Skip to main content

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു.
അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി,
മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്.
കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം
പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല
ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ്

എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്,
അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍

ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത്
ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്.

ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍.
വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു
അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു
ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു

ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി
മൃഗങ്ങളെ ഇത്ര സ്നേഹിക്കുന്ന മനുഷ്യനോട് എനിക്ക് തോന്നിയ ആദരവ് ഞാന്‍ മറച്ചുവെച്ചില്ല
എന്നാല്‍ എന്റെ അഭിനന്ദനം കേട്ട ഇട്ടിമാത്തന്‍ ചേട്ടന്‍ പൊട്ടിച്ചിരിച്ചു

“എന്റെ ഡോക്ടറേ, ഇത് മൃഗസ്നേഹം ഒന്നും അല്ല
ഈ പട്ടിയെ കണ്ടിട്ട് ഏതോ നല്ല വീട്ടില്‍ വളര്‍ത്തിയ പട്ടി
അബദ്ധത്തില്‍ റോഡില്‍ ഇറങ്ങിയതാണെന്നു തോന്നി
ഇതിന്റെ ഉടമസ്ഥരു അന്വേഷിച്ചുവരാതിരിക്കില്ല
ഇങ്ങിനെ ഒക്കെ അല്ലേ ഓരോ ബന്ധങ്ങള്‍ ആരംഭിക്കുന്നേ..”

ഇട്ടിമാത്തന്‍ ചേട്ടന്‍ ഒരുനിമിഷം നിര്‍ത്തി എന്നിട്ടുപറഞ്ഞു

“ഡോക്ടറു ഒരു പയ്യനല്ലേ അതല്ലേ ഇതിന്റെ ഒക്കെ ഗുട്ടന്‍സ് അറിയാന്‍ മേലാത്തേ.”

എനിക്ക് ഒന്നും മനസിലായില്ല

“കാക്ക ഏകാദശി നോറ്റകഥ ഡോക്ടര്‍ കേട്ടിട്ടില്ലേ?
ഇലയൊടിഞ്ഞ് വെള്ളത്തില്‍ വീണു സ്വര്‍ണ്ണപ്പെട്ടികിട്ടണമെങ്കില്‍
ഒടിയാന്‍ ഇടയുള്ള ഇല കാണുമ്പോള്‍ കേറിയിരിക്കണം
അല്ലാതെ ആരും ക്ഷണിച്ച് കൊണ്ടുവരുകേം ഒന്നും ഇല്ല.”

ഇട്ടിമാത്തന്‍ ചേട്ടന്‍ വീണ്ടും ചിരിച്ചു
എനിക്ക് അപ്പോഴും ഒന്നും മനസിലായില്ല

ഞാന്‍ അറ്റന്ററോട് ഇട്ടിമാത്തന്‍ ചേട്ടനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചു.

ആളൊരു പൊതുജന ഉപകാരിയും സകലകലാ വല്ലഭനുമാണ് ,
ആദ്യഭാര്യ മരിച്ചുപോയി
മുതിര്‍ന്നമക്കളുണ്ട്

ശിവപുരം മൃഗാശുപത്രി ഒരു വാടകക്കെട്ടിടത്തിലാണു പ്രവര്‍ത്തിച്ചിരുന്നത്.
റോഡിനെ ഫൈസു ചെയ്ത് രണ്ടുമുറികള്‍
ഒന്ന് ഡോക്ടര്‍ക്കും ഒന്ന് മറ്റുജീവനക്കാര്‍ക്കും
ഈ രണ്ടുമുറികള്‍ക്കുപുറകില്‍ രണ്ടു ചെറിയ മുറികള്‍
ഒന്ന് ഡിസ്പെന്‍സിഗ് റൂം മറ്റേത് സ്റ്റോര്‍
ഈ രണ്ടുമുറികളില്‍നിന്നും പുറകിലുള്ള വരാന്തയിലേക്കിറങ്ങാം
വരാന്തയുടെ ഒരുവശത്ത് ഒരു മുറിയുണ്ട്
അത് ഒരു കുടുമ്പത്തിനു വാടകക്ക് കൊടുത്തിരിക്കുകയാണ്
ജോണിയും ടെസ്സിയും രണ്ട് ചെറിയ കുട്ടികളുമാണവിടെ താമസം
മറുവശത്തും ഒരു മുറിയുണ്ട്
അവിടെ ഒരു കടയുടെ ഗോഡൗണ്‍ ആണ്.
ഈ രണ്ടു മുറികള്‍ക്കിടയില്‍ ഉള്ള മറയുള്ള സ്ഥലത്താണു ട്രവിസ്
(ചികില്‍സ ചെയ്യുവാനുള്ള പശുവിനെ കെട്ടാനുള്ള കൂട്)

