Tuesday, August 12, 2008

പിള്ളേച്ചന്‍ പറയാതിരുന്നത്.....................

മേലുകാവ് മൃഗാശുപത്രിയുടെ അധിക ചുമതല എനിക്ക് വന്നത് പാപ്പോയി ഡോക്ടര്‍ മെഡിക്കല്‍ ലീവ് എടുത്തപ്പോഴാണു കടനാട്ടില്‍ നിന്നും പതിനൊന്ന് കിലോമീറ്റര്‍ അകലെയാണു മേലുകാവ്.

കഥപറയുമ്പോള്‍ എന്നസിനിമയിലേ ജഗദീഷിന്റെ ബാര്‍ബ്ബര്‍ ഷാപ്പായി കാണിക്കുന്നത് പഴയ മേലുകാവ് മൃഗാശുപത്രിയുടെ ഫാര്‍മ്മസി മുറിയാണു അവിടെ വച്ചാണു ഞാന്‍ പിള്ളേച്ചനെ ആദ്യമായി കാണുന്നത്.

മൃഗാശുപത്രിയിലേ അറ്റന്റര്‍. പേരു ശേഖരന്‍ നായര്‍ പിള്ളേച്ചന്‍ എന്നാണയാളേ എല്ലാവരും വിളിച്ചിരുന്നത് അതുകൊണ്ട് ഞാനും അങ്ങിനെ തന്നേ വിളിച്ചു.

അന്നേപിള്ളേച്ചനേ വാര്‍ദ്ധക്യം നന്നായി ബാധിച്ചിരുന്നു। താടിയും മുടിയും മുഴുവനും പഞ്ഞിപോലെ വെളുത്തതാണു വെളുത്തകുടുക്കുകളുള്ള ഇളം പച്ച കുപ്പായവും കണങ്കാലിനുമുകളില്‍ ഉയര്‍ത്തിഉടുത്ത മുണ്ടുമായിരുന്നു വേഷം।

പോക്കറ്റില്‍ ഒരു കൊച്ചുഡയറിയും മഷിപ്പേനയും ഉണ്ട് വളരെ ശബ്ദം താഴ്ത്തിയാണു സംസാരം പിള്ളേച്ചനു രണ്ടുഷര്‍ട്ടുകളേ ഉള്ളൂ ഒന്ന് ഇളം പച്ചയും മറ്റേത് കാക്കിയും തേക്കാത്തതുകൊണ്ട് ചുരുണ്ടുകൂടിയ കുപ്പായമാണു എപ്പോഴും ഇടുക

പിള്ളേച്ചന്റെ കൈകളില്‍ വളരെ കട്ടിയുള്ള തഴമ്പ് കണ്ട് ഞാന്‍ അന്വേഷിച്ചപ്പോള്‍ പിള്ളേച്ചന്‍ ചിരിച്ചു
“സാറേ നിങ്ങളൊന്നും ജീവിച്ചപോലെയല്ല എന്റെ കാര്യം ഒരുപാട് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എത്രരാത്രി കണ്ടത്തില്‍ ചക്രം ചവിട്ടിയിരിക്കുന്നു।എത്രമാത്രം മിറ്റല്‍ അടിച്ചിരിക്കുന്നു എന്തുമാത്രം മണ്ണുചുമന്നിരിക്കുന്നു അതൊക്കെ ഒരു കാലം!”

പിള്ളേച്ചന്‍ അകലേക്കുനോക്കിക്കൊണ്ട് മന്ത്രിച്ചു ആ കണ്ണുകള്‍ നിറയുന്നതു ഞാന്‍ കണ്ടു।
ദിവസങ്ങള്‍ നീങ്ങിയപ്പോള്‍ പിള്ളേച്ചനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നി। എന്തുപറഞ്ഞാലും എതിരില്ല, പക്ഷേ വളരെ ശാന്തമായി തിരുത്തേണ്ടതെന്തെങ്കിലും ഉണ്ടെങ്കില്‍ വിശദീകരിക്കും

അതേയ്,അങ്ങിനെ ചെയ്യുമ്പോഒരു ചെറിയ കുഴപ്പമില്ലേ,ഒന്ന് ഓര്‍ത്തുനോക്ക്................ജീവിതം ഒരുപാട് കണ്ട ഒരു കാരണവരുടെ ഇരുത്തംവന്ന സംസാരം

ഒരുദിവസം ഞാന്‍ കടനാട് ആശുപത്രിയില്‍ ഇരിക്കുമ്പോള്‍ പിള്ളേച്ചന്‍ വന്നു പതിവില്ലാതെ ഒരു തേച്ച നീല ഷര്‍ട്ടാണിട്ടിരിക്കുന്നത് മുഖത്ത് അതിയായ സന്തോഷം

