Wednesday, September 26, 2007

കുട്ടുകാരന്‍

ഐങ്കൊമ്പിലിറങ്ങി മല കയറിയാണു ഞാന്‍ സാധാരണയായി കടനാട്ടിലേക്ക് പോകുകയും വരികയും ചെയ്തിരുന്നത്. അതാകുമ്പോള്‍ ബസ്സ് സ്റ്റോപ്പില്‍ നിന്നും ഒരുകിലോമീറ്റര്‍ ദൂരമേയുള്ളു കൊല്ലപ്പള്ളിയിലോ പിഴകിലോ എത്തണമെങ്കില്‍ രണ്ട് കിലോമീറ്ററിലധികം യാത്രചെയ്യണം കടനാടുവഴി പാലാ രാമപുരമായി ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്സുള്ളത് നാലു മണിക്ക് പോകും മൃഗാശുപത്രിയുടെ സമയം അന്‍ചുമണിവരേയും.

ഐങ്കൊമ്പ് ഒരു ചെറിയ കവലയാണ്. മൂവാറ്റുപുഴ പുനലൂര്‍ സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ പാലാ തൊടുപുഴ റോഡിലേക്ക് രാമപുരത്തുനിന്ന് ഒരു റോഡ് വന്ന് ചേര്‍ന്ന് ഉണ്ടാകുന്ന ഒരു ഒരു ചെറിയ മുക്കവല. ടാര്‍ ചെയ്യാത്ത ഒരു റോഡ് കടനാട്ടിലേക്കുമുള്ളതുകൊണ്ട് ഒരു നാല്‍ക്കവല എന്നുവേണമെങ്കില്‍ പറയാം.

മഹാദേവന്‍ ഡോക്ടറുടെ ശ്രീകൃഷ്ണാ ആയുര്‍വേദ ആശുപത്രി, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, രണ്ട് ചായക്കടകള്‍, രണ്ട് മുറുക്കാന്‍ കടകള്‍, ഒരു വെയിറ്റിഗ് ഷെഡ് ഇതെല്ലാം ചേരുമ്പോള്‍ ഐങ്കൊമ്പ് ആയി.

രാവിലെ പാലാ കൂത്താട്ടുകുളം ക്യൂന്‍ മേരി ബസ്സില്‍ ഐങ്കൊമ്പിലെത്തുമ്പോള്‍ എട്ടേകാല്‍ ആകും ഓഫീസ് സമയം എട്ടായതുകൊണ്ട് പിന്നെ ഒരു ഓട്ടമാണു . വൈകിട്ട് സമാധാനമായി നടന്ന് വന്നു കിട്ടുന്ന ബസ്സില്‍ മടങ്ങും.

അന്ന് ഒരു മഴദിവസമായിരുന്നു. ഞാന്‍ ധൃതിപിടിച്ച് നടക്കുമ്പോഴാണു പുറകില്‍ നിന്നും ഒരു വിളികേട്ടത്
“ഏയ് കൂട്ടുകാരാ, ഒന്നുനില്‍ക്കെന്നേ .” ഞാന്‍ തിരിഞ്ഞുനോക്കി.
എഴുപതിനടുത്ത് പ്രായം തോന്നുന്നഒരു വൃദ്ധന്‍ ചിരിച്ചുകൊണ്ട് വരുന്നു.
നരച്ച കുറ്റിമുടി അദ്ധ്വാനികളായ ക്രിസ്ത്യാനി കാരണവന്മാരുടെ സാധാരണ വേഷമായ ഒരു വലിയ ചുട്ടിത്തോര്‍ത്താണുടുത്തിരിക്കുന്നത്കയ്യില്‍ ഒരു അരിവാളും ഉണ്ട്.
“ കുറേ ദിവസമായി കൂട്ടുകാരന്‍ രാവിലേ ഓടുന്നത് ഞാന്‍ കാണുന്നുണ്ട്.
ആരാണെന്നറിയാന്‍ ഞാന്‍ ഇന്ന് കാത്തുനില്‍ക്കുകയായിരുന്നു കേട്ടോ.”

‘കൂട്ടുകാരാ!’ ആ സമ്പോധന എനിക്ക് ശരിക്കും രസിച്ചു.
എഴുപതുകാരനായ ഒരാള്‍ ഇരുപത്തിഒന്നുകാരനായ ഒരാളേ വിളിക്കാന്‍ പറ്റിയ വിളിപ്പേര്. ഞാനും ചിരിച്ചു

“ എന്റെ കൂട്ടുകാരാ, ഞാന്‍ കടനാട് മൃഗാശുപത്രിയിലെ പുതിയ ഡോക്ടറാ,എട്ടുമണിക്കല്ലേ ഓഫീസ് സമയം അതാ ഈ ഓട്ടം.”

“ എന്നാ ശരികൂട്ടുകാരാ, വൈകിട്ട് കാണാം.”
ചിരിച്ചുകൊണ്ടാ വൃദ്ധന്‍ പശുവിനു പുല്ലരിയാന്‍ പോയി.
വലിയ ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്.

ആ വൃദ്ധനെ എല്ലാവരും വിളിച്ചിരുന്നത് കുഞ്ഞേട്ടാ എന്നാണ്.
എന്നാല്‍ ഞങ്ങള്‍ തമ്മില്‍ വിളിച്ചിരുന്നത് കൂട്ടുകാരാ എന്നും .
ഐങ്കൊമ്പ് കവലയിലാണെന്റെ കൂട്ടുകാരന്റെ വീട്.മകനും പേരക്കുട്ടികളുമൊത്താണു ജീവിതം. വൈകുന്നേരം ഞാന്‍ ഐങ്കൊമ്പില്‍ എത്തുമ്പോള്‍ വീടിന്റെ വരാന്തയിലെ ബന്‍ചില്‍ കുഞ്ഞേട്ടനുണ്ടാകും. സൂര്യനുകീഴിലുള്ള എല്ലാത്തിനേയും പറ്റി ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഇടക്ക് കുഞ്ഞേട്ടന്‍ എന്നേ ചായ കുടിക്കാന്‍ വിളിക്കും. വീടിനെതിര്‍ വശത്തുള്ളചെറിയ ചായക്കടയില്‍ കയറി ഞങ്ങള്‍ ചായ കുടിക്കും

കുഞ്ഞേട്ടന്‍ എപ്പോഴും സന്തോഷവാനായിരുന്നു. ഇടക്ക് മകന്‍ വണ്ണപ്പുറത്തേക്ക് താമസം മാറ്റിയപ്പോള്‍ മാത്രമാണു ഞാന്‍ കുഞ്ഞേട്ടനെ ദുഖിതനായികണ്ടത്. കുഞ്ഞേട്ടന്റെ സങ്കടം കണ്ടിട്ടാവണം മകന്‍ അധികം താമസിയാതെ തിരിച്ചുവന്നു .
“ ഇന്നെനിക്ക് വലിയ സന്തോഷമാ കൂട്ടുകാരാ ആതുകൊണ്ട് രണ്ട് ബോണ്ടാകൂടി തിന്ന്.”
ആ സന്തോഷം കുഞ്ഞേട്ടന്‍ എനിക്ക് അങ്ങിനെയാണു കൈമാറിയത് .

മൂന്നു വര്‍ഷം കഴിഞ്ഞ് ഞാന്‍ കടനാട്ടില്‍ നിന്ന് സ്ഥലം മാറ്റമായി പോയി.
പിന്നെ ഐെങ്കൊമ്പിലൂടെ ബസ്സില്‍ കടന്നുപോകുമ്പോഴെക്കെ എന്റെ കണ്ണുകള്‍ എന്റെ പ്രിയ കൂട്ടുകാരനെ തിരയാറുണ്ട്. വൈകുന്നേരമാണെങ്കില്‍ കുഞ്ഞേട്ടന്‍ റോഡിലേക്കും നോക്കി ആ ബന്‍ചില്‍ ഇരുപ്പുണ്ടാകും. ഞങ്ങള്‍ പരസ്പരം കൈ വീശും.

വര്‍ഷങ്ങള്‍ കടന്നുപോയി. ഞാന്‍ അടിമാലി മൃഗാശുപത്രിയില്‍ ജോലിചെയ്യുകയാണ്.
ഒരുദിവസം പാലായില്‍ നിന്നും തൊടുപുഴ യിലെ ജില്ലാഓഫീസില്‍പോകാനായി ഞാന്‍ ബസ്സില്‍ കയറി.പ്രശാന്ത് മോട്ടോഴ്സില്‍. ആ ബസ്സിലെ ജീവനക്കാരെന്റെ പരിചയക്കാരായതുകൊണ്ട് ഞാന്‍ അവരോട് വര്‍ത്തമാനം പറഞ്ഞുകൊണ്ട് മുന്‍പിലുള്ള ഒരു സീറ്റിലാണിരുന്നത്. ബസ്സില്‍ നല്ല തിരക്കായിരുന്നു ബസ്സ് ഐങ്കൊമ്പില്‍ എത്തിയപ്പോള്‍ പതിവുപോലെ ഞാന്‍ എന്റെ കൂട്ടുകാരനേത്തേടി .ബഞ്ച് കാലിയാണു കുഞ്ഞേട്ടന്‍ അവിടില്ല .

“ ഏയ് കൂട്ടുകാരാ!” ഇടത്ത് വശത്തുനിന്നായിരുന്നു വിളി. ഞാന്‍ ഞെട്ടിത്തിരിഞ്ഞു.

“ ഇറങ്ങിവാ ഒരുചായ കുടുച്ചിട്ട് പോകാം.”
എന്റെ കൂട്ടുകാരന്‍ പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നു.
“ഞാന്‍ പോയിട്ട് തിരികെ വരുമ്പോഴെറെങ്ങാം .” ഞാന്‍ വിളിച്ചുപറഞ്ഞു.
കുഞ്ഞേട്ടന്‍ സമ്മതിച്ചില്ല.

“ ഒന്നും പറഞ്ഞാല്‍ പറ്റത്തില്ല എന്റെ കൂട്ടുകാരന്‍ ഇങ്ങെറങ്ങിവന്നേ.”
കുഞ്ഞേട്ടന്‍ വീണ്ടും പറഞ്ഞപ്പോള്‍ എനിക്ക് തടസ്സം പറയാന്‍ പറ്റിയില്ല .
ഞാന്‍ ബസ്സില്‍ നിന്നും ചാടിയിറങ്ങി. ബസ്സ് സ്റ്റോപ്പില്‍ നിന്ന ഒരുപഴയ പരിചയക്കാരനോട് ഞാന്‍ എന്തോ സംസാരിച്ചിട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍ കുഞ്ഞേട്ടനെ കണ്ടില്ല. എനിക്ക് ചായക്ക് പറയാന്‍ കടയില്‍ കയറി എന്നു കരുതി ഞാന്‍ അങ്ങോട്ട് ചെന്നു. പെട്ടന്നാണു അടുത്ത വളവിനപ്പുറത്തുനിന്ന് വല്ലാത്തൊരു ശബ്ദം കേട്ടത് എല്ലാവരും അങ്ങോട്ട് ഓടി ഞാനും കൂടത്തിലോടി. രക്തം തണുപ്പിക്കുന്ന ഒരുദൃശ്യമായിരുന്നു മുന്‍പില്‍. ഞാന്‍ യാത്രചെയ്തിരുന്ന പ്രശാന്ത് ബസ്സിനു തീ പിടിച്ചിരിക്കുന്നു. യാത്രക്കാര്‍ അഗ്നിഗോളങ്ങളായി കത്തി അമരുന്നു.
ചെവി അടപ്പിക്കുന്ന നിലവിളികള്‍ !!
അടുത്തുള്ള കൈത്തോട്ടിലേക്ക് ആളുകളേ പൊക്കിയെടുത്തിട്ട് തീകെടുത്തി രക്ഷിക്കാന്‍ നോക്കുന്ന ആളുകള്‍. ഫയര്‍ഫോഴ്സ്,പോലീസ് രക്ഷാപ്രവര്‍ത്തകര്‍ തുടങ്ങി ഒരു വലിയജനപ്രവാഹം അവിടെ എത്തിച്ചേര്‍ന്നത് വളരെപെട്ടന്നാണ് .കേരളത്തേ നടുക്കിയ

ബസ്സ് അപകടമായിരുന്നു എന്റെ കണ്മുന്‍പില്‍ !!

കരിക്കട്ടകളായിപ്പോയമനുഷ്യശരീരങ്ങളേ കണ്ട് മനസ്സും ശരീരവും വിറങ്ങലിച്ച് നിന്ന ആ നിമിഷങ്ങളില്‍ നിന്നു മനസ്സിനു മുക്തിനേടാന്‍ എനിക്ക് ഒരാഴ്ച്ചയോളം സമയം എടുത്തു. കുഞ്ഞേട്ടനേക്കണ്ട് ഇക്കാര്യം സംസാരിക്കണമെന്നെനിക്കുതോന്നി. ആ ബഹളത്തില്‍ ഞാന്‍ കുഞ്ഞേട്ടന്റെ കാര്യം മറന്നുപോയിരുന്നു
ഞാന്‍ ബൈക്കില്‍ ഐങ്കൊമ്പില്‍ എത്തി .

“ഡോക്ടര്‍ എന്താ ഇവിടെ? കടനാട്ടിലോട്ട് തിരിച്ചുവന്നോ?”
പഴയ പരിചയക്കാര്‍ പലരും ചുറ്റും കൂടി.

“ നമ്മുടെ കുഞ്ഞേട്ടനെവിടെപ്പോയി?” ഞാന്‍ അവരോട് ചോദിച്ചു .

“കുഞ്ഞേട്ടന്‍ മരിച്ചിട്ട് രണ്ട്കൊല്ലം കഴിഞ്ഞല്ലോ ഡോക്ടററിഞ്ഞില്ലായിരുന്നോ?”

അവര്‍ക്ക് അത്ഭുതം. ഇതാ ഇവിടെ വച്ച് കാറുമുട്ടിയാ മരിച്ചത് .
അവര്‍ തുടര്‍ന്ന് വിശദീകരിച്ചതൊന്നും ഞാന്‍ കേട്ടില്ല
എന്റെ മനസ്സില്‍ വലിയ ഒരു കടല്‍ ഇരമ്പുകയായിരുന്നു
യഥാത്ഥത്തില്‍ എന്താണു സംഭവിച്ചത്?
എനിക്ക് ആശയക്കുഴപ്പമായി.

ഞാന്‍ കുഞ്ഞേട്ടനേ കണ്ടോ?
അതോ അത് എന്റെ മനസ്സ് ശ്രുഷ്ടിച്ച ഒരു മായാ കാഴ്ചയായിരുന്നോ??

Tuesday, September 4, 2007

സമ്പൂര്‍ണ്ണ ആരോഗ്യം!!! 120 വയസ്സ്.

കുര്യാക്കോസ് ചേട്ടന്‍.......!!


1.മായാവിയല്ല,മണ്‍പ്രതിമയുമല്ല കുര്യാക്കോസ് ചേട്ടന്‍ മണ്ണുതേച്ചിരിക്കുന്നു.
2.വെള്ളത്തിലിരുപ്പ്.

ഞാന്‍ കടനാട് ആശുപത്രിയുടെ മുന്‍പില്‍ തേക്കുംകാട്ടിലെ ചേട്ടനോട്

സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് ആ കാഴ്ച്ച കണ്ടത്

ഒരു സ്ത്രീ കുട്ടിയേയും തോളിലിട്ടുകൊണ്ട് ഓടിവരുന്നു.

കുട്ടിക്ക് പനിയായതുകൊണ്ട് ഗവ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ്.


“എന്നാടീ നീ ഓടുന്നത്?” തേക്കുംകാട്ടിലെ ചേട്ടന്‍ റോഡിലേക്ക് ഇറങ്ങിച്ചെന്നു.
“അവിടെ ഒരാളു കുഴിയെടുക്കുന്നു.അതും കാത്തിരുന്നാല്‍ ഈ ചെറുക്കനെ അതിലിട്ട് മൂടാനേ പറ്റൂ!അതാ ഞാന്‍ ഇറങ്ങി ഓടിയത്.”
അവര്‍ ആശുപത്രിയിലേക്ക് ഓടി. എനിക്ക് കാര്യം മനസ്സിലായില്ല.
പിന്നീട് കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ചുപോയി.

