Skip to main content

"എന്നാലും മറന്നില്ലല്ലോ......!"

വടക്കന്‍ പറവൂര്‍ ബ്ലോക്കില്‍ ഒരുപാടുജീവനക്കാരുണ്ടായിരുന്നെങ്കിലും,
ഞാന്‍ കൂടുതല്‍ അടുത്തത് സച്ചിയോടാണ്.
സച്ചിയെന്ന് വിളിക്കുന്ന സച്ചിതാനന്ദന്‍, ഐ ആര്‍ ഡി പി ക്ലര്‍ക്കായിരുന്നു, റവന്യൂവകുപ്പില്‍നിന്നും വന്നയാള്‍,
ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കിയത്
ഈ സച്ചിയുടെ കണ്ണുകളിലൂടെയാണ് എന്നുതന്നേ പറയാം.

സച്ചി സരസനും വാചാലനും ആണ്,
എന്തുപറയുമ്പോഴും ഒരു സന്മനസ്സും നര്‍മ്മഭാവവും ആ മുഖത്ത് തെളിയും. ചുരുക്കത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന
ഒരു പ്രതിഭാസമാണീ സച്ചി എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .

പറവൂരിലെ ഇ സിയുടെ ലോഡ്ജിലായിരുന്നു,
ഞാന്‍ ആദ്യ താവളം കണ്ടെത്തിയത്.
പറവൂര്‍ ടൗണില്‍കേസരിമെമ്മോറിയല്‍ ടൗണ്‍ ഹാളിനടുത്ത് ,
മിക്കവാറും ഉദ്യോഗസ്ഥന്മാരുടെ താവളം അന്ന് ഈ ലോഡ്ജായിരുന്നു.

അസൗകര്യം ഒന്നും ഇല്ലായിരുന്നെങ്കിലും,
എനിക്ക് അവിടുത്തേ താമസം മടുത്തത് പെട്ടന്നാണ്.
അതാണ് മഴപെയ്തുതോര്‍ന്ന ഒരു സായം സന്ധ്യയില്‍,
തണുത്ത കുളിര്‍കാറ്റുകുളിര്‍പ്പിച്ച മനസ്സുമായി,
ചീനവലകളും തോണികളും കണ്ടുകൊണ്ട്
കോട്ടുവള്ളിപ്പാലത്തിന്റെ കൈവരികളിരുന്ന് കഥകള്‍ പറഞ്ഞിരുന്നപ്പോള്‍ സച്ചിയോട് എന്റെ മനസ്സിലെ പുതിയ ആഗ്രഹം പറഞ്ഞത്.

“സച്ചീ, എനിക്ക് പറവൂര്‍ ടൗണിലേ താമസം മതിയായി.
ഈ കോട്ടുവള്ളിപ്പാലത്തില്‍ നിന്നും ചീനവലകളും കണ്ട് കാറ്റും കൊണ്ട്
എന്നും രാത്രിയേറെയാകും വരെ ഇരിക്കണമെന്ന് കൊതിതോന്നുന്നു.”

“അതിനെന്താ ഡാക്ടറേ, നമുക്ക് ആ ലോഡ്ജ് വിടാം,
ഇവിടെ ഒരു വീടു സംഘടിപ്പിക്കാം .”

“പക്ഷേ എനിക്ക് കൂട്ടായിട്ടാരേകിട്ടും?
ഒരു വീട് മുഴുവനും എനിക്കാവശ്യമില്ലല്ലോ ?”
യഥാര്‍ത്ഥ പ്രശ്നം ഞാന്‍ അവതരിപ്പിച്ചു.
സച്ചി ഒരുനിമിഷം ചിന്തിച്ചിരുന്നു എന്നിട്ട് പറഞ്ഞു,

“ഡാക്ടറുവാ, നമുക്ക് ഒരാളേ ഇപ്പോള്‍തന്നേകാണാം”