പട്ടിയുടെ ചികില്‍സ കഴിഞ്ഞിട്ടും ഇട്ടിമാത്തന്‍ ചേട്ടന്‍ മൃഗാശുപത്രിയുമായുള്ള ബന്ധം വിട്ടില്ല
എല്ലാദിവസവും ഉച്ചക്ക് ശിവപുരം കവലയിലുള്ള കുടനന്നാക്കുകടയില്‍ നിന്നും ചേട്ടന്‍ മൃഗാശുപത്രിയില്‍ വരും
കുറെസമയം സംസാരിച്ചുകൊണ്ടിരിക്കും

ഉച്ചക്ക് തിരക്കൊന്നും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ക്കും ആ വരവ് താല്‍പര്യമായിരുന്നു
സൂര്യനുകീഴിലുള്ള എന്തിനേപ്പറ്റിയും ഇട്ടിമാത്തന്‍ ചേട്ടന്‍ അഭിപ്രായം പറയും
മറ്റാരും ചിന്തിക്കാത്ത പോയിന്റുകള്‍ ഇട്ടിമാത്തന്‍ ചേട്ടന്‍ എങ്ങിനെ കൃത്യമായി കണ്ടെത്തുന്നെന്ന്
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്

ഒരിക്കല്‍ ഒരു മുതലാളിവീട്ടിലെ പയ്യന്‍ കുടിച്ച് കോണുതെറ്റിപോകുന്നതുകണ്ടപ്പോള്‍
ഇട്ടിമാത്തന്‍ ചേട്ടനെന്നോടുചോദിച്ചു

“ ഡോക്ടറേ കണ്ടില്ലേ, ഒരുത്തന്റെ പോക്ക് ഇതിന്റെ പുറകിലെ രഹസ്യം എന്താണെന്നു ചിന്തിച്ചിട്ടുണ്ടോ?”

“ അതിനിത്ര ചിന്തിക്കനെന്തിരിക്കുന്നു,
ചെറുപ്രായത്തില്‍ കണക്കില്ലാതെ കാശുകിട്ടിയാല്‍ പിള്ളേരിങ്ങനെയാകും അല്ലാതെന്നാ?
ഇവന്റെ അപ്പന്‍ മത്തായിസാറു എത്ര മാന്യനും പിടിപ്പുള്ളവനുമാ
ഇങ്ങിനെ ഒരുസന്തതി ആ വീട്ടില്‍ വീട്ടിലുണ്ടായാല്‍ മതിയല്ലോ എല്ലാം കൊളമാകാന്‍.”

എനിക്ക് ഇതല്ലാതെ ഒന്നും തോന്നിയില്ല
ഇട്ടിമാത്തന്‍ ചേട്ടന്‍ ഇരുത്തി ഒരു ചിരി ചിരിച്ചു
“ഇവിടെ നമ്മളെന്നാകാണുന്നേ?
കഠിനാദ്ധ്വാനം ചെയ്ത് മുതലാളിയായവന്റെ മകന്‍ കോണുതെറ്റി റോഡില്‍ കിടക്കുന്നു
കള്ളും കുടിച്ച് ഷാപ്പില്‍ കിടക്കുന്നവന്റെ മകന്‍ അധ്വാനിച്ച് മുതലാളിയാകുന്നു

ആരൊക്കെ എന്നാപറഞ്ഞാലും ഞാന്‍ ഉറപ്പിച്ചുപറയാം
അപ്പന്റെ തനിഗുണമേ മക്കളുകാണിക്കൂ
എന്റെഡോക്ടറേ ഏതുസാഹചര്യത്തിലും മനുഷ്യന്റെ സ്വഭാവം നിശ്ചയിക്കുന്നതു അവന്റെ പാരമ്പര്യമാണ്. ഇന്ദിരാഗാന്ധിക്ക് ഇത്രകഴിവെങ്ങനെ കിട്ടി നെഹ്രുവിന്റെ മകളായതുകൊണ്ട് അതാണു പാരമ്പര്യം.”