ഈ സ്ത്രീയുടെ അമ്മായിഅഛനാണു കുര്യാക്കോസ്.
പ്രകൃതിചികില്‍സക്കും യോഗാഭ്യാസത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന ആള്‍.
കുട്ടിക്ക് പനി വന്നപ്പോള്‍ പുതുമണ്ണു തേച്ച് ഇരുന്നാല്‍ മതി,

മരുന്നുവാങ്ങേണ്ടായെന്ന് പറഞ്ഞിട്ട് അതിനു വേണ്ടി കുഴിയെടുക്കുവാന്‍ തുടങ്ങി.
അതാണു കുട്ടിയുടെ അമ്മ ആശുപത്രിയിലേക്ക് ഓടിയത്.

എനിക്ക് ഈയാളിനെ ഒന്നു കാണണമെന്നുതോന്നി.
വിചിത്രമായി ചിന്തിക്കുന്നവരെ എനിക്ക് വളരെ ഇഷ്ടമാണ്,എക്കാലവും.
എന്റെ ആഗ്രഹം പിറ്റേന്നുതന്നെ സാധിച്ചു കുര്യാക്കോസ് ചേട്ടന്‍ മൃഗാശുപത്രിയില്‍ വന്നു , പുതിയഡോക്ടര്‍ വന്നതറിഞ്ഞ് പരിചയപ്പെടാനാണു വരവ്.ഞാന്‍ വിചാരിച്ചിരുന്നതില്‍ നിന്നും വളരെ വ്യത്യസ്തന്‍,
സൗമൃന്‍. സന്തോഷവാന്‍.
ആകണ്ണുകളില്‍ ശാന്തതയുടെ ഒരു കടല്‍ ഉള്ളതായി എനിക്ക് തോന്നി.
ശരിക്കും പ്രകാശം പരത്തുന്ന ഒരാള്‍!!!!
ഈയാളേപ്പറ്റിയാണോ വട്ടന്‍ എന്ന രീതിയില്‍ കേട്ടതെന്ന് എനിക്ക് തോന്നി.

“ ഡോക്ടറേ, ഇങ്ങനെ ആയാല്‍ പറ്റുകേലല്ലോ. കായികാധ്വാനം ഒന്നും ഇല്ല അല്ലേ? ചുമ്മാകണ്ടബേക്കറി പലഹാരം തീറ്റയൊക്കെ നിര്‍ത്തണം
അല്ലങ്കില്‍ ആയുസ്സ് വളരെ കുറഞ്ഞുപോകും കേട്ടോ.” അദ്ദേഹം സംസാരിച്ച് തുടങ്ങി.
വലിയ ഒരു സൗഹൃദത്തിന്റെ ആരംഭം ആയിരുന്നു അത്.

കടനാട് കാരിശ്ശേരില്‍ കുന്നേത്താഴെ കുര്യാക്കോസ്
എന്ന കുര്യാക്കോസ് ചേട്ടനെ ഞാന്‍ ആദ്യമായി പരിചയപ്പെട്ടതും അങ്ങിനെയാണ്.
കുര്യാക്കോസ് ചേട്ടന്‍ നെറ്റിയിലേ തൊലി വലിച്ചുകാണിച്ചു
തൊലിക്കടിയില്‍ കൊഴുപ്പ് അധികം ഉണ്ടാവാന്‍ പാടില്ല
ഉണ്ടാകാതെ നോക്കണം.” കുര്യാക്കോസ് ചേട്ടന്‍ പറഞ്ഞു.
"നമുക്ക് ഉണ്ടാകേണ്ടത് ആരോഗ്യവും പണവുമാണ്.
അല്ലാതെ പണവും ആരോഗ്യവുമല്ല.
ഇതറിയാതെ നമ്മള്‍ ആരോഗ്യം കളഞ്ഞും പണം ഉണ്ടാക്കുന്നു.
പിന്നെ ആ പണം മുഴുവനും കളഞ്ഞാലും ആരോഗ്യം കിട്ടുന്നില്ല.
എല്ലാവരും അപ്പോഴേക്കും PhD നേടും."
"PhD യോ?" എനിക്ക് മനസ്സിലായില്ല .
പ്രഷര്‍, ഹാര്‍ട്ട്, ഡയബറ്റീസ് കുര്യാക്കോസ് ചേട്ടന്‍ വിശദീകരിച്ചു .
ശരിയാണല്ലോ എനിക്ക് തര്‍ക്കം ഉണ്ടായിരുന്നില്ല .

സുഖക്കേട് വന്നാല്‍ മരുന്ന് കഴിച്ച് അതില്‍ നിന്നും രക്ഷപെടാമെന്ന
അബദ്ധധാരണയാണ് മനുഷ്യന്. “ആരോഗ്യത്തില്‍ ആഹാരമാകാത്തത് അനാരോഗ്യത്തില്‍ ഔഷധമാകുന്നതെങ്ങനെ?.”
കുര്യാക്കോസ് ചേട്ടന്‍ ചോദിച്ചപ്പോള്‍ എനിക്ക് ഉത്തരമുണ്ടയിരുന്നില്ല .
അദ്ദേഹം തന്റെ ജീവിതകഥ വിവരിച്ചു.
ഒരിക്കല്‍ രോഗംബാധിച്ച് അലോപ്പതി ചികില്‍സയില്‍ വളരെനാള്‍ കിടന്നിരുന്നു.
അവസാനം ഇനിരക്ഷയില്ല എന്നുപറഞ്ഞ് ആശുപത്രിയില്‍ നിന്നും ഉപേക്ഷിച്ച് വീട്ടിലെത്തി. അങ്ങിനെ കഴിയുമ്പോഴാണു അദ്ദേഹം പ്രകൃതിചികില്‍സ തുടങ്ങിയത്.
അതിന്റെ ഫലം അത്ഭുതകരമായിരുന്നു. രക്ഷപെട്ടു
എന്നുമാത്രമല്ല ആരോഗ്യംപതിന്മടങ്ങ് വര്‍ദ്ധിച്ചു
ചുരുക്കത്തില്‍ കുര്യാക്കോസ് ചേട്ടന്റെ ശവസംസ്ക്കാരത്തിനു വന്ന പലരുടേയും ശവസംസ്ക്കാരം കുര്യാക്കോസ് ചേട്ടന്‍ കൂടി.

ഇപ്പോള്‍ എന്നും രാവിലെ നാലുമണിക്ക് എഴുന്നേല്‍ക്കും.

രണ്ടുമണിക്കൂര്‍ യോഗാഭ്യാസം മുടക്കാറില്ല ആള്‍ക്കാരെ യോഗാ പഠിപ്പിക്കുന്നുമുണ്ട്.

പിന്നെ പലപ്പോഴും കുര്യാക്കോസ് ചേട്ടന്‍ ആശുപത്രിയില്‍ വന്നിട്ടുണ്ട് .

ഞാന്‍ പലപ്പോഴും അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുമുണ്ട്.
അപ്പോഴെക്കെ വളരെ നേരം ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരിക്കും .
1986ല്‍ ഞാന്‍ ചെങ്ങളം മൃഗാശുപത്രിയില്‍ ജോലിയിലിരിക്കുമ്പോള്‍
കുര്യാക്കോസ് ചേട്ടന്‍ എന്നെ അന്വേഷിച്ചു വന്നു .
13.4.1986ല്‍ കുര്യാക്കോസ് ചേട്ടനു 70 വയസ് ആകുന്നു.
സപ്തതി ആഘോഷത്തിനു എന്നെ ക്ഷണിക്കാന്‍ വന്നതാണ്.
ആഘോഷം വളരെ കേമമായിരുന്നു.
പ്രകൃതിക്കിണങ്ങുന്ന വിഭവങ്ങളുമായി സല്‍ക്കാരം,
കുര്യാക്കോസ് ചേട്ടന്റെ യോഗാ പ്രകടനം പ്രഭാഷണം.
പ്രഭാഷണം പിന്നീട് ഒരു പുസ്തകമായി ആരോഗ്യസന്ദേശം എന്നപേരില്‍
പിന്നീട് 1996ല്‍ ഞാന്‍ കോടിക്കുളത്ത് ജോലിയിലിരിക്കുമ്പോള്‍
കുര്യാക്കോസ് ചേട്ടന്‍ എന്നെ ക്കാണാന്‍ വന്നു
13.4.1996ല്‍ അദ്ദേഹത്തിന്റെ അഷതി 80 വയസ്സ് ആഘോഷം നടക്കുന്നു .
അതില്‍ പങ്കെടുത്ത് സംസാരിച്ചപ്പോള്‍ ഞാന്‍ എല്ലാവരുടേയും മനസ്സിലുള്ള സംശയം ഉന്നയിച്ചു . എന്താ കുര്യാക്കോസ് ചേട്ടന്‍ അമൃതം കഴിക്കുന്നുണ്ടോ?
പ്രായം കൂടും തോറും ചുറുചുറുക്ക് കൂടിവരുന്നു.
മറുപടിയായി കുര്യാക്കോസ് ചേട്ടന്‍ ഉപനിഷത്തില്‍ നിന്നും ഒരു ഉദ്ധരണി വിവരിച്ചു.
“ ഭക്ഷണമാണു സര്‍വലൗകിക ഔഷധം അതായത് ഒരുവന്റെ ആരോഗ്യം
അവന്റെ ആഹാരത്തേ ആശ്രയിച്ചിരിക്കുന്നു.
അമൃതമാണെങ്കിലും അധികമായാല്‍ വിഷം എന്നല്ലേ
അപ്പോള്‍ നമ്മുടെ ഭക്ഷണമധികമല്ലകണക്കിനായാല്‍പ്പോലും വിഷമല്ലാതെ വരുമോ?
പണം മുടക്കി പോഷകമൂല്യം കൂടുതലുള്ള ആഹാരം കഴിച്ചാല്‍
ആരോഗ്യം കിട്ടുമായിരുന്നെങ്കില്‍ ആരോഗ്യം പണക്കാരനു സ്വന്തമായേനേ .
എന്നാല്‍ അവര്‍ക്കല്ലേ രോഗം കൂടുതല്‍ .
അതുകൊണ്ട് നിങ്ങള്‍ എന്നെ പുകഴ്ത്തിയാല്‍ മാത്രമ്പോരാ
എന്റെ രീതികള്‍ സ്വീകരിക്കുകയും വേണം
എന്നാലേ നിങ്ങള്‍ക്ക് ആരോഗ്യം കിട്ടൂ.”
വര്‍ഷങ്ങള്‍ കടന്നുപോയി
13.4.2006
കുര്യാക്കോസ് ചേട്ടന്‍ നവതി [90 വയസ്സ്]
ആഘോഷത്തിനു ക്ഷണിക്കാന്‍ വരുമെന്ന് ഞാന്‍ കരുതി പക്ഷേ കണ്ടില്ല
വീട്ടിലെല്ലാവര്‍ക്കും വിഷമം. അദ്ദേഹം മരിച്ച് പോയിക്കാണുമോ?
അതോ കിടപ്പായോ? ഒന്ന് അന്വേഷിക്കുകതന്നെ.”
ഞങ്ങള്‍ എല്ലാവരും ഒരുകാറില്‍ കടനാട്ടിലേക്ക് പുറപ്പെട്ടു.
പാലാ ആശുപത്രിത്താഴെ എത്തിയപ്പോഴാണു കണ്ടത്
ഒരു കാവിവേഷക്കാരന്‍ നല്ലവേഗത്തില്‍ നടന്നുപോകുന്നു, - കുര്യാക്കോസ് ചേട്ടന്‍!!
ഞാന്‍ കാര്‍ നിര്‍ത്തി.അപ്പോഴേക്കും അദ്ദേഹം കാറിനെകടന്ന് മുന്നോട്ട് പോയിക്കഴിഞ്ഞു.
ഞാന്‍ പുറകേ ഓടി..
കുരിശുപള്ളിക്കവലക്ക് അപ്പുറത്തുവച്ചാണു എനിക്ക് ഒപ്പം എത്താന്‍ കഴിഞ്ഞത്.
“അല്ലാ ശ്രീനിവാസന്‍ ഡോക്ടറോ എങ്ങോട്ടാ ഈ ഓട്ടം?”
കുര്യാക്കോസ് ചേട്ടന്റെ കാഴ്ച്ചക്കോ ഓര്‍മ്മക്കോ ഒരു കുഴപ്പവുമിലഎനിക്ക് അത്ഭുതമായി. കുര്യാക്കോസ് ചേട്ടനേയും കാറില്‍ കയറ്റി ഞങ്ങള്‍ കടനാട്ടിലേക്ക് പോന്നു.
അദ്ദേഹം നവതി ആഘോഷം നടത്തിയത് അനാഥാലയത്തില്‍ ഭക്ഷണം നല്‍കിക്കൊണ്ടായിരുന്നു. ഞാന്‍ സാകൂതം കുര്യാക്കോസ് ചേട്ടന്റെ സംസാരം ശ്രദ്ധിച്ചിരുന്നു.
പണ്ട് 25 വര്‍ഷം മുന്‍പ് കണ്ടതിനേക്കാള്‍ ചുറുചുറുക്ക്!
കണ്ണുകളില്‍ പ്രകാശം വര്‍ദ്ധിച്ചിരിക്കുന്നു.
“ 90 വയസ്സായിട്ടും 35 വയസ്സായെന്ന ബോദ്ധ്യം എനിക്ക് ഇല്ല.വയസ്സിന്റേതായ ഒരു പ്രശ്നവും ഇല്ല. 15 ഇഡലി ഒറ്റ ഇരുപ്പില്‍ തിന്നാന്‍ മാത്രം വിശപ്പുതോന്നുന്നു. വേണമെങ്കില്‍ തിരുവനന്തപുരം വരെ ഒന്ന് നടക്കാമെന്നും തോന്നുന്നു.” കുര്യാക്കോസ് ചേട്ടന്‍ സരസമായി വിശദീകരിക്കുകയാണ്.
90വയസ്സില്‍ 25 ന്റെ കരുത്ത് !!!
എനിക്ക് ശരിക്കും അസൂയ തോന്നി.
Wednesday, August 15, 2007

ആദ്യ പാഠങ്ങള്‍..!!

സ്വാതന്ത്ര്യ ദിനാശംസകള്‍!!!!

കടനാട് മൃഗാശുപത്രിയില്‍ എനിക്ക് ജോലി ഒരു ആവേശമായിരുന്നു.

രാവിലെ എട്ടുമണി മുതല്‍പന്ത്രണ്ട് മണി വരേയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരേയും ആണു ഓഫീസ് സമയം.ഉച്ചക്ക് ഉള്ള മൂന്നുമണിക്കൂര്‍ പുറത്ത് ചികില്‍സകള്‍ക്ക് പോകാന്‍ ഉപയോഗിക്കും. കടനാട്ടില്‍ എത്തിച്ചേരുവാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടായിരുന്നു. നേരിട്ട് ബസ്സുകള്‍ അന്നുണ്ടായിരുന്നില്ല. കൊല്ലപ്പള്ളിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ നടക്കണം . ഞാന്‍ അതിനു ഒരു പരിഹാരം കണ്ടെത്തി. ഐങ്കൊമ്പില്‍ ബസ്സ് ഇറങ്ങി ഒരു കിലോമീറ്റര്‍ മല കയറി റബ്ബര്‍ത്തോട്ടത്തിലൂടെ നടന്നാല്‍ ആശുപത്രിയിലെത്താം.എന്റെ യാത്ര അതുവഴിയായി.എത്ര കഷ്ടപ്പെട്ടാലുംരാവിലെ എട്ടിനുതന്നെ ഓഫീസില്‍ എത്തണമെന്ന് ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ധാരാളം പരിചയക്കാരായി.പശുക്കളേയും ആടുകളേയേം ഒക്കെ ചികല്‍സിക്കുവാനായി കൊണ്ടുവരാന്‍ തുടങ്ങി.ചുരുക്കത്തില്‍ കടനാട് മൃഗാശുപത്രി ശരിക്കും സജീവമായി .