" സാറേ എന്റെ മകളുടെ കല്യാണമാണു വരുന്ന തിങ്കളാഴ്ച്ച സാര്‍ രാവിലെ തന്നേ വീട്ടില്‍ വരണം കുട്ടികളേ അനുഗ്രഹിക്കണം"
തീര്‍ച്ചയായും ചെല്ലാമെന്ന് ഞാന്‍ സമ്മതിച്ചു.
പിള്ളേച്ചന്‍ വീട്ടിലേക്കുള്ള വഴി വിശദമായി പറഞ്ഞു എന്നാല്‍ ഞാന്‍ അത് വേണ്ടപോലെ ശ്രദ്ധിച്ചില്ല ഒരു അറ്റന്ററുടെ മകളുടെ കല്യാണം കൂടാന്‍ ഒരു ലീവ് എടുക്കുന്നതിനേപ്പറ്റി എനിക്ക് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല ഇരുപത്തി ഒന്നാം വയസ്സില്‍ ഒരുഗസറ്റഡ് ഓഫീസര്‍ ആയതിന്റെ ത്രില്ലില്‍ ഓഫീസില്‍ ജീവിതം മുഴുവനും സമര്‍പ്പിച്ചിരുന്ന നാളുകളായിരുന്നല്ലോ അത്

പിള്ളേച്ചന്‍ പോയി അപ്പോള്‍ത്തന്നെ ഞാന്‍ ആ കല്യാണക്കാര്യം മറക്കുകയും ചെയ്തുപിന്നെ അത് ഞാന്‍ ഓര്‍ത്തത് പിള്ളേച്ചന്‍ തിരികെ വന്നപ്പോള്‍ മാത്രമാണു

"സാര്‍ കല്യാണത്തിനു വന്നിലല്ലോ"

പിള്ളേച്ചന്‍ പതിവുപോലെ ശാന്തനായി പറഞ്ഞു ഞാന്‍ ആയിരത്തിഒന്നു രൂപാ പിള്ളേച്ചന്റെ കയ്യില്‍ വച്ചുകൊടുത്തു എന്നിട്ട് ഒരു ചെറിയ കള്ളം ഒരുമനസ്സാക്ഷിക്കുത്തും ഇല്ലാതെ തട്ടിവിട്ടു

"പിള്ളേച്ചാ ഞാന്‍ തീര്‍ച്ചയായും വരാന്‍ ഇരുന്നതാ പക്ഷേ അന്നു രാവിലെ ഒരു കേസുവന്ന് വീണു അല്ലങ്കില്‍ ഞാന്‍ വരാതിരിക്കുമോ?"

" സാരമില്ല സാറേ" പിള്ളേച്ചന്‍ശാന്തനായി പറഞ്ഞു

"നമ്മുടെ വകുപ്പില്‍ അങ്ങിനെ ഒക്കെ അല്ലേ സാറേ ജീവിതം!"

പിള്ളേച്ചന്റെ മുഖത്ത് ഒരു ചിരി
കൂടിയ തുക സമ്മാനമായി കിട്ടിയതിന്റെ സന്തോഷമാണതെന്ന് എനിക്ക് മനസിലായി। ഞാന്‍ ഉള്ളില്‍ ചിരിച്ചു

കുറച്ചുനാള്‍ കഴിഞ്ഞ് പിള്ളേച്ചന്‍ മണര്‍കാട് ഫാമിലേക്ക് സ്ഥലം മാറ്റമായി പോയി കാലം മുന്നോട്ട് നീങ്ങിയപ്പോള്‍ ആ വൃദ്ധന്‍ എന്റെ ഓര്‍മ്മയില്‍ നിന്നും പതുക്കെ പതുക്കെ മാഞ്ഞുപോകുകയും ചെയ്തു।

പിള്ളേച്ചനേ കുറിച്ച് പിന്നീട് ഞാന്‍ ഓര്‍ക്കുന്നത് ഇരുപത്തിനാലുകൊല്ലം കഴിഞ്ഞിട്ടാണ്.
അതും അപ്രതീക്ഷിതമായി। ഒരു സുഹൃത്തിന്റെ വീട്ടിലേക്കുള്ള വഴി സംശയം വന്നപ്പോഴാണു കാറുനിര്‍ത്തി വഴിചോദിക്കുവാന്‍ ഞാന്‍ അപരിചിതമായ ആ വീട്ടിലേക്ക് കയറി ചെന്നത്। പൂമുഖത്ത് പിള്ളേച്ചന്റെ ചിത്രം
ചില്ലിട്ട വലിയചിത്രത്തിലേക്ക് നോക്കിയപ്പോഴേ എനിക്ക് ആളേ മനസ്സിലായി
"ഞങ്ങള്‍ ഒരുമിച്ച് മേലുകാവില്‍ ജോലിചെയ്തിട്ടുണ്ട്"
ഞാന്‍ ആ വീട്ടുകാരോട് എന്റെ പരിചയം മറച്ചുവച്ചില്ല.