“അപ്പോള്‍പ്പിന്നെ ഈ വഴിയില്‍ കിടക്കുന്നവനോ?”
ഞാന്‍ തര്‍ക്കിച്ചു

“എന്റെ ഡോക്ടറേ,കാക്കയുടെ കൂട്ടില്‍ കുയിലു മുട്ടയിടുന്ന ഒരു കഥകേട്ടിട്ടില്ലേ ?
അങ്ങിനെ മുട്ടയിടാന്‍ കുയിലുപോകുമ്പോള്‍ കാക്ക എന്തു ചെയ്യുമെന്നറിയാമോ?
കുയിലിന്റെ കൂട്ടില്‍ പോയി മുട്ടയിടും
അങ്ങിനെ കാക്കക്കൂട്ടില്‍ കുയിലിന്റെ കുഞ്ഞും, കുയിലിന്റെ കൂട്ടില്‍ കാക്കയുടെ കുഞ്ഞും വളര്‍ന്നുവരും
വലുതാകുമ്പോള്‍ അവരവരുടെഅപ്പന്മാരേപ്പോലെ കുയിലു കൂവുകേംചെയ്യും കാക്ക കാ കാ എന്നും വയ്ക്കും ,
അതാണീ വഴികെടക്കുന്നത് .”

ഈ തത്ത്വശാസ്ത്രം കേട്ട് ഞാന്‍ അമ്പരന്നുപോയി.
ഇട്ടിമാത്തന്‍ചേട്ടന്‍ തന്റെ വാദം സാധൂകരിച്ചികൊണ്ട് ശിവപുരത്തേ ഒരുപാട് മുതലാളിവീടുകളുടെ കഥകള്‍ പറഞ്ഞു
ആ കഥകള്‍ കേട്ടപ്പോള്‍ എനിക്ക് തോന്നി പ്രസിദ്ധ സാഹിത്യകാരന്‍ കെ കെ യുടെ കഥാപാത്രങ്ങളേപ്പോലെ അവിശ്വസ്തരായ ഭാര്യമാര്‍ മാത്രമേ ഈ ശിവപുരം നാട്ടില്‍ ഉള്ളൂ എന്ന്

“എന്റെ ഡോക്ടറേ, ഡോക്ടര്‍ വിചാരിക്കുമ്പോലെ ഒന്നുമല്ല ഈ ലോകം
അത് നമ്മുടെ കാനം ഇ ജെ യുടെ നോവലില്‍ പറയുമ്പോലെ കടലുപോലെയാ
പുറമേ നോക്കിയാല്‍ ശാന്തമാ എന്നാല്‍ ഉള്ളില്‍ മുത്തുമുതല്‍ മുതലവരെ കാണും
ഡോക്ടറു പയ്യനല്ലേ ഇനി ഈ ലോകത്ത് എന്തെല്ലാം കാണാന്‍ കിടക്കുന്നു,അറിയാന്‍ കിടക്കുന്നു .”

ഇട്ടിമാത്തന്‍ ചേട്ടനും ശിവപുരം മൃഗാശുപത്രിയുമായുള്ള അടുപ്പം വര്‍ദ്ധിക്കാന്‍ ഒരു പുതിയ കാര്യം കൂടി ഉണ്ടായി. ആശുപത്രിയോടു ചേര്‍ന്നുള്ള ഗോഡൗണ്‍ കൂടുതല്‍ വാടക കൊടുക്കാമെന്നുപറഞ്ഞ് .
ഇട്ടിമാത്തന്‍ ചേട്ടന്‍ വാടകയ്ക്ക് എടുത്തു
അതിനേപ്പറ്റി ചോദിച്ചപ്പോള്‍ ഇട്ടിമാത്തന്‍ ചേട്ടന്‍ പതിവുചിരി ചിരിച്ചു