ഒരു ഉച്ചസമയം. ഒരു കൈലിയുമുടുത്ത് തോളില്‍ ഒരുതോര്‍ത്തും ഇട്ടു ഷര്‍ട്ടിടാത്ത ഒരു പ്രായമായ മനുഷ്യന്‍ ആശുപത്രിയിലേക്ക് വന്നു.വന്നപാടെ കൈയിലുണ്ടായിരുന്ന കുപ്പി എന്റെ മേശപ്പുറത്ത് വച്ചു.കസേരയില്‍ ഇരുന്ന് തോര്‍ത്ത് എടുത്ത് വീശി ക്കൊണ്ട് പറഞ്ഞു

“ഡോക്ടറേ എനിക്ക് രണ്ടാനകിടാക്കളുണ്ട് .അതിനെ വളത്തുന്നകാര്യം ഒക്കെ ഒന്നു ചോദിക്കാനാ ഞാന്‍ ഇറങ്ങിയത് .”

“രണ്ട് ആന കിടാക്കള്‍!!”

എന്റെ കണ്ണുതള്ളിപ്പോയി .ആനയൊക്കെയുള്ള ആളാണോ ഈ വേഷത്തില്‍ ?

“ഇതിനെന്തൊക്കെയാ ഡോക്ടറേ കൊടുക്കുക?”

ആ ചോദ്യത്തിനുമുന്‍പില്‍ ഞാന്‍ ഒന്നു പതറി.

ആനക്കുട്ടികളുടെ പരിപാലനം ഞാന്‍ ശ്രദ്ധിക്കത്ത ഒരു വിഷയമായിരുന്നു .പശു,ആട് കോഴി തുടങ്ങിയവയല്ലാതെ ആനക്കുട്ടികളേ വളര്‍ത്തുന്നവര്‍ നാട്ടില്‍ ഉള്ളത് എനിക്ക് ഒരു പുതിയകാര്യമായിരുന്നു.

“അത്യാവശ്യം പാലൊക്കെ കൊടുക്കുന്നില്ലേ?”

ഞാന്‍ ഒരിടത്തും തൊടാതെ ഒരു മറുചോദ്യം എറിഞ്ഞു.

“ ഞങ്ങള്‍ കറന്നിട്ട് ബാക്കിഉള്ളത് കൊടുക്കും. അത് മതിയോ?”

പിന്നേയും കണ്‍ഫ്യൂഷന്‍

ഈ നാട്ടില്‍ ആനയേ കറക്കുന്നവരുണ്ടോ ?

ഞാന്‍ എഴുന്നേറ്റ് ഫാര്‍മസ്സിയിലേക്കു ചെന്നു .

എനിക്ക് ലൈവ് സ്റ്റോക്ക് ഇന്‍സ്പക്ടര്‍ രാമന്റെ സഹായമേ ഇനി രക്ഷയുള്ളു.

ഒന്നുമല്ലങ്കിലും രാമന്‍ ഈ നാട്ടില്‍ കുറേനാളായി ജോലിചെയ്യുന്നയാളല്ലേ .

എന്റെ സംശയം കേട്ട് രാമന്‍ ചിരിച്ചു

“സാറേ, ഈ നാട്ടില്‍ ആനക്കിടാവ് എന്നുപറഞ്ഞാല്‍ പശുക്കിടാവ് എന്നാണര്‍ത്ഥം! ആണിനെ മൂരിക്കിടാവെന്നും, പെണ്ണിനേ ആനക്കിടാവെന്നും പറയും.”

“ ഈശ്വരോ രക്ഷതു ! ഞാന്‍ ഇപ്പോള്‍ കുട്ടിയാനക്കുള്ള അളവില്‍ വിരമരുന്ന് കൊടുത്ത് രണ്ടാനക്കിടാക്കളേയും തട്ടിക്കളഞ്ഞേനെയല്ലോ രാമാ !!”

ഞാനും ആ ചിരിയില്‍ പങ്കുകൂടി .

ദിവസങ്ങള്‍ സന്തോഷമായിനീങ്ങുമ്പോഴാണു പുതിയ ഒരു പ്രശ്നം ഉണ്ടായത് .

ഒരു പതിനൊന്നുമണി സമയം. ആശുപത്രിയില്‍ സാമാന്യം നല്ല തിരക്കുണ്ട് .

അപ്പോഴാണു അയാള്‍ വന്നത് .വന്നപാടേ ഒരുപൊതി എന്റെ മേശപ്പുറത്തേക്കിട്ടു. ചെവിപൊട്ടുന്ന ശബ്ദത്തില്‍ ഒരു ചോദ്യവും.

“ താന്‍ എന്നാകോപ്പാ ഈ തന്നുവിട്ടത് ?”

“എന്നാകോപ്പാ.”

ഇത് പാലാ ഭാഗത്തേ ഒരു നാടന്‍ ഭാഷയാണ്.

പോരുകോഴികളേപ്പോലെ ശത്രുക്കള്‍ ഏറ്റുമുട്ടാന്‍ തുടങ്ങുമ്പോള്‍ തമ്മില്‍ ആക്രോശിക്കുന്ന ഏറ്റവും മര്യാദയിലുള്ള ചീത്തവിളി. എന്നാടാ കോപ്പേ എന്നാണു സാധാരണ പ്രയോഗം.

ആശുപത്രി ഒരുനിമിഷം നിശബ്ദമായി. സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത!

“നിങ്ങളിവിടെ ഇതിനുമുന്‍പ് വന്നിട്ടില്ലല്ലോ?” ഞാന്‍ ചോദിച്ചു .

“ഞാനല്ല ,എന്റെ കുടുമ്പമാണിവിടെ വന്നത് . [കുടുംബം=ഭാര്യ]

താന്‍ കൊടുത്തുവിട്ട പച്ചപ്പൊടി കൊടുത്തപ്പോഴേ എന്റെ ആടു ചത്തു.

കുറച്ച് എടുത്ത് ഒരു പട്ടിക്ക് ഇട്ടുകൊടുത്തു .അതും ചത്തു.”

“ കൊല്ലുന്ന പച്ചപ്പൊടി!”

എന്റെ തലച്ചോറിലൊരു അപകടസൂചന മുഴങ്ങി.

ഇത് ഫീനോവിസ് ആണ്.

ഫീനോതയാസീന്‍ ഓവര്‍ ഡോസേജ് !!

എന്റെഈശ്വരാ !ഇനി എന്റെ സഹായി ചെറിയാന്‍ അളക്കാതെ എങ്ങാനും വാരിക്കൊടുത്തോ?

“നാളെ ഞാന്‍ വരും!!!

അപ്പോള്‍ മൂവായിരം രൂപാ തന്നില്ലങ്കില്‍ കോപ്പേ തന്നേ ഞാന്‍ പണിപഠിപ്പിക്കും!!”

ഒരു കസേര ചവിട്ടിത്തെറിപ്പിച്ച് അയാള്‍ ഇറങ്ങിപ്പോയി.

ആശുപത്രിയില്‍ ഉണ്ടായിരുന്നവരേ ഞാന്‍ എങ്ങിനെയാണു പറഞ്ഞയച്ചതെന്ന് എനിക്ക് തന്നേ അറിയില്ല. അത്രക്ക് എന്റെ മനസ്സ് ഉലഞ്ഞിരുന്നു.

എല്ലാവരും പോയിക്കഴിഞ്ഞ് തലക്ക് കൈകൊടുത്ത് ഞാന്‍ കുറച്ചുസമയം ഇരുന്നു. കണ്ണുതുറന്നുനോക്കുമ്പോള്‍ ആ പൊതി അനാഥമായി എന്റെ മേശയില്‍ കിടക്കുന്നു. യാന്ത്രികമായി ഞാന്‍ അത് തുറന്നു. ഞാന്‍ ഒന്നു ഞെട്ടി.

ഈശ്വരാ! ഇത് ഫീനോവിസ് അല്ലല്ലോ!! ശരിക്കും പള്‍വിസ് ചിരട്ട !!

രണ്ടും പച്ചപ്പൊടികള്‍! എന്നാല്‍പള്‍വിസ് ചിരട്ട നിരുപ്ദ്രവിയായ ഒരു ബിറ്റര്‍ ആണ്. ദഹനം കൂട്ടുവാനുള്ള ഒരു മരുന്ന് .അതുകൊടുത്താല്‍ ഒരു ജന്തുവും ചാകുകയില്ല .

അപ്പോള്‍ എങ്ങിനെ ആടു ചത്തു? ആടുമാത്രമല്ല പട്ടിയും !

എന്തോ കളിപ്പീരുപരിപാടിയാണല്ലോ .

ഞാന്‍ ആ പൊതിയുമായി അയല്‍ക്കാരനായ താഴത്തേല്‍ ബേബിച്ചേട്ടനെ കണ്ട് കാര്യം എല്ലാം പറഞ്ഞു. ബേബിച്ചേട്ടന്‍ അപ്പോഴാണു കാര്യങ്ങള്‍ അറിയുന്നത്.

“ഡോക്ടറു സമാധാനമായിട്ടു പൊക്കോ. നാളെ അവന്‍ വരുമെന്നല്ലേ പറഞ്ഞത് ഞാന്‍ വേണ്ടത് ചെയ്തോളാം.”

ഞാന്‍ തിരിച്ച് ഓഫീസിലെത്തി .എന്നേക്കാത്ത് ഒറ്റപ്ലാക്കല്‍ കുട്ടായിയും രണ്ടനിയന്മാരും നില്‍പ്പുണ്ട്. ആശുപത്രിയുടെ പുറകിലുള്ള വീടാണു ഒറ്റപ്ലാക്കല്‍.

“ സാറേ, ഇപ്പോഴാ ഞങ്ങള്‍ വിവരം അറിഞ്ഞത് .ഒന്നും പേടിക്കണ്ടാ. ആടു ചത്തെങ്കില്‍ അവനോട് കൊണ്ടുപോയി കുഴിച്ചിടാന്‍ പറ. നാളെ അവന്‍ വന്നു വല്ല വേഷംകെട്ടും കാണിച്ചാല്‍ അവന്‍ നടന്ന് തിരിച്ചുപോകുകേല .ഞങ്ങള്‍ ഇവിടെത്തന്നെ കാണും .”

കരാട്ടേ ബ്ലാക്ക് ബല്‍റ്റുകാരാണു കുട്ടായിയും അനിയനും .എനിക്ക് അല്‍പ്പം സമാധാനം തോന്നി കടനാടുകാര്‍ പ്രശ്നം ഏറ്റെടുത്തിരിക്കുന്നു. മൃഗാശുപത്രി അവരുടെ സ്ഥാപനമാണ്. അവിടുത്തേ പ്രശ്നം നാടിന്റെ പ്രശ്നവുമാണ്.

പിറ്റേന്ന് പറഞ്ഞസമയത്തുതന്നേ അയാള്‍ എത്തി .എന്റെ മുന്നില്‍ കിടന്ന കസേരയില്‍ ചവിട്ടിക്കൊണ്ട് പണത്തിനായി കൈനീട്ടി. അപ്പോഴാണു ഒരു കൈപ്പത്തി അയാളുടെ തോളില്‍ പതിഞ്ഞത് .താഴത്തേല്‍ ബേബിച്ചേട്ടന്‍!

“ കൈയ്യില്‍ ബീഡിവല്ലോം ഉണ്ടോ എടുക്കാന്‍, നീയിങ്ങുവന്നേ .”

ബേബിച്ചേട്ടന്‍ ചോദ്യം കേട്ടപ്പോള്‍ അയാള്‍ ഒന്നു പതറി.

ബേബിച്ചേട്ടന്‍ ബലമായി അയാളേ പുറത്തേക്ക് കൊണ്ടുപോയി .

അപ്പോഴാണു ഞാന്‍ അതുകണ്ടത് . സാമാന്യം നല്ല ഒരാള്‍ക്കൂട്ടം പുറത്തുണ്ട് .

വാഴകാട്ട് കുട്ടിച്ചന്‍,തേക്കുംകാട്ടിലെ ദേവസ്യാച്ചന്‍ പീടികമലയിലെ തോമാച്ചന്‍, പാലമ്പറമ്പിലെ ജോണിഅങ്ങിനെ നിരവധിപേര്‍. കാര്‍ന്നോമ്മാരു പരാജയപ്പെട്ടാല്‍ കാര്യം കൈകാര്യം ചെയ്യാന്‍ ഒറ്റപ്ലാക്കല്‍ കുട്ടായിയുടെ നേതൃത്ത്വത്തില്‍ പിള്ളേരുസെറ്റും ഉണ്ട് .

ബേബിച്ചേട്ടന്‍ എന്തോ ശബ്ദം താഴ്ത്തി പറയുന്നതും

അക്രമിജീവനും കൊണ്ട് ഓടുന്നതുമാണ് പിന്നെ ഞാന്‍ കണ്ടത് .

“ഇനി ഡോക്ടറുപേടിക്കേണ്ട !അവന്‍ ഈ വഴിക്കുപോലും വരികേല.”

നാട്ടുകാര്‍ പലരും പിരിയുന്നതിനുമുന്‍പ് എന്നോട് പറഞ്ഞു .

പിന്നെ കുട്ടായി വന്നു പറഞ്ഞപ്പോഴാണു കാര്യം പിടികിട്ടിയത്.

കടനാട് ആശുപത്രിയില്‍ ഞാന്‍ വരുന്നതിനുമുന്‍പ് വളരെക്കാലം ഉണ്ടായിരുന്നവരെല്ലാം വളരെ സീനിയറായിട്ടുള്ളവരായിരുന്നു.നാട്ടിലെ പ്രമുഖകുടുമ്പങ്ങളില്‍ നിന്നുള്ളവര്‍. കണിയാരകത്തെ ജോയി [ഡോ. കെ. കെ. കുര്യാക്കോസ്]

പുത്തങ്കണ്ടത്തില്‍ മാണിച്ചന്‍ [ഡോ. പി. സി. മാണി.]

കല്ലിടിക്കിലെ ജോഷി [ഡോ. കെ. എസ് .സെബാസ്റ്റ്യന്‍]

കൂട്ടുങ്കല്‍ പാപ്പോയി [ഡോ. കെ .ജെ. ഫിലിപ്പ് ]

ഇങ്ങനെ ഉള്ളവര്‍ ഇരുന്ന കസേരയില്‍ ഒരു മീശമുളക്കാത്ത പയ്യന്‍ വന്നപ്പോള്‍ പലര്‍ക്കും ഒരു തമാശും, കൗതുകവുമാണ് തോന്നിയത് . അങ്ങിനെയാണ് പിഴകിലുള്ള കള്ളുഷാപ്പില്‍ എന്റെ കാര്യം ചര്‍ച്ചക്ക് വന്നത് . പാലക്കാടുള്ള ഒരു തോട്ടത്തില്‍ ഗുണ്ടാപ്പണി ചെയ്യുന്നഒരു പുതിയ കുടിയന്‍ അന്ന് അവിടെ വന്നു. അയാളോട് ആരോ പറഞ്ഞുകൊടുത്തു എനിക്ക് സ്ഥിരജോലി ആയിട്ടില്ല എന്നും ,ഒരു പ്രശ്നമുണ്ടായാല്‍ പണിപോകുമെന്നും. അപ്പോള്‍ അയാളുടെ ഗുണ്ടാമനസ്സില്‍ രൂപമെടുത്തതാണ് ഈ നാടകം!

ഇതെല്ലാം അന്വേഷിച്ച് മനസ്സിലാക്കിയിട്ടണ് ബേബിച്ചേട്ടന്‍ അയാളോട് സംസാരിച്ചത്. “ബേബിച്ചേട്ടന്‍ എന്താ ശരിക്കും പറഞ്ഞത് ?”

എനിക്ക് കൗതുകം അടക്കാന്‍ കഴിഞ്ഞില്ല

“വേറൊന്നുമില്ല, നിനക്ക് ഷാപ്പില്‍ നിന്നുകിട്ടിയ വിവരങ്ങളൊക്കെ എനിക്കറിയാം , അതൊന്നും ശരിയല്ല .പിന്നെ ഒരുകാര്യം പറഞ്ഞേക്കാം. ഡോക്ടറേ പേടിപ്പിക്കാന്‍ നോക്കിയാല്‍ നീ തിരിച്ച് പാലക്കാടിനു പോകുകേല.”

