ങളേപ്പറ്റി മാത്രമല്ല ആവഴിത്താരയില്‍ കണ്ടുമുട്ടിയവയേപ്പറ്റിയും ഇതിലുണ്ട്.

മൃഗ ചികത്സ ഒരു പ്രത്യേക ലോകമാണ്.
ഒരുപാടു കുഴികളും ഇരുട്ടും ഉള്ള ലോകം,
വാളെടുക്കുന്നവനൊക്കെ വെളിച്ചപ്പാടാകുന്ന ഒരു വിചിത്ര ലോകം.

“മാട്ടുചികത്സയും മന്ത്രവാദവും ഒരുപോലെതാന്‍ , കടമായാല്‍ ഫലം കിടയാത്”
എന്ന് ഒരു തമിഴ് പഴമൊഴിയുണ്ട്.
മന്ത്രവാദം ചെയ്യാതെ കടമാകുമ്പോഴും,മാട്ടുചികത്സ ചെയ്തു കടമാകുമ്പോഴും അവസ്ഥ ഒന്നുതന്നെ . [പ്രതി] ഫലം കിട്ടുകയില്ല
പാണ്ടിക്കാരന്റെ ഈ ചൊല്ല് മലയാളത്തുകാരനും ശരിയാണ്.

കടം വീട്ടേണ്ടവന്‍ പിന്നീട് കണ്ടാല്‍ അതില്‍ നിന്നും രക്ഷപെടാനായി
മുഖം തിരിച്ച് നടക്കുന്നതും, ഈ ചികിത്സകന്‍ പണി വല്യപിടിയില്ലാത്തയാളാണെന്നു
പ്രചരിപ്പിക്കുന്നതും ആയിരിക്കും അടുത്തരംഗങ്ങള്‍.

ഇമ്മാതിരി ബുദ്ധികൂടുതലുള്ള ഈ മലയാളിക്കു മുന്‍പില്‍
എന്റെ ഉള്ളിലുണ്ടായിരുന്ന സേവന തല്പരനായ വൈദ്യന്‍
അകാല ചരമം പ്രാപിക്കുന്നത് നിസ്സഹായനായി ഞാന്‍ നോക്കിനിന്നിട്ടുണ്ട് .

പണ്ടെവിടെയോ വായിച്ച ഒരു വളരെ പഴയ ചെറുകവിതയുണ്ട്,


“മൃഗചികില്‍സക ജ്യൗതിഷ മന്ത്രവാദിനാം
ഗൃഹേ ഗൃഹേ ഭോജനമാദരേണ
അന്യാനി ശാസ്ത്രാണി സുശിക്ഷിതാനി
പാനീയമാത്രം ന ദദാതി ലോക:”

അതിന്റെ ആശയം ഇതാണ്,

“മൃഗവൈദ്യന്‍, ജോതിഷക്കാരന്‍, മന്ത്രവാദി എന്നിവര്‍
ഏതു വീട്ടില്‍ ചെന്നാലും അവരേ ആദരവോടെ സ്വീകരിച്ച്
ഇഷ്ടഭോജ്യങ്ങള്‍ നല്‍കാന്‍ ആളുകള്‍ തയ്യാറാണ്.
കാരണം അവരെ ജനങ്ങള്‍ക്ക് എപ്പോഴും ആവശ്യമുണ്ട്,
എന്നാല്‍ മറ്റു ഗഹനമായ വിഷയങ്ങളൊരുപാട്
അരച്ച് കലക്കിക്കുടിച്ചിട്ടുള്ള മഹാന്മാര്‍ക്ക്

കുടിക്കാനുള്ള വെള്ളം പോലുംകൊടുക്കാന്‍ ആളുകള്‍ മടിക്കും,
കാരണം അവരുടെ വിദ്യകൊണ്ട്

സാധാരണ മനുഷ്യനു വലിയ പ്രയോജനം ഇല്ല”

ചുരുക്കത്തില്‍ തല്ലും തലോടലും ഒരുപാടുള്ള ഒരു ലോകമാണിത്.
എന്റെ കൂടെ പോന്നോളൂ,ഞാന്‍ നിങ്ങളേ ഇതിനുള്ളിലേക്ക് കൊണ്ടുപോകാം.........!