Skip to main content

ഈ കൊച്ചു മനുഷ്യനോട് ഞാന്‍ വളരെ കടപ്പെട്ടിരിക്കുന്നു.

കേസ് ഷീറ്റിലെ കഥകള്‍ രാമനില്‍ നിന്നും തുടങ്ങാം...................
രാമനെ ഒരിക്കല്‍ കണ്ടാല്‍ ആരും പിന്നെ മറക്കില്ല !
5അടി പൊക്കം, കറുത്ത നിറം , വായില്‍ നിറച്ചു മുറുക്കാന്‍, ബല്‍ബോട്ടം പാന്റും ഷര്‍ട്ടും വേഷം, നീളന്‍ തലമുടി വകുപ്പ് എടുക്കാതെ പുറകോട്ടു ചീകി തോളുവരെ കിടക്കുന്നു തോളില്‍ ഒരു റിപ്പര്‍ ബാഗ് തലമുടിയില്‍ ഒരു പൂവ് [മിക്കവാറും ചെത്തിപ്പൂവ് ] , റ പോലെ താഴേക്കു വളഞ്ഞു നില്‍ക്കുന്നമീശ , സന്തോഷം തുളുമ്പുന്ന മുഖം, ചുറു ചുറുക്കുള്ള നടത്തം,തമിഴ് കലര്‍ന്ന സംസാരം ഇതാണു രാമന്‍ !! വളരെ സീനിയറായ ഒരു ലൈവുസ്റ്റോക്ക് ഇന്‍സ്പക്ടര്‍ ,എന്റെ ആദ്യ സഹപ്രവര്‍ത്തകന്‍.

ഒരു ഉച്ച സമയം,തന്റെ റിപ്പര്‍ ബാഗില്‍ നിന്നും ഒരു ഓടക്കുഴല്‍ എടുത്ത് പരിസരം മറന്നു ഗാനാലാപനം നടത്തുന്ന രാമനേ കണ്ട് ഞാന്‍ ഫാര്‍മസിയിലേക്കു ചെന്നു. “എന്താ രാമാ എന്ത് പറ്റി?” ഉടന്‍ രാമന്റെ മറുപടി “ ശോകരാഗമാണു സാര്‍” “അതെന്താ രാമാ ഇത്രക്കു ശോകം?” “ഇന്നു ഫീല്‍ഡു കേസ്സുകള്‍ ഒന്നുമില്ലല്ലോ സര്‍ അതാണു സര്‍” ഇതായിരുന്നു രാമന്‍ !!!

രാമന്‍ കഥകള്‍ ഇതുപോലെ ഒരുപാടുണ്ട് രാമന്‍ പലപ്പോഴും ഓഫീസില്‍ വരാന്‍ താമസ്സിക്കും അതിനു വിചിത്രങ്ങളായ പല കാരണങ്ങളും കേട്ടിട്ടുണ്ട് ഒരു ഉദാഹരണം : ഞാന്‍ ഇന്നുരാവിലെ നേരത്തെ കൂത്താട്ടുകുളം വരെ വന്നു സര്‍ പെട്ടെന്ന് ഒരു വിറയും ബോധക്കേടും പിന്നെ ഒന്നും ഓര്‍മ്മയില്ല ഓര്‍മ്മ വന്നപ്പോള്‍ മണി 11 അതാണു താമസ്സിച്ചത്!

ഇത്തരം മറുപടികള്‍ പല രൂപത്തില്‍ ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ രാമനെ വിളിപ്പിച്ചു
രാമാഓഫീസ് സമയം എത്രമണിക്കാണെന്ന് അറിയാമോ?
8മണി സര്‍
നാളെ ത്തൊട്ടു സമയത്ത് ഇവിടെ ഉണ്ടായിരിക്കണം!!
എന്റെ ഉത്തരവ്
ശരി സര്‍
രാമന്‍ സമ്മതിച്ചു
പിറ്റേദിവസം രാവിലേ 8 മണിക്ക് ഞാന്‍ ഓഫീസ്സിലെത്തിയപ്പോള്‍ ചിരിക്കുന്ന രാമന്റെ മുഖം
ഗുഡ് മോര്‍ണിഗ് സര്‍ !!
അല്‍പ്പം അഹന്തയോടെ ഞാന്‍ ചോദിച്ചു
ഇന്ന് ഇപ്പം എങ്ങിനെ സമയത്തിനെത്തി രാമാ?
യാതൊരു ഭാവമാറ്റവും ഇല്ലാതെ രാമന്റെ മറുപടി:
ഞാന്‍ ഇന്നലെ വീട്ടില്‍ പോയില്ല സര്‍ പോയിരുന്നെല്‍ ഈ സമയത്ത് എത്തില്ല സര്‍