ബേബിച്ചേട്ടന്‍ അങ്ങിനെയാണ്.

ആവശ്യമില്ലാതെ ഒന്നും സംസാരിക്കാറില്ല .

പറഞ്ഞാല്‍ പറഞ്ഞപോലെ ചെയ്യുകയും ചെയ്യും.

എന്റെ ജീവിതത്തില്‍ ഇന്നുവരെ ആ ഗുണ്ടയേ ഞാന്‍ പിന്നീട് കണ്ടിട്ടില്ല.

കടനാട് കള്ളുനാട് പോലെ തന്നെ കനകനാടുമാണന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു.


Friday, July 20, 2007

കനകനാട്ടില്‍ ഹരി:ശ്രീ

വടക്കന്‍ പറവൂര്‍ ബ്ലോക്ക് ഓഫീസില്‍ ആറുമാസം ജോലി ചെയ്തപ്പോഴേക്കും പി എസ് സി പോസ്റ്റിങ്ങായി.അങ്ങിനെയാണ് ഞാന്‍ കടനാട്ടിലെത്തുന്നത് . ഒരാശുപത്രിയില്‍ ജോലിചെയ്യണമെന്ന ആഗ്രഹം അപ്പോഴേക്കും മനസ്സില്‍ ശക്തിയാര്‍ജ്ജിച്ചിരുന്നു.


കടനാടിനെപ്പറ്റി അത്രനല്ലകാര്യങ്ങളൊന്നുമായിരുന്നില്ല എനിക്ക് ആദ്യ അന്വേഷണത്തില്‍ ലഭിച്ചിരുന്നത് .വളരെ പ്രശ്നങ്ങള്‍ ഉള്ള ഒരു സ്ഥലം ! മുന്‍പ് നാട്ടുകാരനായ ഒരു വെറ്റേറിനറി ഡോക്ടര്‍ ക്കെതിരേ പൊതുയോഗവും പരാതിയും ഉണ്ടായ നാടാണെന്നും വളരെ സൂക്ഷിക്കണമെന്നും ഒരാള്‍ ഉപദേശിച്ചു. മുഷ്ക്കന്മാരും മുരടന്മാരും ആയ ആള്‍ക്കാരാണവിടെ എന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത് .കള്ളുനാടേ കടനാടേ എന്ന് ഒരു ചൊല്ലുതന്നെ ഉണ്ടന്നും കള്ളുനാട് എന്നത് ലോപിച്ചാണു കടനാട് എന്ന സ്ഥലപ്പേരുണ്ടായതെന്നും മറ്റൊരു കഥയും കേട്ടു .അവിടെ വളരെക്കാലം മുന്‍പ് ഒരു പള്ളിപ്പെരുന്നാളിനു ഒരുസംഘം ആള്‍ക്കാര്‍ കള്ളു മൂത്തപ്പോള്‍ ആ സംഘത്തിലെ എല്ലാവരുടേയും പേരെഴുതി നറുക്കിട്ട് നറുക്കുവീണവനെ തല്ലിക്കൊന്നതായി ഒരുകേസ് ഉണ്ടായിട്ടുണ്ടെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും നടുങ്ങി.

ഈ അസ്വസ്ഥതകള്‍ എല്ലാം മനസ്സില്‍ വച്ചുകൊണ്ടാണ് ഞാന്‍ ആദ്യമായി കടനാട് മൃഗാശുപത്രിയില്‍ എത്തിയത് .

“1982 മാര്‍ച്ച് 21.”

ഞാന്‍ ചികിത്സയില്‍ ഹരി ശ്രീ കുറിച്ച ദിവസം! മറക്കാനാവാത്ത ഒരു ദിവസം!അല്ലങ്കിലും ജീവിതത്തില്‍ ആദ്യമായി സംഭവിക്കുന്നകാര്യങ്ങള്‍ ആര്‍ക്കും മറക്കാന്‍ പറ്റാറില്ലല്ലോ.

പാലാ തൊടുപുഴ റോഡില്‍ പാലായില്‍ നിന്നും ഒന്‍പത് കിലോമീറ്റര്‍ ദൂരെയാണു കടനാട് ളാലം ബ്ലോക്കില്‍ നിന്നും പണികഴിപ്പിച്ച വലിയ ആശുപത്രി മോഡലിലുള്ള ഒരു കെട്ടിടമാണ് ഇവിടെയുള്ളത് .കടനാട് പള്ളിയാണു ആശുപത്രിക്ക് സ്ഥലം നല്‍കിയത് . അവിടെ കുറച്ചുനാളായി ഡോക്ടറുണ്ടായിരുന്നില്ല. മേലുകാവ് മൃഗാശുപത്രിയിലെ ഡോക്ടര്‍ ഫിലിപ്പ് [പാപ്പോയി ] ആണിവിടുത്തേ അധിക ചുമതല വഹിക്കുന്നത് .ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ കെ.കെ.രാമന്‍ , അറ്റഡന്റ് എം.ഇസഡ് .ചെറിയാന്‍, വെള്ളം കൊണ്ടുവരാനും അടിച്ചുവാരാനുമായി ഒരു ചേടത്തിയും .

രാവിലെ എട്ടുമണി. ഞാന്‍ ഹാജര്‍ ബുക്കില്‍ ഒപ്പുവച്ചു.ഐശ്വര്യമുള്ള മാന്യനായ ഒരു ആദ്യ രോഗിക്കായി സര്‍വ ഈശ്വരന്മാരേയും മനസ്സില്‍ ധ്യാനിച്ചുകൊണ്ട് കസേരയിലിരുന്നതും ചെവിയില്‍ ഒരു അഭിവാദന ശബ്ദം മുഴങ്ങി.
“ നമസ്ക്കാരം ഡാക്ടറേ!” ഒരു നാല്‍പ്പത്തി അഞ്ച് വയസ്സുതോന്നിക്കുന്ന ഒരു മനുഷ്യനും രണ്ട് ആണ്‍കുട്ടികളും മുന്‍പില്‍ അഞ്ചടി രണ്ടിഞ്ച് പൊക്കം , വെളുത്ത ജൂബ്ബായും മുണ്ടും വേഷം, കട്ടിക്കണ്ണട, മുറുക്കിചുവപ്പിച്ച ചുണ്ടുകള്‍, സന്തോഷം നിറഞ്ഞുകവിയുന്ന മുഖം.
കടനാട്ടിലെ എന്റെ ആദ്യ പരിചയക്കാരന്റെ അവതാരമായിരുന്നു അത് .താഴത്തേല്‍ ഉണ്ണിച്ചേട്ടന്‍ എന്നുവിളിക്കുന്ന ജേക്കബ്ബ് .മക്കള്‍ ജോഷിയും ജോര്‍ജ്ജും .

“ഡാക്ടര്‍ സര്‍വീസില്‍ പുതിയ ആളാ അല്ലേ? നന്നായി! ജോലിചെയ്യാന്‍ വളരെ നല്ല ഒരു നാടാ ഇത് .” ഉണ്ണിച്ചേട്ടന്‍ പറഞ്ഞുതുടങ്ങി
“ഡാക്ടറേ , കള്ളുനാടു ലോപിച്ചാണു കടനാട് എന്നപേരുണ്ടായതെന്ന് ചിലരു പറയും. എന്നാല്‍ ശരിയായിട്ടുള്ളത് അതല്ല. കനകനാട് ലോപിച്ചുണ്ടായതാണു കടനാട് .വളരെ നല്ല ആള്‍ക്കാരാണിവിടെയുള്ളത് .ഡാക്ടര്‍ക്കിപ്പോള്‍ അത് മനസ്സിലായെന്നു വരുകേല. എന്നാല്‍ വേറേ കുറേ സ്ഥലങ്ങളിലെല്ലാം ജോലിചെയ്ത് ഒരു ഇരുപത് കൊല്ലം കഴിഞ്ഞ് ഡാക്ടറിവിടെ ഒന്നുകൂടി ഇവിടെ വരണം. അന്ന് എന്നോട് ഡാക്ടര്‍ തീര്‍ച്ചയായും പറയും ഈനാട് ശരിക്കും കനകനാടാ ഉണ്ണിച്ചേട്ടാ എന്ന് .”
ഉണ്ണിച്ചേട്ടന്‍ ഉറക്കെ ചിരിച്ചു ഞാനും ആ ചിരിയില്‍ പങ്കുചേര്‍ന്നു.

ഉച്ചവരെ പുതിയമുഖങ്ങളെ പരിചയപ്പെട്ടും ചികില്‍സകള്‍ നിശ്ചയിച്ചും സമയം പോയത് ഞാന്‍ അറിഞ്ഞതേയില്ല . ഒരുമണിയായി . തിരക്കെല്ലാം ഒഴിഞ്ഞു . അപ്പോഴാണ് രണ്ടു കുട്ടികള്‍ ഒരു കോഴിയുമായി വന്നത് . മാത്യൂസും, ദീപയും.
“ ഗുഡ് ആഫ്റ്റര്‍നൂണ്‍ ഡോക്ടര്‍, ഈ കോഴിയേ ഒന്നു പരിശോധിക്കണം.”
മാത്യൂസിന്റെ അപേക്ഷ. ഞാന്‍ കോഴിയേ പരിശോധിച്ചു .
അതിനുകുഴപ്പം ഒന്നും കാണുന്നില്ല .
“ഇതിനെന്താ കുഴപ്പം?” ഞാന്‍ ചോദിച്ചു .
“ഇതിനു പ്രത്യേകിച്ചു കുഴപ്പം ഒന്നും ഇല്ല സാറേ.”
ദീപയുടെ മറുപടികേട്ടപ്പോള്‍ എനിക്ക് ആശയക്കുഴപ്പമായി.
“പിന്നെ എന്തിനാ ഇതിനേ കൊണ്ടുവന്നത് ? എന്റെ ചോദ്യം.
“ഇങ്ങനെ ഒക്കെ അല്ലേ സാറേ മനുഷ്യരു തമ്മില്‍ പരിചയപ്പെടുന്നത് .”
കുട്ടികളുടെ മറുപടികേട്ടപ്പോള്‍ എനിക്ക് ചിരി പൊട്ടിപ്പോയി .
ആശുപത്രിയുടെ തൊട്ടടുത്തുള്ള ബേബിച്ചേട്ടന്റെ മക്കളാണു രസികന്മാരായ ഈകുട്ടികള്‍. അങ്ങിനെ എന്റെ വിദ്യാരംഭം മംഗളകരമായി കലാശിച്ചു . മൂന്നര വര്‍ഷം ഞാന്‍ കടനാട്ടില്‍ വെറ്റേറിനറി സര്‍ജ്ജനായി ജോലിചെയ്തശേഷം സ്ഥലം മാറ്റമായി പോയി.

കാലം കടന്നുപോയി .ഇരുപത് വര്‍ഷം കഴിഞ്ഞ് ഒരുദിവസം.
ദീപയുടെ കല്യാണത്തില്‍ പങ്കെടുക്കുവാന്‍ ഞാന്‍ കടനാട് പള്ളിയിലെത്തി .കല്ല്യാണം കഴിഞ്ഞു സമയമുണ്ടായിരുന്നതുകൊണ്ട് എന്റെ പഴയ സ്ഥാപനത്തിലേക്ക് നടന്നു.
വലിയ മാറ്റമൊന്നും വന്നിട്ടില്ല.രാജപ്പന്റെ ബാര്‍ബ്ബര്‍ ഷാപ്പും, ചേടത്തിയുടെ കടയുമെല്ലാം പഴയപോലെ പ്രവര്‍ത്തിക്കുന്നു. ആശുപത്രി വളപ്പില്‍ ഞാന്‍ നട്ട പ്ലാവുകള്‍ നിറയെ ചക്കയുമായി നില്‍ക്കുന്നതുകണ്ടപ്പോള്‍ മനസ്സില്‍ ഒരു കുളിര്‍മ്മ.

ഷീല സാലി ജോര്‍ജ്ജാണിപ്പോള്‍ ഇവിടുത്തേ വെറ്റേറിനറി സര്‍ജ്ജന്‍ .
“ സാറിനെ ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു . സാറിനിവിടെ ഒരുപാട് ബന്ധുക്കളുണ്ടല്ലേ?”
എന്റെ പേരുകേട്ടയുടനെ ഉള്ള ഷീലയുടേ പ്രതികരണം എന്നെ അമ്പരപ്പിച്ചു. “എനിക്കിവിടെ ബന്ധുക്കളോ ? അങ്ങിനെ ആരും ഇല്ലല്ലോ.”
എന്റെ മറുപടികേട്ടപ്പോള്‍ ഷീലയുടെ കണ്ണുകളില്‍ അവിശ്വസനീയത.
“എന്നിട്ട് പലരും ഞങ്ങളുടെ ഒരു ശ്രീനിവാസന്‍ ഡോക്ടറേ അറിയുമോന്നു ചോദിച്ചല്ലോ?”

എനിക്ക് കാര്യം മനസ്സിലായി. കടനാട്ടില്‍ മൂന്നര വര്‍ഷം ചെയ്ത ആത്മാര്‍ത്ഥമായ ജോലിയുടെ പ്രതിഫലം . എന്നേ ഓര്‍ക്കുന്ന കുറച്ച് പേരെങ്കിലും ഇപ്പോഴും ഈനാട്ടിലുണ്ട് .

താഴത്തേല്‍ ഉണ്ണിച്ചേട്ടന്റെ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.

“ഡാക്ടറേ ,കനകനാട് ലോപിച്ചുണ്ടായതാണു കടനാട് . ഈ നാട് വളരെ നല്ല ഒരു നാടാണ്. വളരെ നല്ല ആള്‍ക്കാരാണിവിടെയുള്ളത് .ഡാക്ടര്‍ക്കിപ്പോള്‍ അത് മനസ്സിലായെന്നു വരുകേല. എന്നാല്‍ വേറേ കുറേ സ്ഥലങ്ങളിലെല്ലാം ജോലിചെയ്ത് ഒരു ഇരുപത് കൊല്ലം കഴിഞ്ഞ് ഡാക്ടറിവിടെ ഒന്നുകൂടി വരണം. അന്ന് എന്നോട് ഡാക്ടര്‍ തീര്‍ച്ചയായും പറയും ഉണ്ണിച്ചേട്ടാ ഈനാട് ശരിക്കും കനകനാടാണെന്ന് .”
ശരിയാണ് ഉണ്ണിച്ചേട്ടാ, ഇത് ശരിക്കും കനകനാടു തന്നെ! ഇരുപത് കൊല്ലം കഴിഞ്ഞ് വന്ന എനിക്ക് താങ്കളുടെ വാക്കുകള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും മനസ്സിലാകുന്നു. ഒരു സങ്കടം മാത്രമേ ഇപ്പോളുള്ളു.കടനാട് പള്ളിയിലെ കല്ലറയില്‍ അന്ത്യവിശ്രമം കൊള്ളുന്ന അങ്ങയോട് ഇത് നേരിട്ട് പറയാന്‍ എനിക്ക് ആയില്ലല്ലോ!!!

Saturday, July 7, 2007

കൃഷ്ണന്മാരും കീചകന്മാരും

ഗ്രാമവികസന വകുപ്പിന്റെ സ്ഥാപനമാണു ബ്ലോക്ക് ഓഫീസ്. വടക്കന്‍ പറവൂര്‍ ബ്ലോക്കില്‍ ജോലിയില്‍ പ്രവേശിച്ചതിനുശേഷം ആദ്യം ചെയ്യേണ്ട ഒരു കടമയായിരുന്നു എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസറേ മുഖം കാണിക്കുക.പിറ്റേന്നുതന്നെ അതിനായി പുറപ്പെട്ടു. പറവൂരില്‍ നിന്നും വൈപ്പിന്‍ ദീപിലൂടെ ബസ്സില്‍ വന്ന് വേമ്പനാട്ട് കായലിലൂടെ ബോട്ടിലാണു എറണാകുളത്തെത്തിയത് .

