Thursday, May 10, 2007

ഒരു ബ്ലാങ്ക് ഒ.പി.ടിക്കറ്റ്

കേസ് ഷീറ്റ് എന്ന ഈ ബ്ലോഗ് എന്റെ ചികത്സാ കുറിപ്പുകളാണ്.
1981 സെപ്റ്റമ്പര്‍ 17 നു തുടങ്ങിയ ഉദ്യോഗപര്‍വ്വത്തിന്റെ ബാ‍ക്കിപത്രം.
ചികത്സിച്ച മൃഗങ്ങളേപ്പറ്റി മാത്രമല്ല ആവഴിത്താരയില്‍ കണ്ടുമുട്ടിയവയേപ്പറ്റിയും ഇതിലുണ്ട്.

മൃഗ ചികത്സ ഒരു പ്രത്യേക ലോകമാണ്.
ഒരുപാടു കുഴികളും ഇരുട്ടും ഉള്ള ലോകം,
വാളെടുക്കുന്നവനൊക്കെ വെളിച്ചപ്പാടാകുന്ന ഒരു വിചിത്ര ലോകം.

“മാട്ടുചികത്സയും മന്ത്രവാദവും ഒരുപോലെതാന്‍ , കടമായാല്‍ ഫലം കിടയാത്”
എന്ന് ഒരു തമിഴ് പഴമൊഴിയുണ്ട്.
മന്ത്രവാദം ചെയ്യാതെ കടമാകുമ്പോഴും,മാട്ടുചികത്സ ചെയ്തു കടമാകുമ്പോഴും അവസ്ഥ ഒന്നുതന്നെ . [പ്രതി] ഫലം കിട്ടുകയില്ല
പാണ്ടിക്കാരന്റെ ഈ ചൊല്ല് മലയാളത്തുകാരനും ശരിയാണ്.

കടം വീട്ടേണ്ടവന്‍ പിന്നീട് കണ്ടാല്‍ അതില്‍ നിന്നും രക്ഷപെടാനായി
മുഖം തിരിച്ച് നടക്കുന്നതും, ഈ ചികിത്സകന്‍ പണി വല്യപിടിയില്ലാത്തയാളാണെന്നു
പ്രചരിപ്പിക്കുന്നതും ആയിരിക്കും അടുത്തരംഗങ്ങള്‍.

ഇമ്മാതിരി ബുദ്ധികൂടുതലുള്ള ഈ മലയാളിക്കു മുന്‍പില്‍
എന്റെ ഉള്ളിലുണ്ടായിരുന്ന സേവന തല്പരനായ വൈദ്യന്‍
അകാല ചരമം പ്രാപിക്കുന്നത് നിസ്സഹായനായി ഞാന്‍ നോക്കിനിന്നിട്ടുണ്ട് .

പണ്ടെവിടെയോ വായിച്ച ഒരു വളരെ പഴയ ചെറുകവിതയുണ്ട്,


“മൃഗചികില്‍സക ജ്യൗതിഷ മന്ത്രവാദിനാം
ഗൃഹേ ഗൃഹേ ഭോജനമാദരേണ
അന്യാനി ശാസ്ത്രാണി സുശിക്ഷിതാനി
പാനീയമാത്രം ന ദദാതി ലോക:”

അതിന്റെ ആശയം ഇതാണ്,

“മൃഗവൈദ്യന്‍, ജോതിഷക്കാരന്‍, മന്ത്രവാദി എന്നിവര്‍
ഏതു വീട്ടില്‍ ചെന്നാലും അവരേ ആദരവോടെ സ്വീകരിച്ച്
ഇഷ്ടഭോജ്യങ്ങള്‍ നല്‍കാന്‍ ആളുകള്‍ തയ്യാറാണ്.
കാരണം അവരെ ജനങ്ങള്‍ക്ക് എപ്പോഴും ആവശ്യമുണ്ട്,
എന്നാല്‍ മറ്റു ഗഹനമായ വിഷയങ്ങളൊരുപാട്
അരച്ച് കലക്കിക്കുടിച്ചിട്ടുള്ള മഹാന്മാര്‍ക്ക്

കുടിക്കാനുള്ള വെള്ളം പോലുംകൊടുക്കാന്‍ ആളുകള്‍ മടിക്കും,
കാരണം അവരുടെ വിദ്യകൊണ്ട്

സാധാരണ മനുഷ്യനു വലിയ പ്രയോജനം ഇല്ല”

ചുരുക്കത്തില്‍ തല്ലും തലോടലും ഒരുപാടുള്ള ഒരു ലോകമാണിത്.
എന്റെ കൂടെ പോന്നോളൂ,ഞാന്‍ നിങ്ങളേ ഇതിനുള്ളിലേക്ക് കൊണ്ടുപോകാം.........!

3 comments:

വക്കാരിമഷ്‌ടാ said...

കൂടെ പോരാന്‍ റെഡി.

പഴയ ബ്ലോഗുണ്ടോ ഇപ്പോഴും?

പാലാ ശ്രീനിവാസന്‍ said...
This comment has been removed by the author.
പാലാ ശ്രീനിവാസന്‍ said...

പഴയ ബ്ലോഗാണ് ഇതിന്റെ ഇരട്ടക്കുട്ടിയായ ബ്ലാക്ക് ബ്രദേഴ്സ് എന്ന ബ്ലോഗ്.ഈ ബ്ലോഗുകളിലെ view profile ല്‍ ക്ലിക്ക് ചെയ്ത് രണ്ട് ബ്ലോഗിലേക്കും പോവുകയും ചെയ്യുകയും ചെയ്യാം.