"ശ്രീനിവാസന്‍ സാറാണോ?

വീട്ടുടമസ്ഥന്റെ മറു ചോദ്യം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി।

"ശേഖരന്‍ മാമന്‍ സുഖമില്ലാതെ കിടന്നപ്പോ സാറിനേ ഒന്നുകാണണമെന്നുപറഞ്ഞിട്ട് ഞാന്‍ സാറിന്റെ വീട്ടില്‍ അന്വേഷിച്ചുവന്നിരുന്നു സാര്‍ അന്നു മലബാറില്‍ ജോലിയായിരുന്നു।"

" ഞാന്‍ പയ്യന്നൂരില്‍ ജോലിയായിരുന്നപ്പോഴായിരിക്കും പക്ഷേ ഞാന്‍ അത് അറിഞ്ഞില്ല കേട്ടോ।"

" എനിക്ക് വീട്ടില്‍നിന്നും അഡ്രസ് തന്നിരുന്നു എന്നാല്‍ എഴുത്തയക്കലൊന്നും നടന്നില്ല അപ്പോഴേക്കും അസുഖം കൂടി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയിഅവിടെ വെച്ച് എല്ലാം കഴിഞ്ഞു മാമന്‍ സാറിന്റെ ബാഗിനേപ്പറ്റി എന്തോ പറയാനാ വയ്യാതെ കിടന്നപ്പോ കാണണമെന്ന് പറഞ്ഞത്
എന്താന്ന് ആര്‍ക്കറിയാം? ആളുപെട്ടന്ന് പോയില്ലേ!"
ആ ചെറുപ്പക്കാരന്റെ കണ്ണില്‍ നനവ് പടരുന്നത് ഞാന്‍ കണ്ടു

ഇരുപത്തിനാലുവര്‍ഷമായി തമ്മില്‍കാണാത്തഒരാള്‍ക്ക് എന്റെ ബാഗിനേപ്പറ്റി എന്തു രഹസ്യമാണു പറയാനുണ്ടാവുക എനിക്ക് ആകെ ആശയക്കുഴപ്പമായി।

വീട്ടിലേ സ്റ്റോറില്‍ കയറി ഞാന്‍ പണ്ട് ഉപയോഗിച്ച് ഉപേക്ഷിച്ചിരുന്ന പഴയ ബാഗുകള്‍ എല്ലാം എടുത്ത് നോക്കി അതിനൊന്നും ഒരു പ്രത്യേകതയും ഉള്ളതായി എനിക്ക് തോന്നിയില്ല

എനിക്ക് വല്ലാത്ത നിരാശതോന്നി എന്താണാവോ പിള്ളേച്ചന്‍ എന്നോട് പറയാന്‍ ആഗ്രഹിച്ച കാര്യം?

ഇക്കാര്യം തന്നേ ചിന്തിച്ച് ഉറക്കം വരാതെ കിടന്ന ആ രാത്രിയുടെ ഏതോ ഒരുയാമത്തില്‍ മനസ്സിലെവിടെയോ മറഞ്ഞുകിടന്ന ഒരു ഓര്‍മ്മ പെട്ടന്ന് പൊങ്ങിവന്നു

"ഈശ്വരാ ആ ബാഗ് ഇതൊന്നുമല്ലല്ലോ കടനാട് മൃഗാശുപത്രിയിലെ കണ്ടം ചെയ്ത പഴയ സര്‍ജ്ജന്‍സ് ബാഗ് നന്നാക്കി അതല്ലേ ഞാന്‍ മേലുകാവില്‍ ഉപയോഗിച്ചിരുന്നത്? അത് ഞാന്‍ അവിടെ ഇട്ടിട്ട് പോരുകയാണല്ലോ ചെയ്തത് എന്താ അതുമായി ബന്ധപ്പെട്ട് ഇരുപത് വര്‍ഷം കഴിഞ്ഞ് പിള്ളേച്ചന്‍ എന്നോട് പറയാന്‍ കാത്തിരുന്നത്?