ജില്ലാ മൃഗസംരക്ഷണ ഓഫീസ് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിനടുത്തുള്ള ഒരു രണ്ടുനില കെട്ടിടമാണ് . ഡോ.എ.സേതുമാധവനാണു ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍. ‍ഗൗരവക്കാരന്‍,കര്‍ക്കശന്‍,പലവിശേഷണങ്ങളും അദ്ദേഹത്തേപ്പറ്റി പറഞ്ഞ് കേട്ടിരുന്നു[പിന്നീട് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറായിരിക്കുമ്പോള്‍ അദ്ദേഹത്തിനു ഐ എ എസ് ലഭിച്ചു.]

അദ്ദേഹത്തിന്റെ മേശയില്‍ എഴുതിവച്ചിരുന്ന വാചകമാണെന്റെ ശ്രദ്ധയില്‍ ആദ്യം പതിഞ്ഞത് .
"Never lose your temper. Nobody wants that."
ആ വാചകം എക്കാലവും എന്റെ പ്രവര്‍ത്തികളേ നിയന്ത്രിച്ചിട്ടുണ്ട് .

എന്റെ പ്രതീക്ഷക്ക് വിപരീതമായിരുന്നു സേതുമാധവന്‍ സാറിന്റെ പ്രതികരണം. കര്‍ക്കശക്കാരനായ ഒരു ദുര്‍മ്മുഖനുപകരം ഞാന്‍ കണ്ടത് മധുരമായി പുഞ്ചിരി പൊഴിക്കുന്ന ഒരു സൗമ്യനേയാണ്. എന്നോട് ഇരിക്കാന്‍ പറഞ്ഞു .പിന്നെ ഒരു പ്യൂണിനെ വിളിച്ചിട്ട് ഇനി ആരുവന്നാലും അകത്തേക്ക് വിടെരുതെന്നും നിര്‍ദ്ദേശിച്ചു. എന്നിട്ട് അദ്ദേഹം എന്നോട് സംസാരിക്കാന്‍ തുടങ്ങി.

ഗവണ്മെന്റ് സര്‍വീസ് എന്താണ്. എങ്ങിനെയാണു ഒരാള്‍ സര്‍വീസില്‍ മറ്റുള്ളവരോട് പെരുമാറേണ്ടത് .സാധാരണ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്. ഇങ്ങനെ തുടങ്ങി ഏതാണ്ട് ഒരുമണിക്കൂറോളം അദ്ദേഹം സംസാരിച്ചു .ആദ്യമായി സര്‍വീസില്‍ കയറുന്ന ഒരു കൊച്ചനുജനോട് പരിചയസമ്പന്നനായ സന്മനസ്സുള്ള ഒരു ജേഷ്ടന്റെകടമയാണു സേതുമാധവന്‍ സാര്‍ നിര്‍വഹിച്ചത് എന്ന് അന്നും ഇന്നും നന്ദിയോടെ ഞാന്‍ മനസ്സിലാക്കുന്നു.

അവസാനം സാര്‍ ഒരു നിര്‍ദ്ദേശം കൂടി തന്നു .
“പറവൂര്‍ ബ്ലോക്ക് ഓഫീസിനുമുന്‍പിലായി ഒരു ഐ സി ഡിപി സബ്ബ് സെന്റര്‍ ഉണ്ട് . ഒരു മുറിയാണു ആ സ്ഥാപനത്തിനുള്ളത് . ബാക്കി രണ്ട്മുറികള്‍ പഴയ കോട്ടുവള്ളി ഡിസ്പെന്‍സറിയുടേതാണ്. ബ്ലോക്കില്‍ ധാരളം സമയം ബാക്കിയുണ്ടല്ലോ. അതുകൊണ്ട് ശ്രീനിവാസന്‍ ആ ഡിസ്പെന്‍സറി ഒന്നു പുനരുജ്ജീവിപ്പിക്കണം.ചാര്‍ജ്ജ് തരാന്‍ ഞാന്‍ പറവൂര്‍ വെറ്റേറിനറി സര്‍ജ്ജനോട് പറയാം. നിങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ ഇരിക്കാന്‍ ഒരു ഓഫീസ് റൂ മുംകിട്ടുമല്ലോ.”

എനിക്ക് ഈ പദ്ധതിയോട് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. ബ്ലോക്കിലെ ആറുമാസം ഫ്രീയായി കറങ്ങിനടക്കാനായിരുന്നു എന്റെ പ്ലാന്‍. എങ്കിലും പേടികൊണ്ട് ഞാന്‍ എതിരൊന്നും, പറഞ്ഞില്ല .

അടുത്തദിവസം പറവൂര്‍ മൃഗാശുപത്രിയിലെത്തി വെറ്റേറിനറി സര്‍ജ്ജനോട് ഇക്കാര്യം സംസാരിച്ചു.അദ്ദേഹത്തിന്റെ മുഖം പെട്ടന്നാണു ഇരുണ്ടു മൂടിയത് .
“അതൊന്നും ആവശ്യമില്ല .” മറുപടി പെട്ടന്നായിരുന്നു. എനിക്ക് സന്തോഷമായി. ഞാന്‍ കൂടുതല്‍ ഒന്നും ചോദിക്കാന്‍ പോയില്ല .

ദിവസങ്ങള്‍ സന്തോഷപ്രദമായി നീങ്ങി. നല്ല ഒരുകൂട്ടുകാരനാണെനിക്ക് ഉണ്ടായിരുന്നത് . ഡോ.രാജഗോപാല പിള്ള.[ അദ്ദേഹത്തിന്റെ ഭാര്യയാണിപ്പോള്‍ പത്തനം തിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ] പിള്ളസാര്‍ ഭൂട്ടാനില്‍ സീനിയര്‍ വെറ്റേറിനറി ഓഫീസറായി വളരെക്കാലം ജോലിചെയ്ത ശേഷമായിരുന്നു കേരളാ സര്‍വീസില്‍ വന്നത്.എപ്പോഴും സന്തോഷവാന്‍!നല്ല ഭക്ഷണപ്രിയന്‍! ഞങ്ങള്‍ വൈകുന്നേരം പറവൂര്‍ ടൗണിലൂടെ കഥകളും പറഞ്ഞു നടക്കും. ഓരോദിവസവും നല്ല കോഴിക്കറി കിട്ടുന്ന ഓരോ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറും. രാത്രി സിനിമാ കൂടി കണ്ടിട്ടാണു ലോഡ്ജിലേക്ക് പോവുക.

അടുത്ത ജില്ലാമീറ്റിങ്ങ് ദിവസമാണു പ്രശ്നം തുടങ്ങിയത് .സേതുമാധവന്‍ സാര്‍ എന്നേ വിളിപ്പിച്ചു .
“ശ്രീനിവാസനോട് കോട്ടുവള്ളി ഡിസ്പെന്‍സറിയുടെ ചാര്‍ജ്ജ് എടുക്കണമെന്ന് ഞാന്‍ പറഞ്ഞിട്ട് എന്തുകൊണ്ട് അനുസരിച്ചില്ല ?”
അങ്ങേരിക്കാര്യം ഓര്‍ത്തിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല .
ഒന്നു വിരണ്ടെങ്കിലും കാര്യം പറഞ്ഞു .
“പറവൂരെ ഡോക്ടര്‍ അതൊന്നും വേണ്ടാ എന്നു പറഞ്ഞതുകൊണ്ടാണു ഞാന്‍ ചാര്‍ജ്ജ് എടുക്കാതിരുന്നത് .”
അദ്ദേഹം ഒന്ന് ചിരിച്ചു .
“ ഇങ്ങിനെ ഉള്ളപ്പോള്‍ അപ്പോള്‍ത്തന്നെ എന്നെ അറിയിക്കേണ്ടതായിരുന്നു കാര്യങ്ങള്‍ പഠിക്കുന്നതല്ലേ ഉള്ളൂ ,സാരമില്ല ചാര്‍ജ്ജ് നാളെ അവിടെ കൊണ്ടുവന്നു തരും.”

അദ്ദേഹം പിന്നീട് എന്തുചെയ്തു എന്ന് എനിക്ക് അറിയില്ല.പറവൂര്‍ വെറ്റേറിനറി സര്‍ജ്ജന്റെ മുഖം കടന്നല്‍ കുത്തിയപോലെ ആണെന്ന് മാത്രം എനിക്ക് മനസ്സിലായി.
പിറ്റേന്ന് ഐ സി ഡിപി യിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് ഒരു താക്കോല്‍ എന്റെ കയ്യില്‍ കൊണ്ടു തന്നു .അദ്ദേഹത്തിന്റെ മുഖവും കടന്നല്‍ കുത്തിയപോലെ!
“ ഞാന്‍ ഇനി എന്ത് ചെയ്യണം?” ഞാന്‍ ചോദിച്ചു.
“ അത് ജില്ലാ ഓഫീസറോടുപോയി ചോദിക്കണം.” ദുര്‍മ്മുഖന്റെ മറുപടി .

ഞാന്‍ പറവൂര്‍ മൃഗാശുപത്രിയിലെത്തി .
“ നിങ്ങള്‍ പോയി ആശുപത്രി തുറന്നിട്ട് സ്റ്റോക്ക് രജിസ്റ്ററെടുക്കണം.അലമാരിയില്‍ നിന്നും ഉപകരണങ്ങള്‍ ഒത്തുനോക്കണം.” നിര്‍വികാരമായ മറുപടി .
“ എന്തെങ്കിലും കുറവുണ്ടെങ്കിലോ?” ഞാന്‍ ചോദിച്ചു .
“രജിസ്റ്ററില്‍ ഇല്ല [short] എന്നെഴുതി വച്ചാല്‍ മതി പിന്നെ കുഴപ്പമില്ല.”
ഞാന്‍ അത് വിശ്വസിച്ചു .പറഞ്ഞതുപോലെ ചെയ്യുകയും ചെയ്തു.

ഞാന്‍ അവിടെപ്പോയി ഇരിക്കാനൊന്നും നോക്കിയില്ല .ബ്ലോക്കില്‍ സുഖമായി ക്ലാസ് എടുപ്പും മീറ്റിങ്ങുകളുമായി സമയം ചിലവഴിച്ചു .

ഒരു ദിവസം ഒരുചെറുപ്പക്കാരന്‍ എന്നെത്തേടി ബ്ലോക്കില്‍ വന്നു . ആവശ്യം അയാളുടെ പശുവിനേ ചെനപിടിക്കാന്‍ കുത്തിവയ്ക്കണം .
“അവിടെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റില്ലേ?” ഞാന്‍ ചോദിച്ചു .
കിട്ടിയമറുപടി വിചിത്രമായിരുന്നു.
“ കുത്തിവക്കാന്‍ പറ്റുകേലേല്‍ താനെന്തിനാ ഡിസ്പെന്‍സറിയിലേ ഡോക്ടറാന്നും പറഞ്ഞു വിലസുന്നത് .” ഞാന്‍ ഒന്ന് പതറി.പക്ഷേ ബ്ലോക്കിലെ മറ്റുജീവനക്കാര്‍ പ്രശ്നം ഏറ്റെടുത്തു.അപ്പോഴാണു കാര്യം പിടികിട്ടിയത് .ഈ വിദ്വാന്‍ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റിന്റെ സുഹൃത്താണ്. ചുമ്മാതല്ല പരമരഹസ്യമായി ഞാന്‍ സൂക്ഷിച്ചിരുന്ന ഡിസ്പെന്‍സറിയുടെ കാര്യം ഇങ്ങേരറിഞ്ഞതും എന്നേക്കൊണ്ട് പശുവിനെ കുത്തിവയ്പ്പിക്കണമെന്നു മോഹം വന്നതും. ഈശ്വരോ രക്ഷതു!!

ഞാന്‍ ട്രാന്‍സ്ഫറായി കോട്ടയം ജില്ലയിലേക്കുപോന്നു. എറണാകുളം, ജില്ലാഓഫീസറുടെ ഒരു രജിസ്റ്റേര്‍ഡ് കത്ത് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എന്നേതേടിയെത്തി . കോട്ടുവള്ളി ഡിസ്പെന്‍സറിയില്‍ നിന്നും നിങ്ങള്‍ നഷ്ടപ്പെടുത്തിയ താഴെപ്പറയുന്ന സാധനങ്ങളുടെ വില അടച്ച് ചെലാന്‍ അയച്ചു തരേണ്ടതാണ്. ലിസ്റ്റ് നോക്കി .രണ്ട് സ്റ്ററിലൈസറുകള്‍ ഒരു ഓവന്‍ ലിസ്റ്റ് നീളുന്നു ..

ഞാന്‍ പിറ്റേന്ന് തന്നെ പറവൂര്‍ മൃഗാശുപത്രിയില്‍ ചെന്നു. പഴയ സര്‍ജ്ജന്‍ മാറി പുതിയ ഒരാളാണ്. അയാള്‍ സഹതാപത്തോടെ എന്നോട് പറഞ്ഞു .
“നിങ്ങള്‍ short എന്നെഴുതിയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇതെല്ലാം റൈറ്റ് ഓഫ് ചെയ്തേനേ.short എന്നെഴുതിയാല്‍ പിന്നെ എന്തു ചെയ്യാന്‍ പറ്റും?”

എനിക്ക് കാര്യങ്ങള്‍ വ്യക്തമായി .
പാര! ഇന്റര്‍നാഷണല്‍ പാര!!
കോട്ടുവള്ളി ഡിസ്പെന്‍സറിയില്‍ ഞാന്‍ ഇരുന്നാല്‍ നഷ്ടപ്പെടുന്ന കേസുകള്‍ ഓര്‍ത്ത് ഉറക്കം നഷ്ടപ്പെട്ട ഒരാളുടെ തലച്ചോറില്‍ ഉദിച്ച പാര!!!

അങ്ങിനെ ഞാന്‍ മൃഗാശുപത്രിയിലെ സ്റ്ററിലൈസര്‍ കട്ട കള്ളനായി.മറ്റു മാര്‍ഗമില്ലാത്തതിനാല്‍ അതിന്റെ വില ട്രഷറിയില്‍ അടച്ചു സ്വതന്ത്രനായി .

ഇത് കഴിഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.എങ്കിലും സര്‍വീസിന്റെ തുടക്കത്തില്‍ കണ്ട ഈ കീചകന്മാരും കൃഷ്ണന്മാരും മനസ്സില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു.

Wednesday, June 13, 2007

മഴയത്ത് കുടയില്ലാതെ........!!

അന്ന് പെട്ടന്നാണു മഴ തുടങ്ങിയത്.
നല്ല മഴ. ആ മഴ മുഴുവനും നനഞ്ഞുകൊണ്ടാണു സാബിത
എന്റെ ആശുപത്രിയിലേക്ക് ഓടിക്കയറി വന്നത്.

നനഞ്ഞതുകൊണ്ടാകണം അകത്തേക്ക് വരാതെ അവര്‍
തിണ്ണയില്‍ ഒതുങ്ങിനിന്നുകൊണ്ട് അകത്തേക്ക് നോക്കി.
ഞാന്‍ പുറത്തേക്കുചെന്നു .
“കുടയെടുക്കാത്തതുകൊണ്ട് ഞാന്‍ മൊത്തം നനഞ്ഞു .
ഒരു സര്‍ട്ടിഫിക്കറ്റ് ഒപ്പിടീക്കാന്‍ വന്നതായിരുന്നു.”
സാബിത പരുങ്ങലോടെ പറഞ്ഞു. 


ഞാന്‍ അവരേ ഒന്നുനോക്കി.വെള്ളം ദേഹത്തുനിന്ന് ഇറ്റിറ്റ് വീഴുന്നു .
സാബിതയെ ഞാന്‍ ആദ്യമായി കാണുന്നത് അങ്ങിനെ ആ പെരുമഴയത്താണ്.

ഞാന്‍ ഒരുതോര്‍ത്ത് എടുത്തുനീട്ടിയപ്പോള്‍ വാങ്ങാന്‍ ആദ്യം ഒന്നുമടിച്ചെങ്കിലും
പിന്നെ അത് വാങ്ങി തിണ്ണയുടെ ഒരുമൂലക്ക് മാറിനിന്ന് അവര്‍ തലതോര്‍ത്തി.

