Wednesday, September 26, 2007

കുട്ടുകാരന്‍

ഐങ്കൊമ്പിലിറങ്ങി മല കയറിയാണു ഞാന്‍ സാധാരണയായി കടനാട്ടിലേക്ക് പോകുകയും വരികയും ചെയ്തിരുന്നത്. അതാകുമ്പോള്‍ ബസ്സ് സ്റ്റോപ്പില്‍ നിന്നും ഒരുകിലോമീറ്റര്‍ ദൂരമേയുള്ളു കൊല്ലപ്പള്ളിയിലോ പിഴകിലോ എത്തണമെങ്കില്‍ രണ്ട് കിലോമീറ്ററിലധികം യാത്രചെയ്യണം കടനാടുവഴി പാലാ രാമപുരമായി ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്സുള്ളത് നാലു മണിക്ക് പോകും മൃഗാശുപത്രിയുടെ സമയം അന്‍ചുമണിവരേയും.

ഐങ്കൊമ്പ് ഒരു ചെറിയ കവലയാണ്. മൂവാറ്റുപുഴ പുനലൂര്‍ സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ പാലാ തൊടുപുഴ റോഡിലേക്ക് രാമപുരത്തുനിന്ന് ഒരു റോഡ് വന്ന് ചേര്‍ന്ന് ഉണ്ടാകുന്ന ഒരു ഒരു ചെറിയ മുക്കവല. ടാര്‍ ചെയ്യാത്ത ഒരു റോഡ് കടനാട്ടിലേക്കുമുള്ളതുകൊണ്ട് ഒരു നാല്‍ക്കവല എന്നുവേണമെങ്കില്‍ പറയാം.

മഹാദേവന്‍ ഡോക്ടറുടെ ശ്രീകൃഷ്ണാ ആയുര്‍വേദ ആശുപത്രി, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, രണ്ട് ചായക്കടകള്‍, രണ്ട് മുറുക്കാന്‍ കടകള്‍, ഒരു വെയിറ്റിഗ് ഷെഡ് ഇതെല്ലാം ചേരുമ്പോള്‍ ഐങ്കൊമ്പ് ആയി.

രാവിലെ പാലാ കൂത്താട്ടുകുളം ക്യൂന്‍ മേരി ബസ്സില്‍ ഐങ്കൊമ്പിലെത്തുമ്പോള്‍ എട്ടേകാല്‍ ആകും ഓഫീസ് സമയം എട്ടായതുകൊണ്ട് പിന്നെ ഒരു ഓട്ടമാണു . വൈകിട്ട് സമാധാനമായി നടന്ന് വന്നു കിട്ടുന്ന ബസ്സില്‍ മടങ്ങും.

അന്ന് ഒരു മഴദിവസമായിരുന്നു. ഞാന്‍ ധൃതിപിടിച്ച് നടക്കുമ്പോഴാണു പുറകില്‍ നിന്നും ഒരു വിളികേട്ടത്
“ഏയ് കൂട്ടുകാരാ, ഒന്നുനില്‍ക്കെന്നേ .” ഞാന്‍ തിരിഞ്ഞുനോക്കി.
എഴുപതിനടുത്ത് പ്രായം തോന്നുന്നഒരു വൃദ്ധന്‍ ചിരിച്ചുകൊണ്ട് വരുന്നു.
നരച്ച കുറ്റിമുടി അദ്ധ്വാനികളായ ക്രിസ്ത്യാനി കാരണവന്മാരുടെ സാധാരണ വേഷമായ ഒരു വലിയ ചുട്ടിത്തോര്‍ത്താണുടുത്തിരിക്കുന്നത്കയ്യില്‍ ഒരു അരിവാളും ഉണ്ട്.
“ കുറേ ദിവസമായി കൂട്ടുകാരന്‍ രാവിലേ ഓടുന്നത് ഞാന്‍ കാണുന്നുണ്ട്.
ആരാണെന്നറിയാന്‍ ഞാന്‍ ഇന്ന് കാത്തുനില്‍ക്കുകയായിരുന്നു കേട്ടോ.”