“എന്റെ ഡോക്ടറേ, പണം വരും പോകും എന്നാല്‍ മനുഷ്യബന്ധങ്ങള്‍ എനിക്ക് വളരെ വളരെ വിലപ്പെട്ടതാണ്. ഡോക്ടറോട് ഒക്കെ വര്‍ത്തമാനം പറഞ്ഞ് ഇരിക്കുമ്പോള്‍ മനസിനുള്ള സുഖം എത്ര വലുതാണെന്ന് പറയാന്‍ പറ്റില്ല
പിന്നെ പ്രായമായില്ലേ, ഉച്ചക്ക് ഇച്ചിരി സമയം കിടക്കണം
അതിനു വീടുവരെ പോകാതെ പറ്റിക്കാമല്ലോ
ഈ റൂം ആരുംകൊടുക്കാത്ത വാടക നല്‍കി അതാണു ഞാന്‍ എടുത്തത്
കാശുപോയാലെന്താമനസുഖമല്ലേ മനുഷ്യനു പ്രധാനം.”

ഒരിക്കല്‍ പതിവുപോലെ ഉച്ചസദസ് നടക്കുമ്പോള്‍ ഇട്ടിമാത്തന്‍ ചേട്ടന്‍ പത്രത്തിലെ ഒരു വാര്‍ത്ത വായിച്ചിട്ടുപറഞ്ഞു
“ഡോക്ടറിതുകണ്ടില്ലേ, ലോകസുന്ദരിമാര്‍ !!
ഈ എരണം കെട്ട സാധനങ്ങളേ സുന്ദരിയാന്നുപറയുന്നവനേ തല്ലണ്ടേ?

ഞാന്‍ ആ പത്രം നോക്കി
“അതെന്നാചേട്ടാ ഇവര്‍ക്കെന്നാ കുഴപ്പം?.”
ഇട്ടിമാത്തന്‍ ചേട്ടന്‍ ഒരു നിമിഷം നിശബ്ദനായി ഇരുന്നു
എന്നിട്ട് ഒരു ശ്ലോകം ചൊല്ലി
ഒരു സംസ്കൃത ശ്ലോകം
ഒന്നു ചിരിച്ചു എന്നിട്ട് പറഞ്ഞു

“ഡോക്ടര്‍ക്കൊന്നും മനസിലായിക്കാണില്ല
ഇത് ശാസ്ത്രമാണ്.നമ്മുടെ മഹര്‍ഷിമാര്‍ നിശ്ചയിച്ച ശാസ്ത്രം
ഇതിനൊത്തുവരുന്നവരാണു സുന്ദരിമാര്‍
കൃത്യമായ ഈ അളവുകള്‍ ഒത്തുകിട്ടുക എന്നത് വളരെ വളരെ അപൂര്‍വ്വം
അങ്ങിനെ ഉള്ള ഒരാളാണു പുരാണങ്ങളില്‍ പറയുന്ന തിലോത്തമ.”

“എന്റെ ചേട്ടാ അതൊക്കെ പുരാണങ്ങളില്‍,
ഭൂമിയില്‍ അങ്ങിനെ ആരെങ്കിലും കാണുമോ അങ്ങിനെ ഒരളവും തെറ്റാത്തതായി.”
ഞാന്‍ തര്‍ക്കിച്ചു
എന്നാല്‍ ഇട്ടിമാത്തന്‍ ചേട്ടന്‍ തോക്കാന്‍ തയറായില്ല

“ആരുപറഞ്ഞു ഇല്ലന്ന് ?
ഇവിടെ താമസിക്കുന്ന ടെസ്സിയേ ഡോക്ടറൊന്നു ശ്രദ്ധിച്ച് നോക്ക്
മഹര്‍ഷിമാരുടെ ശ്ലോകത്തിലെ കണക്കിന്റെ ഒരു മില്ലീമീറ്റര്‍പോലും പിഴവില്ല
ടെസ്സിയുടെ മുന്നില്‍ ഈ ലോകസുന്ദരിമാരാരാ?വെറും തൃണം.”

ഇതുകേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഒന്നു ഞെട്ടി
ഹോസ്പിറ്റല്‍ കെട്ടിടത്തിന്റെ പുറകിലെ മുറിയില്‍ താമസിക്കുന്ന ടെസ്സി എന്റെ അടുത്ത സുഹൃത്താണ്

മൃഗാശുപത്രിയില്‍ എന്തെങ്കിലും വിശേഷങ്ങള്‍ക്ക് ചിലവു ചെയ്യുമ്പോള്‍ ടെസ്സിയും ഞങ്ങളിലൊരാളായി കൂടാറുണ്ട്
ഒഴിവു സമയങ്ങളില്‍ ഞങ്ങളോട് വര്‍ത്തമാനം പറയാന്‍ വരാറുണ്ട്
പിന്നെ എന്തെങ്കിലും വിശേഷ പലഹാരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ എനിക്ക് കൊണ്ടുവന്നു തരാറുമുണ്ട്
എന്നാല്‍ ടെസ്സിയുടെ സൗന്ദര്യം എന്റെ ചിന്തകളിലൊരിക്കലും കടന്നുവന്നിരുന്നില്ല
ഇട്ടിമാത്തന്‍ ചേട്ടന്‍ എന്തെല്ലാം ശ്രദ്ധിക്കുന്നുഎന്ന് എനിക്ക് അപ്പോഴാണു മനസിലായത്

“ഡോക്ടറേ ഞാന്‍ ഒന്നു നടുവുനിവര്‍ക്കട്ടേ.”
ഇട്ടിമാത്തന്‍ ചേട്ടന്‍ എഴുന്നേറ്റ് തന്റെ മുറിയിലേക്ക് കയറി വാതില്‍ അടച്ചു.

മറ്റൊരുദിവസം ചര്‍ച്ച വേട്ടക്കാരേപ്പറ്റിയായിരുന്നു

“ഡോക്ടറേ ഒരു വേട്ടക്കാരനു വേണ്ട ഏറ്റവും വലിയ ഗുണം എതാന്നറിയാമോ?

ഞാന്‍ ഒരു നിമിഷം ആലോചിച്ചു
എന്റെ അറിവിലെ ഏറ്റവും വലിയ വേട്ടക്കാരന്‍ പ്രസിദ്ധ ആനവേട്ടക്കാരന്‍ കവളങ്ങാട്ട് ഇട്ടന്‍ മാത്തുക്കുട്ടിച്ചായനാണ്.
മനോരമയില്‍ അദ്ദേഹം എഴുതിയ അനുഭവകഥകള്‍ ഞാന്‍ വായിച്ചിരുന്നു.

ഒരിക്കല്‍ ഒരുകാട്ടാനയേ വെടിവെയ്ക്കാന്‍ മാത്തുക്കുട്ടിച്ചായന്‍ പുറപ്പെട്ടപ്പോള്‍ ആളുകള്‍ പുറകേകൂടി
മാത്തുക്കുട്ടിച്ചായന്‍ വന്നാല്‍ ആന വീഴുമെന്നു എല്ലാവര്‍ക്കുമറിയാം
ആന ഒന്നു തിരിഞ്ഞുനിന്നപ്പോള്‍ എല്ലാവരും ജീവനും കൊണ്ടോടി
മാത്തുക്കുട്ടിച്ചായന്‍ ആനയേ വെടിവെച്ചിട്ടിട്ട് തിരികെ വരുമ്പോള്‍ വഴിയിലുള്ള മരക്കൊമ്പുകളില്‍
ജീവനും കൊണ്ടോടിയവരുടെ മുണ്ടും തോര്‍ത്തുമെല്ലാം ഉടക്കി കീറിക്കിടപ്പുണ്ടായിരുന്നു