ഞാന്‍ ആ സര്‍ട്ടിഫിക്കറ്റുകള്‍ മറിച്ചുനോക്കി .
ഫിസിക്സ് എം എസ്സി ക്കാരിയാണ്.
പേരു സാബിത,നാട് വടക്കന്‍ കേരളത്തില്‍.

ജമാലിന്റെ ഭാര്യയാണന്ന് സാബിത സ്വയം പരിചയപ്പെടുത്തിയപ്പോളാണ്
എനിക്ക് ആളെ മനസ്സിലായത് .
ജമാലിനെ എനിക്ക് അറിയാം .
ഇടക്കിടെ ആടുകള്‍ക്ക് മരുന്നു മേടിക്കാന്‍ 
എന്റെ അടുത്ത് വരാറുള്ള ആളാണ്.

സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടുകൊടുത്തപ്പോഴും മഴ നല്ല ശക്തിയില്‍ പെയ്യുന്നുണ്ട്.
ഞാന്‍ എന്റെ കുടയെടുത്ത് സാബിതക്ക് കൊടുത്തു.
പിറ്റേന്ന് ജമാലാണു കുടയും 
സാബിത യുടെ വക സ്പെഷ്യല്‍ താങ്ക്സുമായി വന്നത്.
പിന്നെ പലപ്പോഴും ആടിനുമരുന്നുവാങ്ങാന്‍ സാബിതയാണു വന്നത് .
അപ്പോഴെല്ലാം ആ കണ്ണുകളില്‍ നന്ദിയുടെ ഒരു തരംഗം ഞാന്‍ ശ്രദ്ധിച്ചിരുന്നു.
സാബിതക്ക് എട്ടോളം ആടുകള്‍ ഉണ്ട് .
ആശുപത്രിയില്‍ വരുമ്പോഴൊക്കെ ആടുവളര്‍ത്തലിനെപ്പറ്റി പല സംശയങ്ങളും സാബിത എന്നോട് ചോദിക്കും. 
ഞാന്‍ വിശദമായി അവക്കെല്ലാം മറുപടിയും കൊടുക്കാറുണ്ട് .

അടുത്ത പെരുന്നാളിനു പത്തിരിയും ഇറച്ചിക്കറിയുമായി ജമാല്‍ വന്നു.
സാബിത എനിക്കു തരാന്‍ പ്രത്യേകം തയ്യാറാക്കിയതാണന്ന മുഖവുരയോടെ തന്നപ്പോള്‍ എനിക്കത് വാങ്ങാതിരിക്കാന്‍ പറ്റുമായിരുന്നില്ല.

അങ്ങിനെയിരിക്കേ വീണ്ടും ഒരു മഴയത്ത് സാബിത ഓടിക്കയറിവന്നു.
കുട ഉണ്ടായിരുന്നെങ്കിലും ആകെ നനഞ്ഞിരുന്നു.

“എന്തൊരുകാറ്റ് , കുടപിടിച്ചിട്ടും മൊത്തം നനഞ്ഞു.”
“ ഈ മഴക്കാലത്ത് വീട്ടിലെങ്ങാനും ഇരുന്നാല്‍പ്പോരേ സാബിതേ?”
ഞാന്‍ വരാന്തയിലേക്ക് ഇറങ്ങിച്ചെന്നു.
“ ഇക്കാ ഒരു പശുക്കിടാവിനെ വാങ്ങിച്ചു.
അതല്ലേ എനിക്ക് ഈ മഴ നനയേണ്ടിവന്നത് .”
സാബിത ചിരിച്ചു .
ഞാന്‍ ചോദ്യഭാവത്തില്‍ സാബിതയേ നോക്കി.

“ ഇന്നലെ കുര്യാക്കോസ് സാര്‍ അടുത്തവീട്ടില്‍ വന്നപ്പോള്‍
ഇക്കാ ഈ കിടാവിനെ കാണിച്ചു .
അതിനു കുറച്ചു മരുന്ന് അവിടെ നിന്ന് തരാമെന്നു പറഞ്ഞിരുന്നു.
അതാ ഞാന്‍ ഈ മഴയത്ത് ഇറങ്ങിയത് .”

ഡോ.കുര്യാക്കോസ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്തിട്ട് ഞങ്ങളുടെ നാട്ടില്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു വെറ്റേറിനറി ഡോക്ടറാണ്.

“ ചുരുക്കത്തില്‍ വഴിതെറ്റിവന്നതാണെന്നു സാരം.” ഞാനും ചിരിച്ചു .
“ ഞാന്‍ വഴിതെറ്റിയൊന്നും വന്നതല്ല ഇങ്ങോട്ടായിട്ടു തന്നെ വന്നത് .”
“ എന്നാല്‍ വാ സാബിതേ നമുക്ക് അകത്തിരിക്കാം.”

ഞാന്‍ ഒ പി മുറിയിലേക്ക് കയറി.
സാബിത എന്റെ മുന്നിലേ കസേരയില്‍ ഇരുന്നു . 
കുറച്ചു സമയം ഒന്നും പറഞ്ഞില്ല.
പിന്നെ പതുക്കെ പറഞ്ഞുതുടങ്ങി.

“ വേറൊന്നുമല്ല,എനിക്ക് ചിലകാര്യങ്ങള്‍ അറിയാനുണ്ട് .
ഇവിടെയാകുമ്പോള്‍ എനിക്ക് സ്വാതന്ത്ര്യത്തോടെ ചോദിക്കാം.
കുര്യാക്കോസ് സാറിനൊന്നും ഇത്രേം ക്ഷമയുമില്ല എനിക്ക് വലിയ പരിചയവും ഇല്ലാ.”

“ എന്റെ സാബിതേ, മുഖവുരയൊന്നും വേണ്ടാ.ചോദിച്ചോ,
എനിക്കറിയാവുന്നതാണെങ്കില്‍ ഞാന്‍ പറഞ്ഞുതരാം.”
ഞാന്‍ അവരേ പ്രോല്‍സാഹിപ്പിച്ചു

“കിടാവിനു മൂന്നു വയസ്സായി. ഇതുവരേയും കരഞ്ഞിട്ടില്ല.
കുര്യാക്കോസ് സാര്‍ നോക്കീട്ട് പറഞ്ഞത്
പശു വലിപ്പം ആയെങ്കിലും ഗര്‍ഭപാത്രം വളന്നിട്ടില്ലാ എന്നാ .”

“അതിനെന്താ അത് സാധാരണ കാണാറുള്ള ഒരു കാര്യമാ‍ണല്ലോ?”
എനിക്ക് പ്രശ്നം മനസിലായില്ല.

“ ഡോക്ടറേ ഞാന്‍ സ്കൂളിലൊക്കെ പഠിച്ചിട്ടുള്ളത് അങ്ങിനെയല്ലല്ലോ.
എല്ലാവര്‍ക്കും ഒരു വളരുന്ന പ്രായം ഉണ്ട് , 
അത് കഴിഞ്ഞാല്‍ വളര്‍ച്ച നിലക്കും.
അപ്പോള്‍പ്പിന്നെ ആ ഘട്ടം കഴിഞ്ഞാല്‍ എങ്ങിനെയാ വളര്‍ച്ച ഉണ്ടാക്കുക?.
അതുമല്ല ഗര്‍ഭപാത്രം പോലുള്ള ഒരു അവയവം മാത്രം വളര്‍ത്തുക.
ഏത് മരുന്നിനാ അങ്ങിനെ പറ്റുക അതാ എനിക്ക് അറിയണ്ടത് .”

“ അതായത് ശരീരം വളര്‍ച്ചയായ ഒരു പശുവിന്റെ ഗര്‍ഭപാത്രം മാത്രം വളരാതിരിക്കുക.പിന്നെ അത് ഒരു മരുന്ന് കഴിച്ചാല്‍ പെട്ടന്നു വളരുക. ഇതെന്നാ വെള്ളരിക്കാ പട്ടണമാണോ? അതല്ലേ സാബിതക്ക് അറിയേണ്ടത് ?”

ഇത് പറഞ്ഞ് ഞാന്‍ ചിരിച്ചെങ്കിലും സാബിത ചിരിച്ചില്ല.
വല്ലാത്ത ഒരു താൽ‌പ്പര്യത്തോടെ  അവര്‍ എന്റെ മുഖത്തോട്ട് നോക്കിയിരുന്നു .“സാബിതേ, മൃഗങ്ങളില്‍ പ്രത്യുല്‍പ്പാദനം ഒരു ലക്ഷ്വറി ഫിനോമിനയാണെന്ന് പറയാറുണ്ട് .അതായത് വളരുന്ന ഘട്ടത്തില്‍ ‍പോഷക ദാരിദ്ര്യമുണ്ടായാല്‍ പ്രത്യുല്‍പ്പാദനവ്യൂഹം വളര്‍ച്ച പ്രാപിക്കാതിരിക്കും. ലഭ്യമായ പോഷകങ്ങള്‍ ഉപയോഗിച്ച് ശരീരം വളര്‍ന്ന് വലുതായിട്ടും പശുക്കള്‍ മദിലക്ഷണം കാണിക്കുകയില്ല . കാത്തിരുന്നു മടുത്ത് ഇത്പോലെ ഞങ്ങളുടെ അടുത്ത് വരുമ്പോഴാണു പണ്ട് വേണ്ടപോലെ നോക്കാത്തതിന്റെ പ്രശ്നം നിങ്ങളേപ്പോലുള്ളവര്‍ മനസ്സിലാക്കുക. നമ്മുടെ നാട്ടില്‍ ചില വിറ്റാമിനുകള്‍ക്കുപുറമേ കോപ്പര്‍, കോബാള്‍ട്ട് , ഇരുമ്പ് എന്നിവയുടെ കുറവുമൂലമുള്ള പ്രശ്നങ്ങളാണു ഞാന്‍ കണ്ടിട്ടുള്ളത് . അവയൊക്കെ മരുന്നുകൊണ്ട് ശരിയാക്കാന്‍ പറ്റുന്നതായാണെന്റെ അനുഭവം.”

സാബിതക്ക് ഏതാണ്ട് തൃപ്തികരമായ വിശദീകരണം കിട്ടിയെങ്കിലും
എന്തോ ഒന്നുകൂടി ചോദിക്കാനുണ്ടെന്ന് എനിക്ക് തോന്നി .

“ ഡോക്ടറേ, മനുഷ്യനും മൃഗങ്ങളും അടിസ്ഥാനപരമായി ഒന്നാണല്ലോ.
മനുഷ്യന്റെ മരുന്ന് ഡോസ്സുകൂട്ടി മൃഗങ്ങള്‍ക്ക് കൊടുത്താല്‍ പ്രയോജനം കിട്ടാറുണ്ട് .അതുപോലെ ഈ മരുന്ന് ഡോസ്സ് കുറച്ച് മനുഷ്യനു കൊടുത്താല്‍
ഇതേ ഇഫക്ട് മനുഷ്യനുമുണ്ടാകുമോ?”
ആ ചോദ്യം കേട്ട് ഞാന്‍ പരിസരം മറന്ന് ചിരിച്ചുപോയി.

“ എന്റെ സാബിതേ, എന്നെ ഇങ്ങനെ ചിരിപ്പിക്കാതെ,
വധു ഡോക്ടറാണെന്ന സിനിമയില്‍ ഇങ്ങനത്തെ ഒരു ചികല്‍സാരംഗം
കണ്ടിട്ടുണ്ടെന്നല്ലാതെ ജീവിതത്തില്‍ ഇതൊന്നും ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല.
പിന്നെങ്ങിനെയാ ഞാന്‍ ഈ ചോദ്യത്തിനു ശരിയായ മറുപടി പറയുക.”

സാബിതയും എന്റെ ചിരിയില്‍ പങ്കുകൂടിക്കൊണ്ട് എണീറ്റു.
“ഇനി ഇരുന്നാല്‍ സമയം പോകും.
കുര്യാക്കോസ് സാര്‍ പോകും മുമ്പ് ചെന്ന് മരുന്ന് വാങ്ങണ്ടേ.”
സാബിത മുറ്റത്തേക്കിറങ്ങി. 
എന്നാല്‍ ആശുപത്രിയുടെ ഗേറ്റ് വരെ ചെന്നിട്ട് അവര്‍ തിരിച്ചു വന്നു.
“ സാറിനോട് ഒരു താങ്ക്സ് പറയാന്‍ ഞാന്‍ വിട്ടുപോയി.
സാര്‍ എന്നോട് എന്നും കാണിച്ചിട്ടുള്ള സന്മനസ്സിനു എനിക്ക് വളരെ നന്ദിയുണ്ട് .”

അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
“താങ്ക്സ് ഒക്കെ പിന്നെപ്പറയാം.സാബിത ഉള്ള നേരത്തേ പോ.”
ഞാന്‍ വിഷയം മാറ്റാന്‍ നോക്കി.
“ഇതൊന്നും മാറ്റിവെച്ചാല്‍ ചിലപ്പോള്‍ പറയാന്‍ പറ്റിയില്ല എന്നു വരും,
അതല്ലേ ഡോക്ടറേ ഞാന്‍ തിരിച്ച് വന്നു പറഞ്ഞത് .”
സാബിത ചിരിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി മഴയത്ത് പോകുന്നതും നോക്കി
ഞാന്‍ വരാന്തയില്‍ നിന്നു.

കുറച്ചുദിവസം കഴിഞ്ഞ് ഒരിക്കല്‍ ജമാല്‍ ആടിനു മരുന്നിനായി
ആശുപത്രിയില്‍ വന്നപ്പോള്‍ ഞാന്‍ പശുക്കിടാവിന്റെ കാര്യം ചോദിച്ചു.

“പശുവോ, എനിക്ക് പശു ഇല്ലല്ലോ.ആടല്ലേ ഉള്ളൂ ?” ജമാലിനു അത്ഭുതം.
“ ഇന്നാളു കുര്യാക്കോസ് ഡോക്ടറേ വിളിച്ച് കാണിച്ചെന്നുപറഞ്ഞ പശുക്കിടാവിന്റെ കാര്യം.”
ഞാന്‍ കൂടുതല്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.

“എനിക്ക് കുര്യാക്കോസ് സാറിനെ നേരിട്ട് അറിയത്തുമില്ല ,
അങ്ങേരു ഞങ്ങളുടെ വീട്ടില്‍ വന്നിട്ടുമില്ല.”
ജമാല്‍ അങ്ങിനെ പറഞ്ഞപ്പോള്‍ എനിക്ക് ആകെ ആശയക്കുഴപ്പമായി.
ജമാലിനാകട്ടേ അതിലും വലിയ കണ്‍ഫ്യൂഷന്‍.
പിന്നെ ഞാന്‍ അതിനെപ്പറ്റി ഒന്നും ചോദിച്ചില്ല.

“ ഈയാള്‍ വേറേ പെണ്ണുകെട്ടാന്‍ പോകുന്നകാര്യം സാര്‍ അറിഞ്ഞായിരുന്നോ?
ജമാല്‍ പോയ പുറകേ അറ്റന്‍ഡര്‍ എന്റെ അടുത്തെത്തി.
ഞന്‍ അമ്പരന്നുപോയി.
“ അപ്പോള്‍ സാബിതയോ?”
“ അതിനെ ഇയാള്‍ ഉപേക്ഷിച്ചു . അതിനു പിള്ളേരുണ്ടാകുകേലന്ന് സ്കാന്‍ ചെയ്ത് നോക്കി
അറിഞ്ഞപ്പോള്‍ അതിനെ മലബാറിലെങ്ങാണ്ടുള്ള അതിന്റെ വീട്ടില്‍ കൊണ്ടാക്കി.”

അറ്റന്റര്‍ വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
ഞാന്‍ പിന്നൊന്നും കേട്ടില്ല.
എന്റെ കണ്മുന്‍പില്‍ ഒരു മഴ പെയ്യുകയായിരുന്നു.
ആമഴയില്‍ നനഞ്ഞൊലിച്ച് ഒരു പെണ്‍കുട്ടി നില്‍ക്കുന്നു,
കുട നഷ്ടപ്പെട്ടുപോയ ഒരു സാധു പെണ്‍കുട്ടി.
സാബിത.!

Friday, June 8, 2007

ചില്ലയില്‍ ചേക്കേറിയനാള്‍ .

