Wednesday, August 15, 2007

ആദ്യ പാഠങ്ങള്‍..!!

സ്വാതന്ത്ര്യ ദിനാശംസകള്‍!!!!

കടനാട് മൃഗാശുപത്രിയില്‍ എനിക്ക് ജോലി ഒരു ആവേശമായിരുന്നു.

രാവിലെ എട്ടുമണി മുതല്‍പന്ത്രണ്ട് മണി വരേയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരേയും ആണു ഓഫീസ് സമയം.ഉച്ചക്ക് ഉള്ള മൂന്നുമണിക്കൂര്‍ പുറത്ത് ചികില്‍സകള്‍ക്ക് പോകാന്‍ ഉപയോഗിക്കും. കടനാട്ടില്‍ എത്തിച്ചേരുവാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടായിരുന്നു. നേരിട്ട് ബസ്സുകള്‍ അന്നുണ്ടായിരുന്നില്ല. കൊല്ലപ്പള്ളിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ നടക്കണം . ഞാന്‍ അതിനു ഒരു പരിഹാരം കണ്ടെത്തി. ഐങ്കൊമ്പില്‍ ബസ്സ് ഇറങ്ങി ഒരു കിലോമീറ്റര്‍ മല കയറി റബ്ബര്‍ത്തോട്ടത്തിലൂടെ നടന്നാല്‍ ആശുപത്രിയിലെത്താം.എന്റെ യാത്ര അതുവഴിയായി.എത്ര കഷ്ടപ്പെട്ടാലുംരാവിലെ എട്ടിനുതന്നെ ഓഫീസില്‍ എത്തണമെന്ന് ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ധാരാളം പരിചയക്കാരായി.പശുക്കളേയും ആടുകളേയേം ഒക്കെ ചികല്‍സിക്കുവാനായി കൊണ്ടുവരാന്‍ തുടങ്ങി.ചുരുക്കത്തില്‍ കടനാട് മൃഗാശുപത്രി ശരിക്കും സജീവമായി .

ഒരു ഉച്ചസമയം. ഒരു കൈലിയുമുടുത്ത് തോളില്‍ ഒരുതോര്‍ത്തും ഇട്ടു ഷര്‍ട്ടിടാത്ത ഒരു പ്രായമായ മനുഷ്യന്‍ ആശുപത്രിയിലേക്ക് വന്നു.വന്നപാടെ കൈയിലുണ്ടായിരുന്ന കുപ്പി എന്റെ മേശപ്പുറത്ത് വച്ചു.കസേരയില്‍ ഇരുന്ന് തോര്‍ത്ത് എടുത്ത് വീശി ക്കൊണ്ട് പറഞ്ഞു

“ഡോക്ടറേ എനിക്ക് രണ്ടാനകിടാക്കളുണ്ട് .അതിനെ വളത്തുന്നകാര്യം ഒക്കെ ഒന്നു ചോദിക്കാനാ ഞാന്‍ ഇറങ്ങിയത് .”

“രണ്ട് ആന കിടാക്കള്‍!!”

എന്റെ കണ്ണുതള്ളിപ്പോയി .ആനയൊക്കെയുള്ള ആളാണോ ഈ വേഷത്തില്‍ ?

“ഇതിനെന്തൊക്കെയാ ഡോക്ടറേ കൊടുക്കുക?”

ആ ചോദ്യത്തിനുമുന്‍പില്‍ ഞാന്‍ ഒന്നു പതറി.

ആനക്കുട്ടികളുടെ പരിപാലനം ഞാന്‍ ശ്രദ്ധിക്കത്ത ഒരു വിഷയമായിരുന്നു .പശു,ആട് കോഴി തുടങ്ങിയവയല്ലാതെ ആനക്കുട്ടികളേ വളര്‍ത്തുന്നവര്‍ നാട്ടില്‍ ഉള്ളത് എനിക്ക് ഒരു പുതിയകാര്യമായിരുന്നു.