ഇതോര്‍ത്ത് ഞാന്‍ പറഞ്ഞു ധൈര്യം അതാണു ഒരു വേട്ടക്കാരനുവേണ്ടത്
ഇട്ടിമാത്തന്‍ ചേട്ടന്‍ സമ്മതിച്ചില്ല
“ധൈര്യം ആവശ്യം തന്നെ എന്നാല്‍ ഏറ്റവും വേണ്ടത് ക്ഷമയാണ്.
ഡോക്ടറു ജിം കോബറ്റിനേപ്പറ്റി കേട്ടിട്ടുണ്ടോ ?
പ്രസിദ്ധനായ കടുവാ വേട്ടക്കാരന്‍?
അങ്ങേരു ആദ്യം ഇരയുടെ വിഹാരസ്ഥലം മനസിലാക്കും
പിന്നെ നിശബ്ദനായി അതിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കും
ബലവും ബലഹീനതയും മനസിലാക്കും
പിന്നീട് തന്ത്രം ആവിഷ്കരിക്കും പിന്നെ കൃത്യമായ വലവിരിക്കും
പിന്നെ ക്ഷമയോടെ കാത്തിരിക്കും ചിലപ്പോള്‍ മാസങ്ങള്‍ നിളുന്ന കാത്തിരുപ്പ്

അവസാനം കടുവായെ പിടിക്കുമ്പോള്‍ എല്ലാം മറന്ന് ചിരിക്കും
അങ്ങിനെ ചിരിക്കണമെങ്കില്‍ ഒരുപാട് ക്ഷമവേണം ഡോക്ടറേ, ഒരുപാട് ഒരുപാട് ക്ഷമ.”

എനിക്ക് ഇട്ടിമാത്തന്‍ ചേട്ടന്‍ പറഞ്ഞത് ശരിയാണെന്ന് തോന്നിയതിനാല്‍ പിന്നെ തര്‍ക്കിച്ചില്ല
ഇങ്ങിനെ വളരെ രസകരമായി ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു

ശിവപുരം മൃഗാശുപത്രിയില്‍ നിന്നും അധികം ദൂരെയല്ലാതെ അല്‍പ്പം സ്ഥലം വാങ്ങി
ജോണി ഒരു വീടു വയ്ക്കുന്നുണ്ടായിരുന്നു
ഞങ്ങളുടെ പതിവു സദസ് കൂടിക്കൊണ്ടിരുന്നപ്പോഴാണു പുതിയ വീട്ടിലേക്ക് മാറുന്നകാര്യം ടെസ്സി പറഞ്ഞത്

പാലുകാച്ചിനു എല്ലാവരും വരണമെന്ന് ടെസ്സിപറഞ്ഞതും
എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ഇട്ടിമാത്താന്‍ ചേട്ടന്‍ ക്ഷോഭിച്ചു
“ഒരു കോപ്പിനും എന്നേപ്രതീക്ഷിക്കേണ്ടാ വെറുത്തേ കാശു കളഞ്ഞതുമിച്ചം.”
എന്ന് പൊറുപൊറുത്തുകൊണ്ട് ചാടി എഴുന്നേറ്റ് തന്റെ മുറിയിലേക്ക് കയറി

ഞങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ല
ക്ഷോഭം അടങ്ങിയിട്ടു സംസാരിക്കാം എന്നുകരുതി ഞാന്‍ ഒന്നും പറയാന്‍ പോയില്ല
അറ്റന്റര്‍ കുറച്ചുകഴിഞ്ഞു അനുനയവുമായി ഒന്നു പോയിനോക്കി
“നിങ്ങളൊക്കെ ഇത്ര പുണ്യവാളന്മാരാന്നു ഞാന്‍ വിചാരിച്ചില്ല
ആണുങ്ങളാണെന്നും പറഞ്ഞു നടക്കുന്നു
എന്റെ പൈസയും സമയവും പോയതു മിച്ചം.”

ഇട്ടിമാത്തന്‍ ചേട്ടന്റെ ചൂടുകണ്ട് അറ്റന്റര്‍ തിരികെപോന്നു
പിറ്റേന്ന് ചെന്നപ്പോള്‍ കേട്ടത് ഇട്ടിമാത്തന്‍ചേട്ടന്‍ വാടകമുറി വിട്ടു എന്ന വാര്‍ത്തയാണ്.
ഉച്ചയ്ക്ക് ഞങ്ങള്‍ കാത്തിരിന്നെങ്കിലും ഇട്ടിമാത്തന്‍ ചേട്ടന്‍ വന്നില്ല

എത്രയാലോചിച്ചിട്ടും ഇട്ടിമത്തന്‍ ചേട്ടന്റെ കോപത്തിന്റെ കാരണം എനിക്ക് മനസിലായില്ല
അതുകൊണ്ടാണു എന്തെങ്കിലും ക്ലൂകിട്ടുമോഎന്ന് അറിയാനായി
ഇട്ടിമാത്തന്‍ ചേട്ടന്‍ ഉപയോഗിച്ച മുറിഒന്നു പരിശോധിക്കാന്‍ ഞാന്‍ തീരുമാനിച്ചത് .