[ 26വര്‍ഷം മുന്‍പ് - 1981 സെപ്റ്റമ്പര്‍ 17നു
ആദ്യമായി ജോലിയില്‍ കയറിയ ദിവസത്തിലേക്ക് ഒരു മടക്കയാത്ര.]

ഞാന്‍ ആ ഓഡര്‍ ഒരു ഇരുപത് തവണയെങ്കിലും വായിച്ച് കാണും.
Dr.R.Sreenivasan is posted as Extension Officer[AH] at NES Block,N.Parur,Erankulam dt.
എത്ര വായിച്ചിട്ടും മതിയാകുന്നില്ല.21 വയസ്സില്‍ ഞാന്‍ ഒരുഗസറ്റഡ് ഓഫീസറായിരിക്കുന്നു.

പിറ്റേ ദിവസത്തേക്ക് കാക്കാന്‍ ക്ഷമയില്ലാത്തതുകൊണ്ട് അപ്പോഴേ പുറപ്പെട്ടു. തൊടുപുഴ,മൂവാറ്റുപുഴ,പെരുമ്പാവൂര്‍ ,ആലുവാ വഴി പറവൂര്‍. അവിടെനിന്നും ഓട്ടോയില്‍ ബ്ലോക്ക് ഓഫീസിരിക്കുന്ന കോട്ടുവള്ളിയിലേക്ക്.

ബ്ലോക്കിന്റെ പടികള്‍ കയറുമ്പോള്‍ നെഞ്ചില്‍ ഒരാരവം. ഇനി പുതിയ ലോകം പുതിയ മനുഷ്യര്‍. ഞാന്‍ സ്കൂളും കോളേജുമല്ലാതെ ഒരു ഓഫീസില്‍ കയറുന്നത് തന്നെ ജീവിതത്തിലാദ്യം.

അടിയന്തിരാവസ്ഥ [1975 - 77] ഒരു പഠനദിവസം പോലും കളയാതെ പ്രീ ഡിഗ്രി കടത്തി. വെറ്റേറിനറികോളേജിലാട്ടെ ഒരു ദിവസം പോയാല്‍ ഒരുദിവസത്തേ ശമ്പളം പോകും എന്നു ചിന്തിച്ച ഒരു ഒഴുക്കിലും.പിന്നെ ഞാന്‍ എങ്ങിനെ ഒരു ഓഫീസു കാണാന്‍ പോകും?

ആരോട് പറയണമെന്ന് ഒന്നു ശങ്കിച്ചപ്പോള്‍ പു ഞ്ചിരിക്കുന്ന ഒരുസ്ത്രീമുഖം മുന്നില്‍.
"പുതിയ ഡോക്ടറാണല്ലേ, ഈ ഓഫീസിലേക്ക് സ്വാഗതം!!
ഞാന്‍ ഇവിടുത്തേ ടൈപ്പിസ്റ്റാണു. ബി.ഡി ഓ ഇന്നില്ല ." പുള്ളിക്കാരി വാചാലയായി.
" ഹലോ!" മറ്റൊരാള്‍ ചിരിക്കുന്ന മുഖവുമായി കൈ നീട്ടി.
"ഞാന്‍ സച്ചിതാനന്ദന്‍ ,സച്ചി എന്നു വിളിക്കും.റവന്യൂവില്‍ നിന്നാണ്.
ഇവിടെ ഐ ആര്‍ ഡിപി ക്ലാര്‍ക്ക് .”

എന്റെ അന്യത എത്ര പെട്ടെന്നാണലിഞ്ഞുപോയത് .
എല്ലാവരുമായി പരിചയപ്പെട്ടു .

ബ്ലോക്ക് ഓഫീസ് പലവകുപ്പില്‍ നിന്നും എത്തിയ ഉദ്യോഗസ്ഥന്മാരുടെ ഒരു സങ്കേതമാണ്.
ഗ്രാമവികസന വകുപ്പിലെ ഗ്രാമസേവകര്‍, ഗ്രാമ സേവികമാര്‍, ക്ലര്‍ക്കുമാര്‍പിന്നെ പഞ്ചായത്ത്,റവന്യൂ ,വ്യവസായം,പൊതുമരാമത്ത് ,മൃഗസംരക്ഷണം തുടങ്ങിപല വകുപ്പുകളില്‍ നിന്നും വന്നവരും.

രണ്ടുപേരുടെ മുഖം തെളിയാത്തത് ഞാന്‍ കണ്ടു.അതെന്തിനാണെന്നു എനിക്കു മനസ്സിലായില്ല.

“ ഇനി നമ്മുടെ ഡോക്ടര്‍ക്ക് ഒരു താമസസ്ഥലം വേണമല്ലോ?”
ഐ ആര്‍ ഡിപി ഓഫീസര്‍ തോമസ് സാര്‍ എല്ലാവരോടുമായി ചോദിച്ചു .
“ഇവിടെ ഒന്നും കിട്ടത്തില്ല .” ദുര്‍മുഖന്മാരിലൊരാളുടെ മറുപടി പെട്ടന്നായിരുന്നു.
സച്ചി ചിരിച്ചു .

”ഡോക്ടറേ ഇദ്ദേഹമാണ് ഈ ഐ സിഡിപി യിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് .”
ബ്ലോക്ക് ഓഫീസിന്റെ മുന്‍പിലുള്ള കെട്ടിടത്തിലാണ് ഐ സിഡിപി സബ് സെന്റര്‍ .
“എനിക്ക് ഇവിടെ എന്തെക്കെയാണു ജോലികള്‍?” ഞാന്‍ സച്ചിയോടു ചോദിച്ചു.
“ പ്രത്യേകിച്ച് എന്നാപണി?
ഈ പെണ്ണുങ്ങളുടെ കൂടെ വെറുതേ ഇരിക്കുകയും ചെയ്യാം.
ബി.ഡി ഓക്കൊപ്പം ശമ്പളവും വാങ്ങാം.” രണ്ടാം ദുര്‍മുഖന്‍ പറഞ്ഞു .

സച്ചി എന്നേ എന്റെ കസേരയിലേക്ക് നയിച്ചു.
ശരിയാണ് , എന്റെ മുറിയില്‍ എനിക്കുപുറമെ ഗ്രാമസേവികമാരാണുള്ളത് .
വിമല ലേഖ അന്നമ്മ ത്രേസ്യാമ്മ അങ്ങിനെ പലരും.

“ഡോക്ടര്‍ ഇതൊന്നും കാര്യമാക്കേണ്ട.
പോസ്റ്റിങ്ങ് ഓഡര്‍ കണ്ടപ്പോള്‍ മുതല്‍ അവന്മാര്‍ക്ക് തുടങ്ങിയതാണ്.
ആ രോഗത്തിനു മരുന്നില്ല.
പിന്നെ പറവൂര്‍ ടൗണില്‍ ഇ സി യുടെ ലോഡ്ജില്‍
വൈപ്പിന്‍ ബ്ലോക്കിലെ ഡോക്ടര്‍ താമസിക്കുന്നുണ്ട് .അവിടെ താമസിക്കാം.”
സച്ചി എന്റെ അടുത്ത സുഹൃത്തായി മാറുകയായിരുന്നു .

“ഇപ്പോഴത്തേ നിങ്ങളുടെ ജില്ലാഓഫീസര്‍ മാധവന്‍ നായര്‍ സാറും
ആദ്യമായി ഇവിടെയാണു സര്‍വീസില്‍ കയറിയത് .”
ഞാന്‍ കസേരയിലിരുന്നപ്പോള്‍ ജി ഇ ഒ പറഞ്ഞു .
[മാധവന്‍ നായര്‍ സാര്‍ പിന്നീട് ഡയറക്ടറായി }

മണി നാലായി .ഞാന്‍ ഓഫീസില്‍ നിന്നും പുറത്തേക്ക് നടന്നു.
ഐ സിഡിപി സബ് സെന്ററില്‍ ഒരു ആടിനേകൊണ്ടുവന്നിരിക്കുന്നു.
അതിന്റെ വയര്‍ വല്ലാതെ വീര്‍ ത്തിട്ടുണ്ട് .
ലൈവ്സ്റ്റോക്ക് അസിസ്റ്റന്റ് അതിനു
കാല്‍ബറോള്‍ ഐ വി ഇന്‍ ജക്ഷന്‍ കൊടുക്കാന്‍ നോക്കുന്നു.
ആട് അടങ്ങിക്കിടക്കുന്നുമില്ല .

ആ ചികത്സയുടെ ലോജിക്ക് എനിക്ക് മനസ്സിലായില്ല.ഞാന്‍ ചോദിച്ചു .
“ഇതിനെന്തിനാ കാല്‍സ്യം? ബ്ലോട്ടിനു റൂമനിലേ ഗ്യാസ് കുത്തി കളയുകയല്ലേ വേണ്ടത് ?”
ലൈവ്സ്റ്റോക്ക് അസിസ്റ്റന്റ് എന്നെ ഒന്നു രൂക്ഷമായി നോക്കി. എന്നിട്ട് പഴയ പണി തുടര്‍ന്നു.
വീണുപോകുന്നതിനെ പൊക്കിവിടാന്‍ കാല്‍സ്യം കൊടുക്കണമെന്ന്
ഞാന്‍ പഠിച്ചപ്പോള്‍ താന്‍ ഭൂമിയില്‍ വന്നിട്ടുപോലുമില്ലായിരുന്നല്ലോ എന്നൊരര്‍ത്ഥം
ആ നോട്ടത്തിലുണ്ടെന്നെനിക്കു തോന്നി.അതുകൊണ്ട് ഞാന്‍ പിന്നെ ഒന്നും പറഞ്ഞില്ല.
ബസ് സ്റ്റോപ്പിലേക്കുനടന്നു .
എനിക്ക് ഇ സി യുടെ ലോഡ്ജിലെത്തി വൈപ്പിനിലേ
ഡോക്ടര്‍ രാജഗോപാല പിള്ളയേ കാണേണ്ടേ.......?

Wednesday, May 23, 2007

ചായക്കോപ്പയിലേ ഒരു കൊച്ചു കൊടും കാറ്റ്

"ജോസേ പോയി കുറച്ച് വെള്ളം കോരിക്കൊണ്ട് വാ” എന്നു സലീം പറഞ്ഞിടത്താണു തുടക്കം.
സലീമും ജോസുചേട്ടനും തമ്മില്‍ തെറ്റി.
സലീം എന്റെ ഓഫീസിലെ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടറാണു,
ജോസുചേട്ടന്‍ പാര്‍ട്ട് ടെം സ്വീപ്പറും.ജോസുചേട്ടനു വയസ് 64.

സാമാന്യം നല്ല ഭൂസ്വത്ത് ഉണ്ട്. പക്ഷേ ആയകാലത്ത് മദ്യപിച്ച് സ്വത്ത് ഒരുപാട് അന്യാധീനപ്പെടുത്തിയതുമൂലം ബന്ധുക്കള്‍ ബാക്കിസ്വത്ത് മകന്റെ പേരിലേക്കുമാറ്റി.
മകന്‍ അപ്പനെ നന്നായി നോക്കുന്നുണ്ടെങ്കിലും
വീടിന്റെ ഒരു മൂലയില്‍ വെന്തതിന്റെ ഒരു അംശം കഴിച്ചു ചുരുണ്ടുകൂടാനുള്ള അവകാശം മാത്രമേ തനിക്ക് ഉള്ളൂ എന്നു കരുതിയാണു ജീവിതം.

മുകളിലേക്കു പിരിച്ചുവച്ച നരച്ച മീശയും,മദ്യപാനികളുടെ മുഖമുദ്രയായ ആരേയും മയക്കുന്ന ആചിരിയും ഓഫീസില്‍ വരുമ്പോള്‍മാത്രമേയുള്ളൂ.ജോസിനെ ജോസുചേട്ടന്‍ എന്നാണു ഞാന്‍ അടക്കമുള്ളവര്‍ വിളിച്ചിരുന്നത്. വിളിക്കുക മാത്രമല്ലാ ആ സ്ഥാനവും ഞങ്ങള്‍ കൊടുത്തിരുന്നു.
അതാണു മനപ്പൂര്‍വ്വം സലീം തെറ്റിച്ചത്.അത് ജോസുചേട്ടനിഷ്ടപ്പെട്ടില്ല.
മറുപടിയൊന്നും പറയാതെജോസുചേട്ടന്‍ മനോരമ ആഴ്ചപ്പതിപ്പിലേക്ക് മുഖം താഴ്ത്തി.
സലീമിനിതൊട്ടും ഇഷ്ടപ്പെട്ടില്ല.പക്ഷേ ഒന്നും പറഞ്ഞില്ല. അല്‍പസമയം കഴിഞ്ഞു.
ഒരു പശുവിനെ ബീജസങ്കലനത്തിനായി കൊണ്ടുവന്നു.അവര്‍ പോയിക്കഴിഞ്ഞ് സലീം എന്റെ അടുത്തെത്തി. “സാര്‍ വെള്ളം തീര്‍ന്നു. ആ സ്വീപ്പറോട് കുറച്ചു വെള്ളം കൊണ്ടുവരാന്‍ പറയണം.
ഞാന്‍ ജോസുചേട്ടനെ വിളിച്ചു ജോസുചേട്ടന്‍ കോപം കൊണ്ട് വിറക്കുന്നു
“സാര്‍ ഞാന്‍ നാലുദിവസത്തേക്കുള്ള വെള്ളം കോരിയിരുന്നതാണു.അത് മൊത്തം മറിച്ചുകളഞ്ഞു.
ഇനി ഇന്ന് എനിക്ക് വെള്ളം കോരാന്‍ പറ്റില്ല.
സലീമിനതിനു മറുപടിയുണ്ട് .”എനിക്ക് കൈകഴുകുവാന്‍ ഇത്രയും വെള്ളം വേണം.
അതിന്റെ അളവ് സ്വീപ്പറല്ലാ തീരുമാനിക്കേണ്ടത്”
ഞാന്‍ മനസ്സില്‍ ഒന്നു ചിരിച്ചു.ഇവര്‍ കൊച്ചുകുട്ടികളേപ്പോലെ വഴക്കിടുകയാണു .
എന്നിട്ട് തീര്‍പ്പ് പറഞ്ഞു.
“ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ക്ക് കൈകഴുകാന്‍ ആവശ്യമുള്ള വെള്ളത്തിന്റെ അളവ് അയാള്‍ തീരുമാനിക്കുന്നതാണു. സ്വീപ്പറുടെ ജോലി ആവശ്യത്തിനുവേണ്ട വെള്ളം കൊണ്ടുവരികയുമാണു. അതുകൊണ്ട് വെള്ളം തീരുമ്പോഴൊക്കെ ജോസുചേട്ടന്‍ കൊണ്ടുവരണം”

ജോസുചേട്ടന്‍ സലീമിനെ ഒന്നു രൂക്ഷമായി നോക്കിയിട്ട് ബക്കറ്റുമായി പോയി.
പിറ്റേന്നു രാവിലേയും ഈ രംഗം ആവര്‍ത്തിച്ചു.
നാലു ബക്കറ്റ് വെള്ളംകൊണ്ട് സലീം കൈകഴുകി.

ജോസുചേട്ടന്‍ വീണ്ടും വെള്ളത്തിനായി പോകുന്നതിനുമുന്‍പ് എന്റെ അടുത്തേക്കു വന്നു.
ആ കണ്ണുകള്‍ നിറഞ്ഞിരുന്നു,നരച്ചകൊമ്പന്‍ മീശ ചെറുതായി വിറക്കുന്നുമുണ്ട്.
നന്നായി കിതക്കുന്നുമുണ്ട് ശാന്തമെങ്കിലും ഉറച്ച ശബ്ദത്തില്‍ എന്നോടു പറഞ്ഞു.
“സാറേ അവന്റെ അപ്പന്റെ പ്രായമുള്ളവനാ ഞാന്‍.
എനിക്ക് ഒരുപാടു ഭാരം എടുക്കാന്‍ പറ്റുകേലാഎന്നറിഞ്ഞുകൊണ്ടാണീ
നാലു ബക്കറ്റ് വെള്ളത്തിലേ കൈകഴുക്ക്. ആയിക്കോട്ടേ!
അധികം കാലം ഒന്നും ഈ കളി കളിക്കാന്‍
ദൈവം തമ്പുരാന്‍ അവനിടകൊടുക്കുകേലാ, ഇതു ഞാനാ പറയുന്നത്”
ജോസുചേട്ടന്‍ ആടി ആടി ബക്കറ്റുമായി പോകുന്നതു കണ്ടപ്പോള്‍ എനിക്ക് സഹതാപം തോന്നി.

