Friday, July 20, 2007

കനകനാട്ടില്‍ ഹരി:ശ്രീ

വടക്കന്‍ പറവൂര്‍ ബ്ലോക്ക് ഓഫീസില്‍ ആറുമാസം ജോലി ചെയ്തപ്പോഴേക്കും പി എസ് സി പോസ്റ്റിങ്ങായി.അങ്ങിനെയാണ് ഞാന്‍ കടനാട്ടിലെത്തുന്നത് . ഒരാശുപത്രിയില്‍ ജോലിചെയ്യണമെന്ന ആഗ്രഹം അപ്പോഴേക്കും മനസ്സില്‍ ശക്തിയാര്‍ജ്ജിച്ചിരുന്നു.


കടനാടിനെപ്പറ്റി അത്രനല്ലകാര്യങ്ങളൊന്നുമായിരുന്നില്ല എനിക്ക് ആദ്യ അന്വേഷണത്തില്‍ ലഭിച്ചിരുന്നത് .വളരെ പ്രശ്നങ്ങള്‍ ഉള്ള ഒരു സ്ഥലം ! മുന്‍പ് നാട്ടുകാരനായ ഒരു വെറ്റേറിനറി ഡോക്ടര്‍ ക്കെതിരേ പൊതുയോഗവും പരാതിയും ഉണ്ടായ നാടാണെന്നും വളരെ സൂക്ഷിക്കണമെന്നും ഒരാള്‍ ഉപദേശിച്ചു. മുഷ്ക്കന്മാരും മുരടന്മാരും ആയ ആള്‍ക്കാരാണവിടെ എന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത് .കള്ളുനാടേ കടനാടേ എന്ന് ഒരു ചൊല്ലുതന്നെ ഉണ്ടന്നും കള്ളുനാട് എന്നത് ലോപിച്ചാണു കടനാട് എന്ന സ്ഥലപ്പേരുണ്ടായതെന്നും മറ്റൊരു കഥയും കേട്ടു .അവിടെ വളരെക്കാലം മുന്‍പ് ഒരു പള്ളിപ്പെരുന്നാളിനു ഒരുസംഘം ആള്‍ക്കാര്‍ കള്ളു മൂത്തപ്പോള്‍ ആ സംഘത്തിലെ എല്ലാവരുടേയും പേരെഴുതി നറുക്കിട്ട് നറുക്കുവീണവനെ തല്ലിക്കൊന്നതായി ഒരുകേസ് ഉണ്ടായിട്ടുണ്ടെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും നടുങ്ങി.

ഈ അസ്വസ്ഥതകള്‍ എല്ലാം മനസ്സില്‍ വച്ചുകൊണ്ടാണ് ഞാന്‍ ആദ്യമായി കടനാട് മൃഗാശുപത്രിയില്‍ എത്തിയത് .

“1982 മാര്‍ച്ച് 21.”

ഞാന്‍ ചികിത്സയില്‍ ഹരി ശ്രീ കുറിച്ച ദിവസം! മറക്കാനാവാത്ത ഒരു ദിവസം!അല്ലങ്കിലും ജീവിതത്തില്‍ ആദ്യമായി സംഭവിക്കുന്നകാര്യങ്ങള്‍ ആര്‍ക്കും മറക്കാന്‍ പറ്റാറില്ലല്ലോ.

പാലാ തൊടുപുഴ റോഡില്‍ പാലായില്‍ നിന്നും ഒന്‍പത് കിലോമീറ്റര്‍ ദൂരെയാണു കടനാട് ളാലം ബ്ലോക്കില്‍ നിന്നും പണികഴിപ്പിച്ച വലിയ ആശുപത്രി മോഡലിലുള്ള ഒരു കെട്ടിടമാണ് ഇവിടെയുള്ളത് .കടനാട് പള്ളിയാണു ആശുപത്രിക്ക് സ്ഥലം നല്‍കിയത് . അവിടെ കുറച്ചുനാളായി ഡോക്ടറുണ്ടായിരുന്നില്ല. മേലുകാവ് മൃഗാശുപത്രിയിലെ ഡോക്ടര്‍ ഫിലിപ്പ് [പാപ്പോയി ] ആണിവിടുത്തേ അധിക ചുമതല വഹിക്കുന്നത് .ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ കെ.കെ.രാമന്‍ , അറ്റഡന്റ് എം.ഇസഡ് .ചെറിയാന്‍, വെള്ളം കൊണ്ടുവരാനും അടിച്ചുവാരാനുമായി ഒരു ചേടത്തിയും .

രാവിലെ എട്ടുമണി. ഞാന്‍ ഹാജര്‍ ബുക്കില്‍ ഒപ്പുവച്ചു.ഐശ്വര്യമുള്ള മാന്യനായ ഒരു ആദ്യ രോഗിക്കായി സര്‍വ ഈശ്വരന്മാരേയും മനസ്സില്‍ ധ്യാനിച്ചുകൊണ്ട് കസേരയിലിരുന്നതും ചെവിയില്‍ ഒരു അഭിവാദന ശബ്ദം മുഴങ്ങി.
“ നമസ്ക്കാരം ഡാക്ടറേ!” ഒരു നാല്‍പ്പത്തി അഞ്ച് വയസ്സുതോന്നിക്കുന്ന ഒരു മനുഷ്യനും രണ്ട് ആണ്‍കുട്ടികളും മുന്‍പില്‍ അഞ്ചടി രണ്ടിഞ്ച് പൊക്കം , വെളുത്ത ജൂബ്ബായും മുണ്ടും വേഷം, കട്ടിക്കണ്ണട, മുറുക്കിചുവപ്പിച്ച ചുണ്ടുകള്‍, സന്തോഷം നിറഞ്ഞുകവിയുന്ന മുഖം.
കടനാട്ടിലെ എന്റെ ആദ്യ പരിചയക്കാരന്റെ അവതാരമായിരുന്നു അത് .താഴത്തേല്‍ ഉണ്ണിച്ചേട്ടന്‍ എന്നുവിളിക്കുന്ന ജേക്കബ്ബ് .മക്കള്‍ ജോഷിയും ജോര്‍ജ്ജും .

“ഡാക്ടര്‍ സര്‍വീസില്‍ പുതിയ ആളാ അല്ലേ? നന്നായി! ജോലിചെയ്യാന്‍ വളരെ നല്ല ഒരു നാടാ ഇത് .” ഉണ്ണിച്ചേട്ടന്‍ പറഞ്ഞുതുടങ്ങി
“ഡാക്ടറേ , കള്ളുനാടു ലോപിച്ചാണു കടനാട് എന്നപേരുണ്ടായതെന്ന് ചിലരു പറയും. എന്നാല്‍ ശരിയായിട്ടുള്ളത് അതല്ല. കനകനാട് ലോപിച്ചുണ്ടായതാണു കടനാട് .വളരെ നല്ല ആള്‍ക്കാരാണിവിടെയുള്ളത് .ഡാക്ടര്‍ക്കിപ്പോള്‍ അത് മനസ്സിലായെന്നു വരുകേല. എന്നാല്‍ വേറേ കുറേ സ്ഥലങ്ങളിലെല്ലാം ജോലിചെയ്ത് ഒരു ഇരുപത് കൊല്ലം കഴിഞ്ഞ് ഡാക്ടറിവിടെ ഒന്നുകൂടി ഇവിടെ വരണം. അന്ന് എന്നോട് ഡാക്ടര്‍ തീര്‍ച്ചയായും പറയും ഈനാട് ശരിക്കും കനകനാടാ ഉണ്ണിച്ചേട്ടാ എന്ന് .”
ഉണ്ണിച്ചേട്ടന്‍ ഉറക്കെ ചിരിച്ചു ഞാനും ആ ചിരിയില്‍ പങ്കുചേര്‍ന്നു.

ഉച്ചവരെ പുതിയമുഖങ്ങളെ പരിചയപ്പെട്ടും ചികില്‍സകള്‍ നിശ്ചയിച്ചും സമയം പോയത് ഞാന്‍ അറിഞ്ഞതേയില്ല . ഒരുമണിയായി . തിരക്കെല്ലാം ഒഴിഞ്ഞു . അപ്പോഴാണ് രണ്ടു കുട്ടികള്‍ ഒരു കോഴിയുമായി വന്നത് . മാത്യൂസും, ദീപയും.
“ ഗുഡ് ആഫ്റ്റര്‍നൂണ്‍ ഡോക്ടര്‍, ഈ കോഴിയേ ഒന്നു പരിശോധിക്കണം.”
മാത്യൂസിന്റെ അപേക്ഷ. ഞാന്‍ കോഴിയേ പരിശോധിച്ചു .
അതിനുകുഴപ്പം ഒന്നും കാണുന്നില്ല .
“ഇതിനെന്താ കുഴപ്പം?” ഞാന്‍ ചോദിച്ചു .
“ഇതിനു പ്രത്യേകിച്ചു കുഴപ്പം ഒന്നും ഇല്ല സാറേ.”
ദീപയുടെ മറുപടികേട്ടപ്പോള്‍ എനിക്ക് ആശയക്കുഴപ്പമായി.
“പിന്നെ എന്തിനാ ഇതിനേ കൊണ്ടുവന്നത് ? എന്റെ ചോദ്യം.
“ഇങ്ങനെ ഒക്കെ അല്ലേ സാറേ മനുഷ്യരു തമ്മില്‍ പരിചയപ്പെടുന്നത് .”
കുട്ടികളുടെ മറുപടികേട്ടപ്പോള്‍ എനിക്ക് ചിരി പൊട്ടിപ്പോയി .
ആശുപത്രിയുടെ തൊട്ടടുത്തുള്ള ബേബിച്ചേട്ടന്റെ മക്കളാണു രസികന്മാരായ ഈകുട്ടികള്‍. അങ്ങിനെ എന്റെ വിദ്യാരംഭം മംഗളകരമായി കലാശിച്ചു . മൂന്നര വര്‍ഷം ഞാന്‍ കടനാട്ടില്‍ വെറ്റേറിനറി സര്‍ജ്ജനായി ജോലിചെയ്തശേഷം സ്ഥലം മാറ്റമായി പോയി.

കാലം കടന്നുപോയി .ഇരുപത് വര്‍ഷം കഴിഞ്ഞ് ഒരുദിവസം.
ദീപയുടെ കല്യാണത്തില്‍ പങ്കെടുക്കുവാന്‍ ഞാന്‍ കടനാട് പള്ളിയിലെത്തി .കല്ല്യാണം കഴിഞ്ഞു സമയമുണ്ടായിരുന്നതുകൊണ്ട് എന്റെ പഴയ സ്ഥാപനത്തിലേക്ക് നടന്നു.
വലിയ മാറ്റമൊന്നും വന്നിട്ടില്ല.രാജപ്പന്റെ ബാര്‍ബ്ബര്‍ ഷാപ്പും, ചേടത്തിയുടെ കടയുമെല്ലാം പഴയപോലെ പ്രവര്‍ത്തിക്കുന്നു. ആശുപത്രി വളപ്പില്‍ ഞാന്‍ നട്ട പ്ലാവുകള്‍ നിറയെ ചക്കയുമായി നില്‍ക്കുന്നതുകണ്ടപ്പോള്‍ മനസ്സില്‍ ഒരു കുളിര്‍മ്മ.

ഷീല സാലി ജോര്‍ജ്ജാണിപ്പോള്‍ ഇവിടുത്തേ വെറ്റേറിനറി സര്‍ജ്ജന്‍ .
“ സാറിനെ ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു . സാറിനിവിടെ ഒരുപാട് ബന്ധുക്കളുണ്ടല്ലേ?”
എന്റെ പേരുകേട്ടയുടനെ ഉള്ള ഷീലയുടേ പ്രതികരണം എന്നെ അമ്പരപ്പിച്ചു. “എനിക്കിവിടെ ബന്ധുക്കളോ ? അങ്ങിനെ ആരും ഇല്ലല്ലോ.”
എന്റെ മറുപടികേട്ടപ്പോള്‍ ഷീലയുടെ കണ്ണുകളില്‍ അവിശ്വസനീയത.
“എന്നിട്ട് പലരും ഞങ്ങളുടെ ഒരു ശ്രീനിവാസന്‍ ഡോക്ടറേ അറിയുമോന്നു ചോദിച്ചല്ലോ?”

എനിക്ക് കാര്യം മനസ്സിലായി. കടനാട്ടില്‍ മൂന്നര വര്‍ഷം ചെയ്ത ആത്മാര്‍ത്ഥമായ ജോലിയുടെ പ്രതിഫലം . എന്നേ ഓര്‍ക്കുന്ന കുറച്ച് പേരെങ്കിലും ഇപ്പോഴും ഈനാട്ടിലുണ്ട് .

താഴത്തേല്‍ ഉണ്ണിച്ചേട്ടന്റെ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.

“ഡാക്ടറേ ,കനകനാട് ലോപിച്ചുണ്ടായതാണു കടനാട് . ഈ നാട് വളരെ നല്ല ഒരു നാടാണ്. വളരെ നല്ല ആള്‍ക്കാരാണിവിടെയുള്ളത് .ഡാക്ടര്‍ക്കിപ്പോള്‍ അത് മനസ്സിലായെന്നു വരുകേല. എന്നാല്‍ വേറേ കുറേ സ്ഥലങ്ങളിലെല്ലാം ജോലിചെയ്ത് ഒരു ഇരുപത് കൊല്ലം കഴിഞ്ഞ് ഡാക്ടറിവിടെ ഒന്നുകൂടി വരണം. അന്ന് എന്നോട് ഡാക്ടര്‍ തീര്‍ച്ചയായും പറയും ഉണ്ണിച്ചേട്ടാ ഈനാട് ശരിക്കും കനകനാടാണെന്ന് .”
ശരിയാണ് ഉണ്ണിച്ചേട്ടാ, ഇത് ശരിക്കും കനകനാടു തന്നെ! ഇരുപത് കൊല്ലം കഴിഞ്ഞ് വന്ന എനിക്ക് താങ്കളുടെ വാക്കുകള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും മനസ്സിലാകുന്നു. ഒരു സങ്കടം മാത്രമേ ഇപ്പോളുള്ളു.കടനാട് പള്ളിയിലെ കല്ലറയില്‍ അന്ത്യവിശ്രമം കൊള്ളുന്ന അങ്ങയോട് ഇത് നേരിട്ട് പറയാന്‍ എനിക്ക് ആയില്ലല്ലോ!!!

3 comments:

SAJAN | സാജന്‍ said...

വളരെ നന്നായി എഴുതിയിരിക്കുന്നു...
താങ്കള്‍ക്ക് ആ നാട് ഹൃദ്യമായി തോന്നുന്നതിനു മറ്റൊരു കാരണവും ഉണ്ട്, കഴിഞ്ഞതെല്ലാം ഇപ്പൊഴത്തതില്‍ നിന്നും മെച്ചം എന്നൊരു തോന്നല്‍ മിക്കവരും എല്ലാവരുടേയും ഉള്ളീലുണ്ടാവാം , പഠിച്ച സ്കൂളുകള്‍‍, കോളേജുകള്‍, അന്ന് താമസിച്ച സ്ഥലങ്ങള്‍, ആദ്യം ജോലി ചെയ്ത സ്ഥലം, ആ ഓഫീസ്, ബാചിലര്‍ ലൈഫില്‍ താമസിച്ചത്, കല്യാണം കഴിഞ്ഞ് വീട് മാറിയത്, ആദ്യം വിദേശത്ത് താമശിച്ചത്, ഓരോ തവണയും വീട് മാറിമാറി താമസിച്ചത് ആ നല്ല നാളുകള്‍ ഒക്കെ നഷ്ടമായി പോയി എന്നൊരു തോന്നല്‍ ചിലപ്പൊള്‍ എനിക്കും ഉണ്ട്:)
പക്ഷേ ഇത് ഇത്ര ഹൃദ്യമായി എഴുതിയതിന് താങ്കളെ അഭിനന്ദിക്കുന്നു.. തീര്‍ച്ചയായും മനോഹരമായ വിവരണം:)

Satheesh :: സതീഷ് said...

സാജന്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു!

ഹൃദ്യമായ വിവരണം!

G.manu said...

udyoga parvam thudaroo.........good