“അത്യാവശ്യം പാലൊക്കെ കൊടുക്കുന്നില്ലേ?”

ഞാന്‍ ഒരിടത്തും തൊടാതെ ഒരു മറുചോദ്യം എറിഞ്ഞു.

“ ഞങ്ങള്‍ കറന്നിട്ട് ബാക്കിഉള്ളത് കൊടുക്കും. അത് മതിയോ?”

പിന്നേയും കണ്‍ഫ്യൂഷന്‍

ഈ നാട്ടില്‍ ആനയേ കറക്കുന്നവരുണ്ടോ ?

ഞാന്‍ എഴുന്നേറ്റ് ഫാര്‍മസ്സിയിലേക്കു ചെന്നു .

എനിക്ക് ലൈവ് സ്റ്റോക്ക് ഇന്‍സ്പക്ടര്‍ രാമന്റെ സഹായമേ ഇനി രക്ഷയുള്ളു.

ഒന്നുമല്ലങ്കിലും രാമന്‍ ഈ നാട്ടില്‍ കുറേനാളായി ജോലിചെയ്യുന്നയാളല്ലേ .

എന്റെ സംശയം കേട്ട് രാമന്‍ ചിരിച്ചു

“സാറേ, ഈ നാട്ടില്‍ ആനക്കിടാവ് എന്നുപറഞ്ഞാല്‍ പശുക്കിടാവ് എന്നാണര്‍ത്ഥം! ആണിനെ മൂരിക്കിടാവെന്നും, പെണ്ണിനേ ആനക്കിടാവെന്നും പറയും.”

“ ഈശ്വരോ രക്ഷതു ! ഞാന്‍ ഇപ്പോള്‍ കുട്ടിയാനക്കുള്ള അളവില്‍ വിരമരുന്ന് കൊടുത്ത് രണ്ടാനക്കിടാക്കളേയും തട്ടിക്കളഞ്ഞേനെയല്ലോ രാമാ !!”

ഞാനും ആ ചിരിയില്‍ പങ്കുകൂടി .

ദിവസങ്ങള്‍ സന്തോഷമായിനീങ്ങുമ്പോഴാണു പുതിയ ഒരു പ്രശ്നം ഉണ്ടായത് .

ഒരു പതിനൊന്നുമണി സമയം. ആശുപത്രിയില്‍ സാമാന്യം നല്ല തിരക്കുണ്ട് .

അപ്പോഴാണു അയാള്‍ വന്നത് .വന്നപാടേ ഒരുപൊതി എന്റെ മേശപ്പുറത്തേക്കിട്ടു. ചെവിപൊട്ടുന്ന ശബ്ദത്തില്‍ ഒരു ചോദ്യവും.

“ താന്‍ എന്നാകോപ്പാ ഈ തന്നുവിട്ടത് ?”

“എന്നാകോപ്പാ.”

ഇത് പാലാ ഭാഗത്തേ ഒരു നാടന്‍ ഭാഷയാണ്.

പോരുകോഴികളേപ്പോലെ ശത്രുക്കള്‍ ഏറ്റുമുട്ടാന്‍ തുടങ്ങുമ്പോള്‍ തമ്മില്‍ ആക്രോശിക്കുന്ന ഏറ്റവും മര്യാദയിലുള്ള ചീത്തവിളി. എന്നാടാ കോപ്പേ എന്നാണു സാധാരണ പ്രയോഗം.

ആശുപത്രി ഒരുനിമിഷം നിശബ്ദമായി. സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത!

“നിങ്ങളിവിടെ ഇതിനുമുന്‍പ് വന്നിട്ടില്ലല്ലോ?” ഞാന്‍ ചോദിച്ചു .