കുറെ പരിശോധിച്ചിട്ടും ഒന്നും കണ്ടില്ല
വെള്ളപൂശിയ ഭിത്തിയിലെ എണ്ണക്കറ യാദൃശ്ചികമായാണു ഞാന്‍ ശ്രദ്ധിച്ചത്
ഞാന്‍ തറയില്‍ ഇരുന്ന് ആ എണ്ണക്കറയിലേക്ക് തല ചേര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍
കൈ തട്ടി ഭിത്തിയില്‍ നിന്നും ഒരു ചെറിയ കല്ലുകഷണം താഴെ വീണു

ഭിത്തിയില്‍ അമ്പത് പൈസ വട്ടത്തിലുള്ള ഒരു ദ്വാരം
എണ്ണക്കറയില്‍ തല ചേര്‍ത്തുവെക്കുമ്പോള്‍ ആ ദ്വാരത്തിലൂടെ കൃത്യമായി കാണാന്‍ പറ്റുന്നു
ഞാന്‍ സൂക്ഷിച്ചു നോക്കി
ടെസ്സിയുടെ മുറിയുടെ വാതില്‍ കൃത്യമായി കാണാം

ഇട്ടിമാത്തന്‍ ചേട്ടന്‍ പണ്ടുപറഞ്ഞ വാക്കുകള്‍ എന്റെ മനസില്‍ തെളിഞ്ഞു
“ഡോക്ടറേ ഒരു വേട്ടക്കാരന്ഏറ്റവും വേണ്ടത് ക്ഷമയാണ്.
ജിം കോബറ്റിനേപ്പറ്റി കേട്ടിട്ടുണ്ടോ?പ്രസിദ്ധനായ കടുവാ വേട്ടക്കാരന്‍ ?
അങ്ങേരു ആദ്യം ഇരയുടെ വിഹാരസ്ഥലം മനസിലാക്കും
പിന്നെ നിശബ്ദനായി അതിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കും
ബലവും ബലഹീനതയും മനസിലാക്കും
പിന്നീട് തന്ത്രം ആവിഷ്കരിക്കും പിന്നെ കൃത്യമായ വലവിരിക്കും
പിന്നെ ക്ഷമയോടെ കാത്തിരിക്കും
ചിലപ്പോള്‍ മാസങ്ങള്‍ നിളുന്ന കാത്തിരുപ്പ്
അവസാനം കടുവായെ പിടിക്കുമ്പോള്‍ എല്ലാം മറന്ന് ചിരിക്കും
അങ്ങിനെ ചിരിക്കണമെങ്കില്‍ ഒരുപാട് ക്ഷമവേണം ഡോക്ടറേ, ഒരുപാട് ഒരുപാട് ക്ഷമ

ഒരു നിമിഷം ഞാന്‍ പൊട്ടിച്ചിരിച്ചുപോയി.

എല്ലാം പകലുപോലെ വ്യക്തം

പണ്ട് വഴിയില്‍ കിടന്ന പട്ടിയേ ചികില്‍സിക്കുവാന്‍ കൊണ്ടുവന്നതുമുതല്‍
ഇന്നു വരെ നടന്നത് മുഴുവനും ഇട്ടിമാത്തന്‍ ചേട്ടന്‍ തിരക്കഥയെഴുതിയ ഒരു നാടകം

ടെസ്സിയെന്ന കടുവയേ വീഴ്ത്താനായി ഇട്ടിമാത്തന്‍ ചേട്ടന്‍ എന്ന ജിം കോബറ്റ്
ഭൂമിയേക്കാള്‍ ക്ഷമയോടെ കളിച്ച നാടകം