ഞങ്ങള്‍ കോട്ടുവള്ളിപ്പാലത്തില്‍ നിന്നും തിരിച്ച് കവലയിലേക്ക് നടന്നു .
പാലത്തിന്റെ അടുത്തുതന്നേയുള്ള ഒരു വീട്ടിലേക്കാണ് ഞങ്ങള്‍ പോയത്.
അറയും നിരയും ഉള്ള ഒരു സാമാന്യം വലിയ ഒരു വീട്
ചുറ്റും ഇട്ടിരുന്ന പന്തല്‍ അഴിച്ച് മാറ്റുന്നതേയുള്ളൂ.
എന്തോ വിശേഷം ആ വീട്ടില്‍ കഴിഞ്ഞതേയുള്ളൂ എന്നെനിക്ക് തോന്നി .
സച്ചി ചിരപരിചിതനേപ്പോലെ
“അമ്മായീ, അമ്മായി എവിടെപ്പോയീ?”
എന്നുചോദിച്ചുകൊണ്ട് വീടിനകത്തേക്കുകയറിപ്പോയി.
എന്നാല്‍ ഞാന്‍ ഒന്നു സംശയിച്ചു നിന്നു.
അപ്പോഴേക്കും സച്ചിയും
ഏതാണ്ട് അമ്പത് വയസ്സുതോന്നുന്ന ഒരു സ്ത്രീയും കൂടിയിറങ്ങിവന്നു.

അവരെന്നേയൊന്നു സൂക്ഷിച്ചുനോക്കി, എന്നിട്ടു ചോദിച്ചു.

“ഹോമിയോ ഡാക്ടറാ അല്ലേ?”
“അല്ല, വെറ്റേറിനറി ഡോക്ടര്‍” ഞാന്‍ തിരുത്തി.
അവര്‍ചിരിച്ചു.
“ഹോമിയോ ആയാലും, വെറ്റേറിനറിആയാലും ഡാക്ടറല്ലേ? അതുമതി,
സച്ചി പറഞ്ഞതുകൊണ്ട് ഞാന്‍ വേറൊന്നും ചോദിക്കുന്നില്ല,
ഡാക്ടര്‍ക്ക് ഒരു മുറി ഞാന്‍ തരാം, എപ്പോഴെന്നുവെച്ചാല്‍ വന്നോളൂ”

എന്റെ ഹൗസ് ഓണറും ഞാനുമായുള്ള ആദ്യ സംഭാഷണമതായിരുന്നു.
തിരികെ പറവൂര്‍ക്കു പോകുവാന്‍
ചെറിയപ്പള്ളി സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ സച്ചിയും കൂടെ വന്നു.

‘ഡാക്ടര്‍ക്കു ഭാഗ്യമുണ്ട് ,
മുപ്പതുരൂപാ പ്രതിമാസവാടകയ്ക്ക് ഒരുമുറി തരാമെന്നാണമ്മായി സമ്മതിച്ചത്.”
“മുപ്പതുരൂപയോ?”
എനിക്ക് അത്രയും കുറഞ്ഞ വാടക ഒരു അത്ഭുതമായിതോന്നി.
സച്ചി ചിരിച്ചു,
“ഒരു മുറിക്കല്ല, ഒരു വീടിന്, ഡാക്ടര്‍ നോക്കിക്കോ,
ഒരാഴ്ച്ച കഴിയുമ്പോള്‍ അമ്മായിഡാക്ടറേ ഈ വീട് ഏല്‍പ്പിച്ചിട്ട്
മകളുടെ വീട്ടില്‍ പോകും.
വീടു സൂക്ഷിക്കുന്നതിനു
കൂലി ഇങ്ങോട്ടു തന്നാലും അത്ഭുതപ്പെടരുത്,അതാ അമ്മായി .”