“ഞാനല്ല ,എന്റെ കുടുമ്പമാണിവിടെ വന്നത് . [കുടുംബം=ഭാര്യ]

താന്‍ കൊടുത്തുവിട്ട പച്ചപ്പൊടി കൊടുത്തപ്പോഴേ എന്റെ ആടു ചത്തു.

കുറച്ച് എടുത്ത് ഒരു പട്ടിക്ക് ഇട്ടുകൊടുത്തു .അതും ചത്തു.”

“ കൊല്ലുന്ന പച്ചപ്പൊടി!”

എന്റെ തലച്ചോറിലൊരു അപകടസൂചന മുഴങ്ങി.

ഇത് ഫീനോവിസ് ആണ്.

ഫീനോതയാസീന്‍ ഓവര്‍ ഡോസേജ് !!

എന്റെഈശ്വരാ !ഇനി എന്റെ സഹായി ചെറിയാന്‍ അളക്കാതെ എങ്ങാനും വാരിക്കൊടുത്തോ?

“നാളെ ഞാന്‍ വരും!!!

അപ്പോള്‍ മൂവായിരം രൂപാ തന്നില്ലങ്കില്‍ കോപ്പേ തന്നേ ഞാന്‍ പണിപഠിപ്പിക്കും!!”

ഒരു കസേര ചവിട്ടിത്തെറിപ്പിച്ച് അയാള്‍ ഇറങ്ങിപ്പോയി.

ആശുപത്രിയില്‍ ഉണ്ടായിരുന്നവരേ ഞാന്‍ എങ്ങിനെയാണു പറഞ്ഞയച്ചതെന്ന് എനിക്ക് തന്നേ അറിയില്ല. അത്രക്ക് എന്റെ മനസ്സ് ഉലഞ്ഞിരുന്നു.

എല്ലാവരും പോയിക്കഴിഞ്ഞ് തലക്ക് കൈകൊടുത്ത് ഞാന്‍ കുറച്ചുസമയം ഇരുന്നു. കണ്ണുതുറന്നുനോക്കുമ്പോള്‍ ആ പൊതി അനാഥമായി എന്റെ മേശയില്‍ കിടക്കുന്നു. യാന്ത്രികമായി ഞാന്‍ അത് തുറന്നു. ഞാന്‍ ഒന്നു ഞെട്ടി.

ഈശ്വരാ! ഇത് ഫീനോവിസ് അല്ലല്ലോ!! ശരിക്കും പള്‍വിസ് ചിരട്ട !!

രണ്ടും പച്ചപ്പൊടികള്‍! എന്നാല്‍പള്‍വിസ് ചിരട്ട നിരുപ്ദ്രവിയായ ഒരു ബിറ്റര്‍ ആണ്. ദഹനം കൂട്ടുവാനുള്ള ഒരു മരുന്ന് .അതുകൊടുത്താല്‍ ഒരു ജന്തുവും ചാകുകയില്ല .

അപ്പോള്‍ എങ്ങിനെ ആടു ചത്തു? ആടുമാത്രമല്ല പട്ടിയും !

എന്തോ കളിപ്പീരുപരിപാടിയാണല്ലോ .

ഞാന്‍ ആ പൊതിയുമായി അയല്‍ക്കാരനായ താഴത്തേല്‍ ബേബിച്ചേട്ടനെ കണ്ട് കാര്യം എല്ലാം പറഞ്ഞു. ബേബിച്ചേട്ടന്‍ അപ്പോഴാണു കാര്യങ്ങള്‍ അറിയുന്നത്.

“ഡോക്ടറു സമാധാനമായിട്ടു പൊക്കോ. നാളെ അവന്‍ വരുമെന്നല്ലേ പറഞ്ഞത് ഞാന്‍ വേണ്ടത് ചെയ്തോളാം.”

ഞാന്‍ തിരിച്ച് ഓഫീസിലെത്തി .എന്നേക്കാത്ത് ഒറ്റപ്ലാക്കല്‍ കുട്ടായിയും രണ്ടനിയന്മാരും നില്‍പ്പുണ്ട്. ആശുപത്രിയുടെ പുറകിലുള്ള വീടാണു ഒറ്റപ്ലാക്കല്‍.