‘കൂട്ടുകാരാ!’ ആ സമ്പോധന എനിക്ക് ശരിക്കും രസിച്ചു.
എഴുപതുകാരനായ ഒരാള്‍ ഇരുപത്തിഒന്നുകാരനായ ഒരാളേ വിളിക്കാന്‍ പറ്റിയ വിളിപ്പേര്. ഞാനും ചിരിച്ചു

“ എന്റെ കൂട്ടുകാരാ, ഞാന്‍ കടനാട് മൃഗാശുപത്രിയിലെ പുതിയ ഡോക്ടറാ,എട്ടുമണിക്കല്ലേ ഓഫീസ് സമയം അതാ ഈ ഓട്ടം.”

“ എന്നാ ശരികൂട്ടുകാരാ, വൈകിട്ട് കാണാം.”
ചിരിച്ചുകൊണ്ടാ വൃദ്ധന്‍ പശുവിനു പുല്ലരിയാന്‍ പോയി.
വലിയ ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്.

ആ വൃദ്ധനെ എല്ലാവരും വിളിച്ചിരുന്നത് കുഞ്ഞേട്ടാ എന്നാണ്.
എന്നാല്‍ ഞങ്ങള്‍ തമ്മില്‍ വിളിച്ചിരുന്നത് കൂട്ടുകാരാ എന്നും .
ഐങ്കൊമ്പ് കവലയിലാണെന്റെ കൂട്ടുകാരന്റെ വീട്.മകനും പേരക്കുട്ടികളുമൊത്താണു ജീവിതം. വൈകുന്നേരം ഞാന്‍ ഐങ്കൊമ്പില്‍ എത്തുമ്പോള്‍ വീടിന്റെ വരാന്തയിലെ ബന്‍ചില്‍ കുഞ്ഞേട്ടനുണ്ടാകും. സൂര്യനുകീഴിലുള്ള എല്ലാത്തിനേയും പറ്റി ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഇടക്ക് കുഞ്ഞേട്ടന്‍ എന്നേ ചായ കുടിക്കാന്‍ വിളിക്കും. വീടിനെതിര്‍ വശത്തുള്ളചെറിയ ചായക്കടയില്‍ കയറി ഞങ്ങള്‍ ചായ കുടിക്കും

കുഞ്ഞേട്ടന്‍ എപ്പോഴും സന്തോഷവാനായിരുന്നു. ഇടക്ക് മകന്‍ വണ്ണപ്പുറത്തേക്ക് താമസം മാറ്റിയപ്പോള്‍ മാത്രമാണു ഞാന്‍ കുഞ്ഞേട്ടനെ ദുഖിതനായികണ്ടത്. കുഞ്ഞേട്ടന്റെ സങ്കടം കണ്ടിട്ടാവണം മകന്‍ അധികം താമസിയാതെ തിരിച്ചുവന്നു .
“ ഇന്നെനിക്ക് വലിയ സന്തോഷമാ കൂട്ടുകാരാ ആതുകൊണ്ട് രണ്ട് ബോണ്ടാകൂടി തിന്ന്.”
ആ സന്തോഷം കുഞ്ഞേട്ടന്‍ എനിക്ക് അങ്ങിനെയാണു കൈമാറിയത് .

മൂന്നു വര്‍ഷം കഴിഞ്ഞ് ഞാന്‍ കടനാട്ടില്‍ നിന്ന് സ്ഥലം മാറ്റമായി പോയി.
പിന്നെ ഐെങ്കൊമ്പിലൂടെ ബസ്സില്‍ കടന്നുപോകുമ്പോഴെക്കെ എന്റെ കണ്ണുകള്‍ എന്റെ പ്രിയ കൂട്ടുകാരനെ തിരയാറുണ്ട്. വൈകുന്നേരമാണെങ്കില്‍ കുഞ്ഞേട്ടന്‍ റോഡിലേക്കും നോക്കി ആ ബന്‍ചില്‍ ഇരുപ്പുണ്ടാകും. ഞങ്ങള്‍ പരസ്പരം കൈ വീശും.

വര്‍ഷങ്ങള്‍ കടന്നുപോയി. ഞാന്‍ അടിമാലി മൃഗാശുപത്രിയില്‍ ജോലിചെയ്യുകയാണ്.
ഒരുദിവസം പാലായില്‍ നിന്നും തൊടുപുഴ യിലെ ജില്ലാഓഫീസില്‍പോകാനായി ഞാന്‍ ബസ്സില്‍ കയറി.പ്രശാന്ത് മോട്ടോഴ്സില്‍. ആ ബസ്സിലെ ജീവനക്കാരെന്റെ പരിചയക്കാരായതുകൊണ്ട് ഞാന്‍ അവരോട് വര്‍ത്തമാനം പറഞ്ഞുകൊണ്ട് മുന്‍പിലുള്ള ഒരു സീറ്റിലാണിരുന്നത്. ബസ്സില്‍ നല്ല തിരക്കായിരുന്നു ബസ്സ് ഐങ്കൊമ്പില്‍ എത്തിയപ്പോള്‍ പതിവുപോലെ ഞാന്‍ എന്റെ കൂട്ടുകാരനേത്തേടി .ബഞ്ച് കാലിയാണു കുഞ്ഞേട്ടന്‍ അവിടില്ല .