“അമ്മായിക്ക് ഒരു മകളേ ഉള്ളോ?” ഞാന്‍ ചോദിച്ചു.
“അതൊക്കെ ഒരു കഥയാണ്,” സച്ചിപതുക്കെപ്പറഞ്ഞു.
“അമ്മായിക്ക് മക്കള്‍ രണ്ടായിരുന്നു, ഒരു മകനും മകളും .
മകനായിരുന്നു എല്ലാകാര്യങ്ങളും നോക്കിയിരുന്നത്.
ഇലക്ട്രിസിറ്റി വകുപ്പില്‍ ലൈന്‍ മാനായിരുന്നു,
ഒരിക്കല്‍ അവന്‍ പോസ്റ്റില്‍ കയറി പണിചെയ്യുന്നസമയം
ആരോ ലൈന്‍ ചാര്‍ജ്ജുചെയ്തു ബാക്കി ഡാക്ടര്‍ക്കൂഹിക്കാമല്ലോ!”

ഞാന്‍ ഒന്നും പറഞ്ഞില്ല .
ഇലക്ട്രിക്ക് ലൈനില്‍ ഒരുമനുഷ്യന്‍ കരിഞ്ഞ് തൂങ്ങിനില്‍ക്കുന്നതും,
ആളുകള്‍ ഓടിക്കൂടുന്നതുമെല്ലാം എന്റെ മനസ്സിലേക്ക് ഓടി എത്തി.
ഞാന്‍ ചോദിക്കാതെതന്നേ സച്ചി തുടര്‍ന്നു,

“പിള്ളേരു കൈക്കുഞ്ഞുങ്ങളായിരുന്നപ്പോഴാണ്
അമ്മായിയുടെ ഭര്‍ത്താവ് രണ്ടാം ലോകമഹായുദ്ധത്തിനു പോയത്,
അന്ന് അമ്മായിക്ക് കൂടിയാല്‍ ഇരുപതോ ഇരുപത്തിഒന്നോ വയസുകാണും”
“എന്നിട്ടോ?” ഞാന്‍ ചോദിച്ചു
“എന്നിട്ടെന്താവാന്‍?
യുദ്ധത്തിനുപോയ അനേകരേപ്പോലെ അയാളും പോയി,
പിന്നെ ഒന്നും അറിഞ്ഞിട്ടില്ല,
കൊല്ലപ്പെട്ടോ? അതോ ജപ്പാന്‍കാരുടെ തടവുകാരനായോ എന്നറിയില്ല.
പിന്നീട് ഒരു വിവരവും കിട്ടിയിട്ടില്ല ”
“വല്ലാത്തകഷ്ടം തന്നേ, അല്ലേ സച്ചീ?”
ഞാന്‍ മനസ്സില്‍ തോന്നിയ സഹതാപം മറച്ചുവച്ചില്ല.

“എന്തായിരുന്നു അവിടെ ഒരു പന്തലും മറ്റും?
വല്ല വിശേഷവും ഉണ്ടായിരുന്നോ ?”

“ അതോ, അത് മറ്റൊരു വിശേഷം!
അമ്മായിയുടെ അമ്മയുടെ പതിനാറടിയന്തിരമായിരുന്നു.
വല്യമ്മ നൂറിനുമുകളില്‍ വയസായിട്ടാണുമരിച്ചത്.
അവസാനം ഒരുവര്‍ഷം ഒരു ബോധവും ഉണ്ടായിരുന്നില്ല.
അവരേനോക്കി നോക്കിയാണമ്മായി ഇത്രക്ക് ക്ഷീണിച്ചത്.
രാത്രിയില്‍ ഉണര്‍ന്നാല്‍ വല്യമ്മ പുറത്തേക്ക് ഇറങ്ങി ഓടും,
പലതവണ കുളത്തില്‍ പോയി ചാടിയിട്ടുണ്ട് ,
അതുകാരണം അമ്മായിക്ക് ഒന്നു ശരിക്കുറങ്ങാന്‍ പോലും പറ്റുമായിരുന്നില്ല.”