സലീം ഇതെല്ലാം കേട്ട് ഒരു പുഛചിരി ചിരിച്ചു.
ഞാന്‍ സലീമിന്റെ തോളില്‍ കൈവെച്ചിട്ടു പറഞ്ഞു

“സലീമേ ഒന്നു കൈ കഴുകാന്‍ നാലുബക്കറ്റ് വെള്ളം അല്ലേ?
കൊള്ളാം നിയമപരമായി സലീം പറയുന്നതെല്ലാം ശരിയാണു.
പക്ഷേ ഒരാള്‍ ഇതെല്ലാം കാണുന്നുണ്ടെന്നുള്ളത് മറക്കാതിരുന്നാല്‍ കൊള്ളാം.
നമ്മള്‍ അന്യരോടുകാണിക്കാത്ത ദയ ദൈവം നമക്കു തരും എന്നു കരുതരുത്.
ഇനി എല്ലാം സലീമിന്റെ ഇഷ്ടം”
ആ പ്രശ്നം അവിടെ തീര്‍ന്നു. ചായക്കോപ്പയിലേ കൊടുംകാറ്റ് ശാന്തമായി.

സലീം ഒരുകപ്പു വെള്ളത്തില്‍ കൈകഴുകാന്‍ തുടങ്ങി.ജോസുചേട്ടന്‍ ഒരാഴ്ചയോളം നിശബ്ദനായിരുന്നു. പിന്നെ എല്ലാം സാധാരണപോലെയായി.
മൂന്നു വര്‍ഷം കഴിഞ്ഞ് ഒരു ഹാര്‍ട്ട് അറ്റാക്കില്‍ നാല്‍പ്പത്തിആറുകാരനായ സലീം മരിച്ചു. ശവസംസ്ക്കാരസ്ഥലത്ത് ഒരു മൂലയില്‍ നിശബ്ദനായി നിന്നിരുന്ന എന്റെ കൈയില്‍ ആരോ പിടിച്ചു.
ഞാന്‍ തലയുയര്‍ത്തി, ജോസുചേട്ടന്‍.
ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.നരച്ചകൊമ്പന്‍ മീശ ചെറുതായി വിറക്കുന്നുമുണ്ട്. നന്നായി കിതക്കുന്നുമുണ്ട്. “സാര്‍ അന്നു ഞാന്‍ ഒന്നുമോര്‍ത്തല്ലാ അങ്ങിനെ.....” എനിക്ക് സഹതാപം തോന്നി.
“ എനിക്കറിയാം ജോസുചേട്ടാ. പിന്നെ ഇതെല്ലാം ദൈവം തീരുമാനിക്കുന്നതല്ലേ?
നമ്മള്‍ എന്നാ പറഞ്ഞാലും പറഞ്ഞില്ലേലും വരാനുള്ളതു വരും.വിഷമിക്കാതെ”

ജോസുചേട്ടനു അല്‍പം സമാധാനമായി എന്നെനിക്ക് തോന്നി.
എങ്കിലും ആ കണ്ണുകളിലേക്കു നോക്കുവാന്‍ എനിക്കു ധൈര്യം വന്നില്ല.

Thursday, May 10, 2007

ഈ കൊച്ചു മനുഷ്യനോട് ഞാന്‍ വളരെ കടപ്പെട്ടിരിക്കുന്നു.

കേസ് ഷീറ്റിലെ കഥകള്‍ രാമനില്‍ നിന്നും തുടങ്ങാം...................
രാമനെ ഒരിക്കല്‍ കണ്ടാല്‍ ആരും പിന്നെ മറക്കില്ല !
5അടി പൊക്കം, കറുത്ത നിറം , വായില്‍ നിറച്ചു മുറുക്കാന്‍, ബല്‍ബോട്ടം പാന്റും ഷര്‍ട്ടും വേഷം, നീളന്‍ തലമുടി വകുപ്പ് എടുക്കാതെ പുറകോട്ടു ചീകി തോളുവരെ കിടക്കുന്നു തോളില്‍ ഒരു റിപ്പര്‍ ബാഗ് തലമുടിയില്‍ ഒരു പൂവ് [മിക്കവാറും ചെത്തിപ്പൂവ് ] , റ പോലെ താഴേക്കു വളഞ്ഞു നില്‍ക്കുന്നമീശ , സന്തോഷം തുളുമ്പുന്ന മുഖം, ചുറു ചുറുക്കുള്ള നടത്തം,തമിഴ് കലര്‍ന്ന സംസാരം ഇതാണു രാമന്‍ !! വളരെ സീനിയറായ ഒരു ലൈവുസ്റ്റോക്ക് ഇന്‍സ്പക്ടര്‍ ,എന്റെ ആദ്യ സഹപ്രവര്‍ത്തകന്‍.

ഒരു ഉച്ച സമയം,തന്റെ റിപ്പര്‍ ബാഗില്‍ നിന്നും ഒരു ഓടക്കുഴല്‍ എടുത്ത് പരിസരം മറന്നു ഗാനാലാപനം നടത്തുന്ന രാമനേ കണ്ട് ഞാന്‍ ഫാര്‍മസിയിലേക്കു ചെന്നു. “എന്താ രാമാ എന്ത് പറ്റി?” ഉടന്‍ രാമന്റെ മറുപടി “ ശോകരാഗമാണു സാര്‍” “അതെന്താ രാമാ ഇത്രക്കു ശോകം?” “ഇന്നു ഫീല്‍ഡു കേസ്സുകള്‍ ഒന്നുമില്ലല്ലോ സര്‍ അതാണു സര്‍” ഇതായിരുന്നു രാമന്‍ !!!

രാമന്‍ കഥകള്‍ ഇതുപോലെ ഒരുപാടുണ്ട് രാമന്‍ പലപ്പോഴും ഓഫീസില്‍ വരാന്‍ താമസ്സിക്കും അതിനു വിചിത്രങ്ങളായ പല കാരണങ്ങളും കേട്ടിട്ടുണ്ട് ഒരു ഉദാഹരണം : ഞാന്‍ ഇന്നുരാവിലെ നേരത്തെ കൂത്താട്ടുകുളം വരെ വന്നു സര്‍ പെട്ടെന്ന് ഒരു വിറയും ബോധക്കേടും പിന്നെ ഒന്നും ഓര്‍മ്മയില്ല ഓര്‍മ്മ വന്നപ്പോള്‍ മണി 11 അതാണു താമസ്സിച്ചത്!

ഇത്തരം മറുപടികള്‍ പല രൂപത്തില്‍ ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ രാമനെ വിളിപ്പിച്ചു
രാമാഓഫീസ് സമയം എത്രമണിക്കാണെന്ന് അറിയാമോ?
8മണി സര്‍
നാളെ ത്തൊട്ടു സമയത്ത് ഇവിടെ ഉണ്ടായിരിക്കണം!!
എന്റെ ഉത്തരവ്
ശരി സര്‍
രാമന്‍ സമ്മതിച്ചു
പിറ്റേദിവസം രാവിലേ 8 മണിക്ക് ഞാന്‍ ഓഫീസ്സിലെത്തിയപ്പോള്‍ ചിരിക്കുന്ന രാമന്റെ മുഖം
ഗുഡ് മോര്‍ണിഗ് സര്‍ !!
അല്‍പ്പം അഹന്തയോടെ ഞാന്‍ ചോദിച്ചു
ഇന്ന് ഇപ്പം എങ്ങിനെ സമയത്തിനെത്തി രാമാ?
യാതൊരു ഭാവമാറ്റവും ഇല്ലാതെ രാമന്റെ മറുപടി:
ഞാന്‍ ഇന്നലെ വീട്ടില്‍ പോയില്ല സര്‍ പോയിരുന്നെല്‍ ഈ സമയത്ത് എത്തില്ല സര്‍

ഞാന്‍ ഞെട്ടിപ്പോയി. എന്റെ ഒരു വാക്കിന്റെ പരിണിതഫലം ഇങ്ങിനയോ? ഞാന്‍ രാമനെ ഉടനെ വീട്ടിലോട്ട് അയച്ചു. കൂടുതല്‍ വാര്‍ത്തകള്‍ പുറകെ വന്നു തലേ രാത്രി രാമന്റെ വീട്ടിലും അയല്‍പക്കത്തും ആരും ഉറങ്ങിയിട്ടില്ല. ഓഫീസില്‍ നിന്നും വീട്ടിലോട്ടുള്ളവഴിയില്‍ അപ്രത്യക്ഷനായ രാമനെ മോര്‍ച്ചറിയില്‍ വരെ അന്വേഷിച്ചുപോലും!!

എനിക്കു വലിയകുറ്റബോധം തോന്നി ഈ സംഭവം പിന്നീട് പലപ്പോഴും എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. രാമന്‍ എതിര്‍ത്തിരുന്നെങ്കില്‍ ഞാന്‍ എങ്ങിനെ പ്രതികരിക്കുമായിരുന്നു? രാമന്‍ ഒരു പൊട്ടനോ മന്ദബുദ്ധിയോ അല്ല എന്നിട്ടും എന്തിനു ഇങ്ങിനെ ചെയ്തു ? ?

താന്‍ സര്‍വീസില്‍ കയറിയതിനു ശേഷം മാത്രം ഭൂലോകം കണ്ട ഒരു കിളിന്ത് പയ്യന്റെ ഭരണം കണ്ട് രാമന്‍ മനസ്സില്‍ ചിരിച്ചിരുന്നോ?? ? അന്ന് 21 വയസ്സുമാത്രം പ്രായമുണ്ടായിരുന്നഎന്റെ അപക്വചിന്താരീതിയെ മനസ്സിലളന്ന് എനിക്കുമനസ്സിലാക്കുവാന്‍ കഴിയുന്ന രീതിയില്‍ രാമന്‍ ഒരു ഡോസ് മരുന്നു തന്നതാണോ? ആയിരിക്കാം..................................................

കങ്ങഴയിലേ ശിവദാസന്‍,അടിമാലിയിലേ മോഹനന്‍,പയ്യന്നൂരിലേ തോമസ്, മൂന്നാറിലേ ദാസ് കിടങ്ങൂരിലേ ഷീനാ തുടങ്ങി സര്‍വീസിലെ കുരുക്കുകളില്‍ നിന്നും രക്ഷപെടുത്തുവാന്‍ ഞാന്‍ സഹായിച്ചതിനു എനിക്ക് നന്ദി പറഞ്ഞിട്ടുള്ള എന്റെ സഹപ്രവര്‍ത്തകരായ നിരവധിപേരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്.
നിങ്ങള്‍ നന്ദി പറയേണ്ടത് എന്നോടല്ല.
എന്റെ അകക്കണ്ണ് തുറപ്പിച്ച് മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ എന്നെ പാകമാക്കിയ
ഒരു ചെറിയ മനുഷ്യനോടാണു.
വായില്‍ നിറച്ചു മുറുക്കാനും തോളില്‍ ഒരു റിപ്പര്‍ ബാഗും
തലമുടിയില്‍ ഒരു ചെത്തിപ്പൂവുമായി നടക്കുന്ന ആ മനുഷ്യനോട്!
എന്റെ ഏറ്റവും പ്രീയപ്പെട്ട ആ രാമനോട്!!!

ഒരു ബ്ലാങ്ക് ഒ.പി.ടിക്കറ്റ്

കേസ് ഷീറ്റ് എന്ന ഈ ബ്ലോഗ് എന്റെ ചികത്സാ കുറിപ്പുകളാണ്.
1981 സെപ്റ്റമ്പര്‍ 17 നു തുടങ്ങിയ ഉദ്യോഗപര്‍വ്വത്തിന്റെ ബാ‍ക്കിപത്രം.
ചികത്സിച്ച മൃഗങ്ങളേപ്പറ്റി മാത്രമല്ല ആവഴിത്താരയില്‍ കണ്ടുമുട്ടിയവയേപ്പറ്റിയും ഇതിലുണ്ട്.

മൃഗ ചികത്സ ഒരു പ്രത്യേക ലോകമാണ്.
ഒരുപാടു കുഴികളും ഇരുട്ടും ഉള്ള ലോകം,
വാളെടുക്കുന്നവനൊക്കെ വെളിച്ചപ്പാടാകുന്ന ഒരു വിചിത്ര ലോകം.

“മാട്ടുചികത്സയും മന്ത്രവാദവും ഒരുപോലെതാന്‍ , കടമായാല്‍ ഫലം കിടയാത്”
എന്ന് ഒരു തമിഴ് പഴമൊഴിയുണ്ട്.
മന്ത്രവാദം ചെയ്യാതെ കടമാകുമ്പോഴും,മാട്ടുചികത്സ ചെയ്തു കടമാകുമ്പോഴും അവസ്ഥ ഒന്നുതന്നെ . [പ്രതി] ഫലം കിട്ടുകയില്ല
പാണ്ടിക്കാരന്റെ ഈ ചൊല്ല് മലയാളത്തുകാരനും ശരിയാണ്.

കടം വീട്ടേണ്ടവന്‍ പിന്നീട് കണ്ടാല്‍ അതില്‍ നിന്നും രക്ഷപെടാനായി
മുഖം തിരിച്ച് നടക്കുന്നതും, ഈ ചികിത്സകന്‍ പണി വല്യപിടിയില്ലാത്തയാളാണെന്നു
പ്രചരിപ്പിക്കുന്നതും ആയിരിക്കും അടുത്തരംഗങ്ങള്‍.

ഇമ്മാതിരി ബുദ്ധികൂടുതലുള്ള ഈ മലയാളിക്കു മുന്‍പില്‍
എന്റെ ഉള്ളിലുണ്ടായിരുന്ന സേവന തല്പരനായ വൈദ്യന്‍
അകാല ചരമം പ്രാപിക്കുന്നത് നിസ്സഹായനായി ഞാന്‍ നോക്കിനിന്നിട്ടുണ്ട് .

പണ്ടെവിടെയോ വായിച്ച ഒരു വളരെ പഴയ ചെറുകവിതയുണ്ട്,


“മൃഗചികില്‍സക ജ്യൗതിഷ മന്ത്രവാദിനാം
ഗൃഹേ ഗൃഹേ ഭോജനമാദരേണ
അന്യാനി ശാസ്ത്രാണി സുശിക്ഷിതാനി
പാനീയമാത്രം ന ദദാതി ലോക:”

അതിന്റെ ആശയം ഇതാണ്,

“മൃഗവൈദ്യന്‍, ജോതിഷക്കാരന്‍, മന്ത്രവാദി എന്നിവര്‍
ഏതു വീട്ടില്‍ ചെന്നാലും അവരേ ആദരവോടെ സ്വീകരിച്ച്
ഇഷ്ടഭോജ്യങ്ങള്‍ നല്‍കാന്‍ ആളുകള്‍ തയ്യാറാണ്.
കാരണം അവരെ ജനങ്ങള്‍ക്ക് എപ്പോഴും ആവശ്യമുണ്ട്,
എന്നാല്‍ മറ്റു ഗഹനമായ വിഷയങ്ങളൊരുപാട്
അരച്ച് കലക്കിക്കുടിച്ചിട്ടുള്ള മഹാന്മാര്‍ക്ക്

കുടിക്കാനുള്ള വെള്ളം പോലുംകൊടുക്കാന്‍ ആളുകള്‍ മടിക്കും,
കാരണം അവരുടെ വിദ്യകൊണ്ട്

സാധാരണ മനുഷ്യനു വലിയ പ്രയോജനം ഇല്ല”

ചുരുക്കത്തില്‍ തല്ലും തലോടലും ഒരുപാടുള്ള ഒരു ലോകമാണിത്.
എന്റെ കൂടെ പോന്നോളൂ,ഞാന്‍ നിങ്ങളേ ഇതിനുള്ളിലേക്ക് കൊണ്ടുപോകാം.........!