“ ഏയ് കൂട്ടുകാരാ!” ഇടത്ത് വശത്തുനിന്നായിരുന്നു വിളി. ഞാന്‍ ഞെട്ടിത്തിരിഞ്ഞു.

“ ഇറങ്ങിവാ ഒരുചായ കുടുച്ചിട്ട് പോകാം.”
എന്റെ കൂട്ടുകാരന്‍ പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നു.
“ഞാന്‍ പോയിട്ട് തിരികെ വരുമ്പോഴെറെങ്ങാം .” ഞാന്‍ വിളിച്ചുപറഞ്ഞു.
കുഞ്ഞേട്ടന്‍ സമ്മതിച്ചില്ല.

“ ഒന്നും പറഞ്ഞാല്‍ പറ്റത്തില്ല എന്റെ കൂട്ടുകാരന്‍ ഇങ്ങെറങ്ങിവന്നേ.”
കുഞ്ഞേട്ടന്‍ വീണ്ടും പറഞ്ഞപ്പോള്‍ എനിക്ക് തടസ്സം പറയാന്‍ പറ്റിയില്ല .
ഞാന്‍ ബസ്സില്‍ നിന്നും ചാടിയിറങ്ങി. ബസ്സ് സ്റ്റോപ്പില്‍ നിന്ന ഒരുപഴയ പരിചയക്കാരനോട് ഞാന്‍ എന്തോ സംസാരിച്ചിട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍ കുഞ്ഞേട്ടനെ കണ്ടില്ല. എനിക്ക് ചായക്ക് പറയാന്‍ കടയില്‍ കയറി എന്നു കരുതി ഞാന്‍ അങ്ങോട്ട് ചെന്നു. പെട്ടന്നാണു അടുത്ത വളവിനപ്പുറത്തുനിന്ന് വല്ലാത്തൊരു ശബ്ദം കേട്ടത് എല്ലാവരും അങ്ങോട്ട് ഓടി ഞാനും കൂടത്തിലോടി. രക്തം തണുപ്പിക്കുന്ന ഒരുദൃശ്യമായിരുന്നു മുന്‍പില്‍. ഞാന്‍ യാത്രചെയ്തിരുന്ന പ്രശാന്ത് ബസ്സിനു തീ പിടിച്ചിരിക്കുന്നു. യാത്രക്കാര്‍ അഗ്നിഗോളങ്ങളായി കത്തി അമരുന്നു.
ചെവി അടപ്പിക്കുന്ന നിലവിളികള്‍ !!
അടുത്തുള്ള കൈത്തോട്ടിലേക്ക് ആളുകളേ പൊക്കിയെടുത്തിട്ട് തീകെടുത്തി രക്ഷിക്കാന്‍ നോക്കുന്ന ആളുകള്‍. ഫയര്‍ഫോഴ്സ്,പോലീസ് രക്ഷാപ്രവര്‍ത്തകര്‍ തുടങ്ങി ഒരു വലിയജനപ്രവാഹം അവിടെ എത്തിച്ചേര്‍ന്നത് വളരെപെട്ടന്നാണ് .കേരളത്തേ നടുക്കിയ

ബസ്സ് അപകടമായിരുന്നു എന്റെ കണ്മുന്‍പില്‍ !!

കരിക്കട്ടകളായിപ്പോയമനുഷ്യശരീരങ്ങളേ കണ്ട് മനസ്സും ശരീരവും വിറങ്ങലിച്ച് നിന്ന ആ നിമിഷങ്ങളില്‍ നിന്നു മനസ്സിനു മുക്തിനേടാന്‍ എനിക്ക് ഒരാഴ്ച്ചയോളം സമയം എടുത്തു. കുഞ്ഞേട്ടനേക്കണ്ട് ഇക്കാര്യം സംസാരിക്കണമെന്നെനിക്കുതോന്നി. ആ ബഹളത്തില്‍ ഞാന്‍ കുഞ്ഞേട്ടന്റെ കാര്യം മറന്നുപോയിരുന്നു
ഞാന്‍ ബൈക്കില്‍ ഐങ്കൊമ്പില്‍ എത്തി .