സച്ചി എന്നോടെന്തോ ചോദിച്ചു , ഞാന്‍ മറുപടി പറഞ്ഞില്ല,
ഒരു പാവം സ്ത്രീ ഈഭൂമിയില്‍ എന്തെല്ലാം സഹിക്കേണ്ടി വന്നു
എന്നു ചിന്തിക്കുകയായിരുന്നു ഞാന്‍ .

അടുത്ത ആഴ്ച്ച ഞാന്‍ അമ്മായിയുടെ വീട്ടിലേക്ക് താമസം മാറ്റി
എനിക്ക് പുതിയ താമസം ഇഷ്ടമായി
ബ്ലോക്ക് ഓഫീസിലേക്ക് നടന്നുപോകാനുള്ള ദൂരമേയുള്ളൂ
ഞാന്‍ കൊതിച്ചതു പോലെ കോട്ടുവള്ളിപ്പാലത്തില്‍
രാത്രി ഒരുപാടുനേരം മതിമറന്നിരിക്കുവാന്‍ അവസരവും

അമ്മായി രാവിലെ ഉണരും
അപ്പോള്‍ത്തന്നെ റേഡിയോ ഓണ്‍ ചെയ്യും
സ്റ്റേഷന്‍ തുറക്കുന്നസംഗീതം കേട്ടാണു ഞാന്‍ ഉണരാറ്.
രാത്രി റേഡിയോസ്റ്റേഷന്‍ അടക്കുമ്പോഴേ അമ്മായി റേഡിയോ ഓഫ് ചെയ്യൂ

അമ്മായിക്ക് മകനും ഭര്‍ത്താവും മകളും എല്ലാം
ആ റേഡിയോ പ്രക്ഷേപണമാണെന്ന തിരിച്ചറിവില്‍ ഞാന്‍
ആ ശബ്ദത്തിനു യാതൊരു എതിരും പറയാന്‍ പോയില്ല
ദിവസങ്ങള്‍ നീങ്ങിയപ്പോള്‍
ഞാന്‍ ആ ശബ്ദം ആസ്വദിച്ചുതുടങ്ങി എന്നതായിരുന്നു സത്യം

ആ വീട്ടില്‍ ഒരു മുറി ഒരു വൈദ്യനാണു വാടകക്ക് കൊടുത്തിരുന്നത്
വൈദ്യന്‍ ആഴ്ച്ചയില്‍ രണ്ടുദിവസം ഉച്ചക്കുശേഷം അവിടെ വന്നിരുന്ന്
രോഗികളേ പരിശോധിക്കും

അമ്മായി എന്നേ വൈദ്യനു പരിചയപ്പെടുത്തി
“ഇതാണു സച്ചിയുടെ കൂട്ടുകാരന്‍ പുതിയ ഹോമിയോ ഡാക്ടര്‍!’
“ഹോമിയോ ഡോക്ടറല്ല, വെറ്റേറിനറി ഡോക്ടര്‍!” ഞാന്‍ വീണ്ടും തിരുത്തി

“എന്റെ ഡാക്ടറേ അത് എന്തുവേണേലാട്ടേ, എനിക്ക് ഒരു കുഴപ്പവും ഇല്ല.”

വൈദ്യന്‍ പരിചയഭാവത്തില്‍ ചിരിച്ചു
“ഏതായാലും വീട്ടിലൊരാളായല്ലോ
ഇനി അമ്മായിക്ക് മോളുടെ അടുത്ത് പോകാമല്ലോ അല്ലേ?”
“ അതിനേപ്പറ്റി ഞാന്‍ ഓര്‍ക്കായ്കയല്ല,
അമ്മമരിച്ചതല്ലേ കുറച്ചുദിവസംകൂടി കഴിഞ്ഞോട്ടേ
അതല്ലേ അതിന്റെ ശരി ?”