വല്ലാത്ത ഒരു ആകാംഷ എന്റെ മനസ്സില്‍ തിരയടിച്ചു

പിറ്റേന്ന് രാവിലെ തന്നേ ഞാന്‍ മേലുകാവ് മൃഗാശുപത്രിയില്‍ എത്തി ആശുപത്രി ഇപ്പോള്‍ പുതിയ കെട്ടിടത്തിലാണു ഡോ.ജസ്സി കാപ്പനാണു ഇപ്പോള്‍ ഇവിടെ ജോലിചെയ്യുന്നത് സ്റ്റോറിന്റെ ഒരുമൂലയില്‍ പൊടിപിടിച്ച് എന്റെ പഴയ സര്‍ജ്ജന്‍സ് ബാഗ് കിടന്നത് വല്ലാത്ത ഒരു ആവേശത്തോടേ ഞാന്‍ വാരിയെടുത്തുതുറന്നു അതില്‍ പഴയ കുറച്ചു മരുന്നുകളുംതുരുമ്പിച്ച കുറച്ച് ഉപകരണങ്ങളും മാത്രം

ഞാന്‍ നിരാശയോടെ അത് തിരിച്ചും മറിച്ചും നോക്കി അപ്പോഴാണതുകണ്ടത് സൈഡിലേ കള്ളിയില്‍ ഒരു കൊച്ചുപൊതി എണ്‍പത്തിരണ്ടിലേ മനോരമ പത്രത്തിന്റെ ഒരു ചീന്തില്‍ പൊതിഞ്ഞ ഒരു കൊച്ചു പൊതി

ഞാന്‍ അത് തുറന്നു ഡയറിയില്‍ നിന്നും കീറിയെടുത്ത നിറം മങ്ങിയ കടലാസില്‍ മഷിപേന കൊണ്ട് എഴുതിയ ഒരു കുറിപ്പ്

"ബഹുമാനപ്പെട്ട സാര്‍ അറിയുവാന്‍,എന്റെ മകളുടെ കല്യാണത്തിന്റെ മുഹൂര്‍ത്തം ആയിട്ടും സാര്‍ വന്നിട്ടു നടത്തിയാല്‍ മതി എന്ന് മറ്റുള്ളവരോട് പറഞ്ഞ് ഞാന്‍ സാറിനുവേണ്ടി കാത്തിരുന്നു സാര്‍ വരാതിരിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല പക്ഷേ സാര്‍ വന്നില്ല പകരം പിന്നീട് കണ്ടപ്പോള്‍ നല്ല ഒരു തുക തന്നുപണത്തിന്റെ വില എനിക്ക് അറിയാന്‍ മേലാഞ്ഞിട്ടല്ല എന്നാല്‍ പണത്തിനുവീട്ടാന്‍ പറ്റാത്ത ചില കടങ്ങള്‍ ഉണ്ടെന്ന് സാര്‍ മനസ്സിലാക്കണം.സാര്‍ ചെറുപ്പമാണു ഒരുപാട് ജീവിതം ബാക്കിയുണ്ട് അവിടെ ഒരിടത്തും ഇനി ഇത്തരം കടങ്ങള്‍ വരുത്താതെ സൂക്ഷിക്കണം എന്ന് ശേഖരന്‍ നായര്‍

ഞാന്‍ ആ പൊതി മുഴുവനും തുറന്നു അതിനുള്ളില്‍ നൂറിന്റെ പത്ത് നോട്ടുകളും ഒരു ഒരുരൂപായും
ഞാന്‍ പണ്ട് പിള്ളേച്ചന്റെ സ്നേഹത്തിനിട്ട വില

4 comments:

ഫസല്‍ / fazal said...

നല്ല കുറിപ്പ്....
ആശംസകള്‍.

ലതി said...

ചിന്തിപ്പിക്കുന്ന കുറിപ്പ്.

അനില്‍@ബ്ലോഗ് said...

കേസുകള്‍ക്കപ്പൂറവും ലോകമൂണ്ടു ഡോക്ട്രറെ.
പിള്ളേച്ചന്റെ നിറം മങ്ങിയ കുറിപ്പൂകിട്ടിയപ്പോഴെങ്കിലും താങ്കള്‍ അതോര്‍ത്തല്ലൊ.

ഗൗരിനാഥന്‍ said...

നന്നായിട്ടുണ്ട്.....ചിലരെ നമ്മള്‍ മറന്നാലൂം അവര്‍ നമ്മളെ മറക്കില്ല...