ഉച്ചക്കു ഉറങ്ങാനാണെന്നും പറഞ്ഞ്മുറിയടച്ച് ഈ ദ്വാരത്തിലൂടെമാസങ്ങളായി ഈ മനുഷ്യന്‍
കണ്ണിമ പൂട്ടാതെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു
ഒരിക്കലെങ്കിലും ടെസ്സി ആശുപത്രി ജീവനക്കാരിലാരെയെങ്കിലും തന്റെ മുറിയിലേക്ക് ക്ഷണിക്കുമെന്നും
അത് കൈയ്യോടെ പിടിച്ച് തനിക്ക് അന്നുമുതല്‍ ടെസ്സിയേ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ പറ്റുമെന്നും എന്ന പ്രതീക്ഷയില്‍!!

ഞാന്‍ ജീവിതത്തിൽ ഒരുപാടു വേന്ദ്രന്മാരെ കണ്ടിട്ടുണ്ട്,
എന്നാല്‍ ഇത്രക്ക് ഭാവനയുള്ള ഒരാളെ ശിവപുരത്തല്ലാതെ വേറൊരിടത്തും കണ്ടിട്ടില്ല.!!

Comments

Unknown said…
കുറേ നാളുകൾക്ക് ശേഷമാണ് ഈ ബ്ലോഗിൽ വരുന്നത്.നല്ല എഴുത്ത്.
vikas menon said…
i seen this blog today.
Nice

Popular posts from this blog

മണവാളക്കുറിച്ചിയില്‍ ഷീബാക്കായി ഒരു രാത്രി ഭാഗം 9

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്. പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്। പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവുംഎനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :9 പുലിവേലില്‍ അച്ചന്‍ രാത്രിയില്‍ ഞങ്ങള്‍ താമസിക്കുന്നിടത്തു വന്നു ഇതുവരെ സംഭവിച്ചകാര്യങ്ങളെല്ലാം മനോഹരന്‍ ചേട്ടന്‍ വിശദീകരിച്ചു “നിങ്ങള്‍ പറയുന്നത് കേട്ടിട്ടുതന്നേ। വല്ലാത്ത വിഷമം,എന്നാലും ആരാണീ പി ടി എന്നകാര്യം എനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ।” അച്ചന്‍ പറഞ്ഞു “അത് ആരും ആകട്ടേ,” മനോഹരന്‍ ചേട്ടന്‍ തുടര്‍ന്നു “അയാളുടെ ഉദ്ദേശം എന്ത് ? അതില്‍ ഷീബായ്ക്ക് ദോഷകരമായി എന്തെങ്കിലും ഉണ്ടോ?” അതിലാണു നമുക്ക് താല്‍പര്യം, അതിനു അടുത്ത വെള്ളിയാഴ്ച്ച വരെ കാത്തിരിക്കണം .” “അതിനെന്താ,

മണവാളക്കുറിച്ചിയില്‍ ഷീബായ്ക്കായി ഒരു രാത്രി.ഭാഗം.6

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ് പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :6 വലിയ ഒരുഗേറ്റ്, അകത്തേക്ക് നീണ്ടുപോകുന്ന വഴി വഴിക്കിരുപുറവും ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഇരുവശവും വലിയ മാവിന്‍ തോട്ടം ഗേറ്റു ലോക്കുചെയ്തിരുന്നില്ല ഞങ്ങള്‍ ഗേറ്റു തുറന്ന് വാന്‍ അകത്തേക്ക് വിട്ടു ആ വഴി ചുറ്റി ചുറ്റി ഒരു കുന്നില്‍ മുകളിലേക്ക് നീങ്ങി വാഴത്തോപ്പ് തെങ്ങിന്‍ തോപ്പ് എന്നിവ കടന്ന് മുകളിലേക്ക് “ഇത് മാന്‍ഡേക്കിന്റെ സാനഡു പോലെ ഉണ്ടല്ലോ!” വിഷ്ണു ചിരിച്ചു ഞാന്‍ അത്ഭുതത്തോടെ ആ പറമ്പുകള്‍ കാണുകയായിരുന്നു അവസാനം വഴി ഒരു വീടിന്റെ മുന്‍പില്‍ അവസാനിച്ച