അപ്പോളങ്ങിനെ പറഞ്ഞെങ്കിലും അമ്മായി അതില്‍ ഉറച്ചുനിന്നില്ല ഒരാഴ്ച്ചകഴിഞ്ഞപ്പോള്‍ മകള്‍ അമ്മായിയേ കാണാന്‍ വന്നു
തിരികെപ്പോയപ്പോള്‍ അമ്മായിയും കൂടെപ്പോയി
അങ്ങിനെ ദിവസം ഒരു രൂപാ വാടകക്ക് ഞാന്‍ ആ വീട്ടിലെ വീട്ടുകാരനായി

വൈദ്യനും സച്ചിയും ഞാനും
പലസന്ധ്യകളിലും ആ മുറ്റത്ത് കസേരയിട്ടിരുന്ന് കഥകള്‍ പറഞ്ഞിരുന്നു

നാലുമാസം കഴിഞ്ഞപ്പോള്‍
എനിക്ക് കടനാട്ടിലേക്ക് സ്ഥലം മാറ്റം ആയിപ്പോന്നു
പിന്നെ ഒരു ഇരുപത് വര്‍ഷത്തേക്ക് ഞാന്‍ അമ്മായിയേപ്പറ്റി ഒന്നും കേട്ടില്ല
ഒരിക്കല്‍ ഞാന്‍ എന്റെ ഒരു പരിചയക്കാരി ചേച്ചിയില്‍നിന്നാണ്,
അമ്മായിയേപ്പറ്റി കേള്‍ക്കുന്നത്

അമ്മായിയുടെ മകളുടെ വീട് അവരുടെ അടുത്താണ്
അമ്മായി ഇപ്പോള്‍ സ്ഥലത്തുണ്ട്
ഞാന്‍ ചേച്ചിയുടെ കൂടെ അമ്മായിയേ തേടിച്ചെന്നു
ഞാന്‍ ആദ്യമായി അമ്മായിയേ കണ്ടദിവസത്തേപ്പോലെ
ഒരു സന്ധ്യാ സമയം
അന്നത്തേപോലെ തന്നേ മഴപെയ്ത് ഈറനായ അന്തരീക്ഷം
വരാന്തയില്‍ സന്ധ്യാദീപത്തിന്റെ വെളിച്ചത്തില്‍കൂനിയിരിക്കുന്ന വൃദ്ധ
എന്റെ പഴയ ഹൗസ് ഓണര്‍ അമ്മായിയാണെന്നെനിക്ക് മനസ്സിലായി

എണ്‍പത് വയസിന്റെ വാര്‍ദ്ധക്യം അവരേ ബാധിച്ചിരിക്കുന്നു
‘അമ്മായിക്ക് ഇതാരെന്ന് മനസ്സിലായോ?” ചേച്ചി ചോദിച്ചു
അമ്മായി ഒന്നുരണ്ടുനിമിഷം എന്നേ സൂക്ഷിച്ചുനോക്കി
ആ മുഖത്ത് ഒരു പരിചയച്ചിരി ഉണര്‍ന്നു

“ഇത് നമ്മുടെ ബ്ലോക്കിലെ പഴയ ഹോമിയോഡാക്ടറല്ലേ? പാലാക്കാരന്‍?” “ഹോമിയോ അല്ല വെറ്റേറിനറി,”
ഞാന്‍ പഴയതുപോലെ അവരെ തിരുത്താന്‍ നോക്കി

“എന്റെ ഡാക്ടറേ, ഹോമിയോയോ വെറ്റേറിനറിയോ എന്തുവേണേലാട്ടേ
ഞാന്‍ ഡാക്ടറേ മറന്നില്ലല്ലോ അതുപോരേ?”
അമ്മായിയുടെ മുഖത്ത് ഒരു ചിരി,
ഞാന്‍ പിന്നെ എതിരൊന്നും പറഞ്ഞില്ല.
ഇരുപത് വര്‍ഷം കഴിഞ്ഞിട്ടും അവര്‍ എന്നേ മറന്നില്ലല്ലോ !
എന്നേ ശരിക്കും സല്‍ക്കരിച്ചിട്ടേ അമ്മായി തിരികെ വിട്ടൊള്ളു