“ഡോക്ടര്‍ എന്താ ഇവിടെ? കടനാട്ടിലോട്ട് തിരിച്ചുവന്നോ?”
പഴയ പരിചയക്കാര്‍ പലരും ചുറ്റും കൂടി.

“ നമ്മുടെ കുഞ്ഞേട്ടനെവിടെപ്പോയി?” ഞാന്‍ അവരോട് ചോദിച്ചു .

“കുഞ്ഞേട്ടന്‍ മരിച്ചിട്ട് രണ്ട്കൊല്ലം കഴിഞ്ഞല്ലോ ഡോക്ടററിഞ്ഞില്ലായിരുന്നോ?”

അവര്‍ക്ക് അത്ഭുതം. ഇതാ ഇവിടെ വച്ച് കാറുമുട്ടിയാ മരിച്ചത് .
അവര്‍ തുടര്‍ന്ന് വിശദീകരിച്ചതൊന്നും ഞാന്‍ കേട്ടില്ല
എന്റെ മനസ്സില്‍ വലിയ ഒരു കടല്‍ ഇരമ്പുകയായിരുന്നു
യഥാത്ഥത്തില്‍ എന്താണു സംഭവിച്ചത്?
എനിക്ക് ആശയക്കുഴപ്പമായി.

ഞാന്‍ കുഞ്ഞേട്ടനേ കണ്ടോ?
അതോ അത് എന്റെ മനസ്സ് ശ്രുഷ്ടിച്ച ഒരു മായാ കാഴ്ചയായിരുന്നോ??

5 comments:

സഹയാത്രികന്‍ said...

ഇത് സത്യാണോ മാഷേ....! അതോ....?

ദൈവത്തിന്റെ ഓരോ കളികള്‍.... അല്ലാണ്ടെന്താ പറയാ...!

വക്കാരിമഷ്‌ടാ said...

സഹയാത്രികന്‍ ചോദിച്ചത് തന്നെ ചോദിക്കാന്‍ തോന്നുന്നു.

എളുപ്പത്തിലൊന്നും വിശദീകരിക്കാന്‍ പറ്റാത്ത എന്തൊക്കെ കാര്യങ്ങളല്ലേ നമുക്കിടയില്‍.

പതിവുപോലെ നല്ല എഴുത്ത്.

കുഞ്ഞന്‍ said...

ജീവിതത്തില്‍ ഇത്രയും പ്രാധാന്യമായൊരു സംഭവം ഉണ്ടായിട്ട് ഇപ്പോഴാണൊ എഴുതുന്നത്?
നമുക്ക് പിടികിട്ടാത്ത ഒരുപാടു സംഭവങ്ങള്‍ നമുക്കു ചുറ്റും നടക്കുന്നു,ചിലതു നമുക്കുതന്നെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കുഞ്ഞേട്ടന്‍ രക്ഷകന്റെ രൂപത്തില്‍ വന്നില്ലായിരുന്നെങ്കില്‍,ഈ കുഞ്ഞന്റെ കമന്റ് ഇവിടെ കാണില്ലായിരുന്നു.

നല്ല രീതിയില്‍ എഴുതിയിരിക്കുന്നു..

Jeevs || ജീവന്‍ said...
This comment has been removed by the author.
Jeevs || ജീവന്‍ said...

ഈ ബ്ലോഗ്ഗും മാഷിന്റെ എല്ലാ ബ്ലോഗ്ഗും ഒറ്റയിരുപ്പിനു കുത്തിയിരുന്നു വായിക്കന്‍ തോന്നുന്നുണ്ട്.

പക്ഷെ, ഇപ്പോള്‍ പരീക്ഷ എന്ന അത്യന്തം “മ്ലേജ്ച്ചമായ“ സംഭവം നടന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട്, അതുകൊണ്ട് മാത്രം, രണ്ടാഴ്ചത്തേക്കു സുല്‍.

എന്തേ ഇത്രേം കാലം ഇവയൊക്കെ എന്റെ കൈയ്യില്‍ എത്തിയില്ല എന്ന ഒരു ചിന്ത മാത്രം ബാക്കി.

നന്നായിട്ടുണ്ടു.:)