“ സാറേ, ഇപ്പോഴാ ഞങ്ങള്‍ വിവരം അറിഞ്ഞത് .ഒന്നും പേടിക്കണ്ടാ. ആടു ചത്തെങ്കില്‍ അവനോട് കൊണ്ടുപോയി കുഴിച്ചിടാന്‍ പറ. നാളെ അവന്‍ വന്നു വല്ല വേഷംകെട്ടും കാണിച്ചാല്‍ അവന്‍ നടന്ന് തിരിച്ചുപോകുകേല .ഞങ്ങള്‍ ഇവിടെത്തന്നെ കാണും .”

കരാട്ടേ ബ്ലാക്ക് ബല്‍റ്റുകാരാണു കുട്ടായിയും അനിയനും .എനിക്ക് അല്‍പ്പം സമാധാനം തോന്നി കടനാടുകാര്‍ പ്രശ്നം ഏറ്റെടുത്തിരിക്കുന്നു. മൃഗാശുപത്രി അവരുടെ സ്ഥാപനമാണ്. അവിടുത്തേ പ്രശ്നം നാടിന്റെ പ്രശ്നവുമാണ്.

പിറ്റേന്ന് പറഞ്ഞസമയത്തുതന്നേ അയാള്‍ എത്തി .എന്റെ മുന്നില്‍ കിടന്ന കസേരയില്‍ ചവിട്ടിക്കൊണ്ട് പണത്തിനായി കൈനീട്ടി. അപ്പോഴാണു ഒരു കൈപ്പത്തി അയാളുടെ തോളില്‍ പതിഞ്ഞത് .താഴത്തേല്‍ ബേബിച്ചേട്ടന്‍!

“ കൈയ്യില്‍ ബീഡിവല്ലോം ഉണ്ടോ എടുക്കാന്‍, നീയിങ്ങുവന്നേ .”

ബേബിച്ചേട്ടന്‍ ചോദ്യം കേട്ടപ്പോള്‍ അയാള്‍ ഒന്നു പതറി.

ബേബിച്ചേട്ടന്‍ ബലമായി അയാളേ പുറത്തേക്ക് കൊണ്ടുപോയി .

അപ്പോഴാണു ഞാന്‍ അതുകണ്ടത് . സാമാന്യം നല്ല ഒരാള്‍ക്കൂട്ടം പുറത്തുണ്ട് .

വാഴകാട്ട് കുട്ടിച്ചന്‍,തേക്കുംകാട്ടിലെ ദേവസ്യാച്ചന്‍ പീടികമലയിലെ തോമാച്ചന്‍, പാലമ്പറമ്പിലെ ജോണിഅങ്ങിനെ നിരവധിപേര്‍. കാര്‍ന്നോമ്മാരു പരാജയപ്പെട്ടാല്‍ കാര്യം കൈകാര്യം ചെയ്യാന്‍ ഒറ്റപ്ലാക്കല്‍ കുട്ടായിയുടെ നേതൃത്ത്വത്തില്‍ പിള്ളേരുസെറ്റും ഉണ്ട് .

ബേബിച്ചേട്ടന്‍ എന്തോ ശബ്ദം താഴ്ത്തി പറയുന്നതും

അക്രമിജീവനും കൊണ്ട് ഓടുന്നതുമാണ് പിന്നെ ഞാന്‍ കണ്ടത് .

“ഇനി ഡോക്ടറുപേടിക്കേണ്ട !അവന്‍ ഈ വഴിക്കുപോലും വരികേല.”

നാട്ടുകാര്‍ പലരും പിരിയുന്നതിനുമുന്‍പ് എന്നോട് പറഞ്ഞു .