ഇപ്പോള്‍ അതുകഴിഞ്ഞ് ഒന്‍പത് വര്‍ഷം ആയി
പിന്നെ ഞാന്‍ അമ്മായിയേ കണ്ടിട്ടില്ല
ഇപ്പോഴും അമ്മായി ഉണ്ടോ ആവോ?

ഉണ്ടെങ്കില്‍ തൊണ്ണൂറുകളുടെ പടിവാതിലില്‍ ആയിരിക്കും
വാര്‍ദ്ധക്യം കുറേക്കൂടി കടന്നുകയറിയ നിലയില്‍
എന്നേകണ്ടാല്‍ തിരിച്ചറിയുമോ?
അറിയാതിരിക്കില്ല
എങ്കിലും കുറച്ചുസമയം സൂക്ഷിച്ചുനോക്കിയിട്ട് പറഞ്ഞേക്കും

“ഇത് നമ്മുടെ ബ്ലോക്കിലേ പഴയ ഹോമിയോ ഡാക്ടറല്ലേ?
ഡാക്ടറേ ഞാന്‍ മറക്കുമോ?”

അങ്ങിനെ പറഞ്ഞാലും ഇനി ഞാന്‍ തിരുത്തിപ്പറയുകയില്ല
ഹോമിയോയോ വെറ്റേറിനറിയോ എന്തുവേണമെങ്കിലുമാകട്ടേ
എന്നേ അവര്‍ മറന്നില്ലല്ലോ.....................!!

Comments

അങ്ങിനെ പറഞ്ഞാലും ഇനി ഞാന്‍ തിരുത്തിപ്പറയുകയില്ല
ഹോമിയോയോ വെറ്റേറിനറിയോ എന്തുവേണമെങ്കിലുമാകട്ടേ
എന്നേ അവര്‍ മറന്നില്ലല്ലോ.....................!!
Athuthanneyanu karyam...!

manoharam, Ashamsakal...!!!

Popular posts from this blog

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു. അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി, മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്. കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ് എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്, അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍ ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത് ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്. ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍. വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി മൃഗങ്ങളെ ഇത്ര സ്

മണവാളക്കുറിച്ചിയില്‍ ഷീബായ്ക്കായി ഒരു രാത്രി.ഭാഗം.6

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ് പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :6 വലിയ ഒരുഗേറ്റ്, അകത്തേക്ക് നീണ്ടുപോകുന്ന വഴി വഴിക്കിരുപുറവും ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഇരുവശവും വലിയ മാവിന്‍ തോട്ടം ഗേറ്റു ലോക്കുചെയ്തിരുന്നില്ല ഞങ്ങള്‍ ഗേറ്റു തുറന്ന് വാന്‍ അകത്തേക്ക് വിട്ടു ആ വഴി ചുറ്റി ചുറ്റി ഒരു കുന്നില്‍ മുകളിലേക്ക് നീങ്ങി വാഴത്തോപ്പ് തെങ്ങിന്‍ തോപ്പ് എന്നിവ കടന്ന് മുകളിലേക്ക് “ഇത് മാന്‍ഡേക്കിന്റെ സാനഡു പോലെ ഉണ്ടല്ലോ!” വിഷ്ണു ചിരിച്ചു ഞാന്‍ അത്ഭുതത്തോടെ ആ പറമ്പുകള്‍ കാണുകയായിരുന്നു അവസാനം വഴി ഒരു വീടിന്റെ മുന്‍പില്‍ അവസാനിച്ച