ഞാന്‍ ഞെട്ടിപ്പോയി. എന്റെ ഒരു വാക്കിന്റെ പരിണിതഫലം ഇങ്ങിനയോ? ഞാന്‍ രാമനെ ഉടനെ വീട്ടിലോട്ട് അയച്ചു. കൂടുതല്‍ വാര്‍ത്തകള്‍ പുറകെ വന്നു തലേ രാത്രി രാമന്റെ വീട്ടിലും അയല്‍പക്കത്തും ആരും ഉറങ്ങിയിട്ടില്ല. ഓഫീസില്‍ നിന്നും വീട്ടിലോട്ടുള്ളവഴിയില്‍ അപ്രത്യക്ഷനായ രാമനെ മോര്‍ച്ചറിയില്‍ വരെ അന്വേഷിച്ചുപോലും!!

എനിക്കു വലിയകുറ്റബോധം തോന്നി ഈ സംഭവം പിന്നീട് പലപ്പോഴും എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. രാമന്‍ എതിര്‍ത്തിരുന്നെങ്കില്‍ ഞാന്‍ എങ്ങിനെ പ്രതികരിക്കുമായിരുന്നു? രാമന്‍ ഒരു പൊട്ടനോ മന്ദബുദ്ധിയോ അല്ല എന്നിട്ടും എന്തിനു ഇങ്ങിനെ ചെയ്തു ? ?

താന്‍ സര്‍വീസില്‍ കയറിയതിനു ശേഷം മാത്രം ഭൂലോകം കണ്ട ഒരു കിളിന്ത് പയ്യന്റെ ഭരണം കണ്ട് രാമന്‍ മനസ്സില്‍ ചിരിച്ചിരുന്നോ?? ? അന്ന് 21 വയസ്സുമാത്രം പ്രായമുണ്ടായിരുന്നഎന്റെ അപക്വചിന്താരീതിയെ മനസ്സിലളന്ന് എനിക്കുമനസ്സിലാക്കുവാന്‍ കഴിയുന്ന രീതിയില്‍ രാമന്‍ ഒരു ഡോസ് മരുന്നു തന്നതാണോ? ആയിരിക്കാം..................................................

കങ്ങഴയിലേ ശിവദാസന്‍,അടിമാലിയിലേ മോഹനന്‍,പയ്യന്നൂരിലേ തോമസ്, മൂന്നാറിലേ ദാസ് കിടങ്ങൂരിലേ ഷീനാ തുടങ്ങി സര്‍വീസിലെ കുരുക്കുകളില്‍ നിന്നും രക്ഷപെടുത്തുവാന്‍ ഞാന്‍ സഹായിച്ചതിനു എനിക്ക് നന്ദി പറഞ്ഞിട്ടുള്ള എന്റെ സഹപ്രവര്‍ത്തകരായ നിരവധിപേരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്.
നിങ്ങള്‍ നന്ദി പറയേണ്ടത് എന്നോടല്ല.
എന്റെ അകക്കണ്ണ് തുറപ്പിച്ച് മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ എന്നെ പാകമാക്കിയ
ഒരു ചെറിയ മനുഷ്യനോടാണു.
വായില്‍ നിറച്ചു മുറുക്കാനും തോളില്‍ ഒരു റിപ്പര്‍ ബാഗും
തലമുടിയില്‍ ഒരു ചെത്തിപ്പൂവുമായി നടക്കുന്ന ആ മനുഷ്യനോട്!
എന്റെ ഏറ്റവും പ്രീയപ്പെട്ട ആ രാമനോട്!!!

Comments

Popular posts from this blog

ഇങ്ങനേയും ചില മനുഷ്യര്‍ ..!!

ഞാന്‍ ഏറ്റവും കൂടുതല്‍ കാലം ജോലിചെയ്ത സ്ഥലം കൂത്താട്ടുകുളമാണ്. നാലുവര്‍ഷം ! കോട്ടയത്തുനിന്നും എറണാകുളത്തേക്കുള്ള പ്രവേശന കവാടമാണ് കൂത്താട്ടുകുളം. എം സി റോഡിന്റെ ഇരു വശങ്ങളിലായുള്ള ഒരു നല്ല ഗ്രാമപ്രദേശം. മൃഗസംരക്ഷണപ്രവര്‍ത്തനങ്ങള്‍ വളരെകൂടുതല്‍ ഉള്ള ഒരു സ്ഥലമാണിത് .അതുകൊണ്ടുതന്നെ കൂത്താട്ടുകുളം മൃഗാശുപത്രി വളരെ തിരക്കുള്ള ഒരു ഓഫീസാണ്. പലദിവസങ്ങളിലും നൂറിലധികം ആളുകള്‍ ഇവിടെ വരാറുണ്ട്.കൂത്താട്ടുകുളത്തു ജോലിയായിരുന്ന കാലത്ത് നേരം പുലരുന്നതും സൂര്യന്‍ അസ്തമിക്കുന്നതും ഞാന്‍ അറിഞ്ഞിരുന്നില്ല എന്നതാണു സത്യം ദിവസങ്ങള്‍ക്ക് അത്രക്ക് വേഗതയായിരുന്നു. ആശുപത്രിക്കും പ്രൈവറ്റ് ബസ് സ്റ്റാന്റിനും ഇടക്കുള്ള സ്ഥലത്തായിരുന്നു ചന്ത.വലിയ ഒരു ചന്തയാണു കൂത്താട്ടുകുളത്തേത് .തമിഴ് നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് വരുന്ന നൂറുകണക്കിനു എരുമകളും കാളകളും നാട്ടില്‍ നിന്നുവരുന്ന പശുക്കളും ആടുകളും എല്ലാം നിറഞ്ഞ ചന്ത. പന്നിക്കുഞ്ഞുങ്ങളേ വാങ്ങാന്‍ ഇവിടെ എത്രദൂരെ നിന്നാണാളുകള്‍ വരുന്നത് പച്ചക്കറികളും ചെടികളും മീനും എന്നുവേണ്ട ഇവിടെ വലിയകച്ചവടമാണു നടക്കുന്നത് ഒ രുദിവസം ഞാന്‍ ചെറിയ ഒരു ഇടവേളകിട്ടിയപ്പോള്‍ ചന്തയിലെ...

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു. അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി, മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്. കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ് എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്, അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍ ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത് ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്. ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍. വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി മൃഗങ്ങളെ ഇത്ര സ്...

ചില്ലയില്‍ ചേക്കേറിയനാള്‍ .

[ 26വര്‍ഷം മുന്‍പ് - 1981 സെപ്റ്റമ്പര്‍ 17നു ആദ്യമായി ജോലിയില്‍ കയറിയ ദിവസത്തിലേക്ക് ഒരു മടക്കയാത്ര.] ഞാന്‍ ആ ഓഡര്‍ ഒരു ഇരുപത് തവണയെങ്കിലും വായിച്ച് കാണും. Dr.R.Sreenivasan is posted as Extension Officer[AH] at NES Block,N.Parur,Erankulam dt. എത്ര വായിച്ചിട്ടും മതിയാകുന്നില്ല.21 വയസ്സില്‍ ഞാന്‍ ഒരുഗസറ്റഡ് ഓഫീസറായിരിക്കുന്നു. പിറ്റേ ദിവസത്തേക്ക് കാക്കാന്‍ ക്ഷമയില്ലാത്തതുകൊണ്ട് അപ്പോഴേ പുറപ്പെട്ടു. തൊടുപുഴ,മൂവാറ്റുപുഴ,പെരുമ്പാവൂര്‍ ,ആലുവാ വഴി പറവൂര്‍. അവിടെനിന്നും ഓട്ടോയില്‍ ബ്ലോക്ക് ഓഫീസിരിക്കുന്ന കോട്ടുവള്ളിയിലേക്ക്. ബ്ലോക്കിന്റെ പടികള്‍ കയറുമ്പോള്‍ നെഞ്ചില്‍ ഒരാരവം. ഇനി പുതിയ ലോകം പുതിയ മനുഷ്യര്‍. ഞാന്‍ സ്കൂളും കോളേജുമല്ലാതെ ഒരു ഓഫീസില്‍ കയറുന്നത് തന്നെ ജീവിതത്തിലാദ്യം. അടിയന്തിരാവസ്ഥ [1975 - 77] ഒരു പഠനദിവസം പോലും കളയാതെ പ്രീ ഡിഗ്രി കടത്തി. വെറ്റേറിനറികോളേജിലാട്ടെ ഒരു ദിവസം പോയാല്‍ ഒരുദിവസത്തേ ശമ്പളം പോകും എന്നു ചിന്തിച്ച ഒരു ഒഴുക്കിലും.പിന്നെ ഞാന്‍ എങ്ങിനെ ഒരു ഓഫീസു കാണാന്‍ പോകും? ആരോട് പറയണമെന്ന് ഒന്നു ശങ്കിച്ചപ്പോള്‍ പു ഞ്ചിരിക്കുന്ന ഒരുസ്ത്രീമുഖം മുന്നില്‍. ...