പിന്നെ കുട്ടായി വന്നു പറഞ്ഞപ്പോഴാണു കാര്യം പിടികിട്ടിയത്.

കടനാട് ആശുപത്രിയില്‍ ഞാന്‍ വരുന്നതിനുമുന്‍പ് വളരെക്കാലം ഉണ്ടായിരുന്നവരെല്ലാം വളരെ സീനിയറായിട്ടുള്ളവരായിരുന്നു.നാട്ടിലെ പ്രമുഖകുടുമ്പങ്ങളില്‍ നിന്നുള്ളവര്‍. കണിയാരകത്തെ ജോയി [ഡോ. കെ. കെ. കുര്യാക്കോസ്]

പുത്തങ്കണ്ടത്തില്‍ മാണിച്ചന്‍ [ഡോ. പി. സി. മാണി.]

കല്ലിടിക്കിലെ ജോഷി [ഡോ. കെ. എസ് .സെബാസ്റ്റ്യന്‍]

കൂട്ടുങ്കല്‍ പാപ്പോയി [ഡോ. കെ .ജെ. ഫിലിപ്പ് ]

ഇങ്ങനെ ഉള്ളവര്‍ ഇരുന്ന കസേരയില്‍ ഒരു മീശമുളക്കാത്ത പയ്യന്‍ വന്നപ്പോള്‍ പലര്‍ക്കും ഒരു തമാശും, കൗതുകവുമാണ് തോന്നിയത് . അങ്ങിനെയാണ് പിഴകിലുള്ള കള്ളുഷാപ്പില്‍ എന്റെ കാര്യം ചര്‍ച്ചക്ക് വന്നത് . പാലക്കാടുള്ള ഒരു തോട്ടത്തില്‍ ഗുണ്ടാപ്പണി ചെയ്യുന്നഒരു പുതിയ കുടിയന്‍ അന്ന് അവിടെ വന്നു. അയാളോട് ആരോ പറഞ്ഞുകൊടുത്തു എനിക്ക് സ്ഥിരജോലി ആയിട്ടില്ല എന്നും ,ഒരു പ്രശ്നമുണ്ടായാല്‍ പണിപോകുമെന്നും. അപ്പോള്‍ അയാളുടെ ഗുണ്ടാമനസ്സില്‍ രൂപമെടുത്തതാണ് ഈ നാടകം!

ഇതെല്ലാം അന്വേഷിച്ച് മനസ്സിലാക്കിയിട്ടണ് ബേബിച്ചേട്ടന്‍ അയാളോട് സംസാരിച്ചത്. “ബേബിച്ചേട്ടന്‍ എന്താ ശരിക്കും പറഞ്ഞത് ?”

എനിക്ക് കൗതുകം അടക്കാന്‍ കഴിഞ്ഞില്ല

“വേറൊന്നുമില്ല, നിനക്ക് ഷാപ്പില്‍ നിന്നുകിട്ടിയ വിവരങ്ങളൊക്കെ എനിക്കറിയാം , അതൊന്നും ശരിയല്ല .പിന്നെ ഒരുകാര്യം പറഞ്ഞേക്കാം. ഡോക്ടറേ പേടിപ്പിക്കാന്‍ നോക്കിയാല്‍ നീ തിരിച്ച് പാലക്കാടിനു പോകുകേല.”

ബേബിച്ചേട്ടന്‍ അങ്ങിനെയാണ്.

ആവശ്യമില്ലാതെ ഒന്നും സംസാരിക്കാറില്ല .

പറഞ്ഞാല്‍ പറഞ്ഞപോലെ ചെയ്യുകയും ചെയ്യും.

എന്റെ ജീവിതത്തില്‍ ഇന്നുവരെ ആ ഗുണ്ടയേ ഞാന്‍ പിന്നീട് കണ്ടിട്ടില്ല.

കടനാട് കള്ളുനാട് പോലെ തന്നെ കനകനാടുമാണന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു.